അടച്ച മദ്യശാലകള്‍ വീണ്ടും തുറക്കാന്‍ നീക്കം
മാനന്തവാടി: ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍ മദ്യശാലകളുടെ പ്രവര്‍ത്തനം തടഞ്ഞു കൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ അടച്ചു പൂട്ടിയ കൈനാട്ടി- മാനന്തവാടി- ബോയ്‌സ്ടൗണ്‍ സംസ്ഥാന പാതയിലെ മദ്യഷാപ്പുകള്‍ വീണ്ടും തുറക്കാനുള്ള നീക്കം സജീവമായി.
സംസ്ഥാന പാതയായി പൊതുമരാമത്ത് വകുപ്പ് അറിയിച്ചതിനെ തുടര്‍ന്ന് അടച്ചു പൂട്ടിയ പനമരം ബിവറേജസ് വിദേശമദ്യശാല, പനമരത്തെയും പായോട്ടെയും മദ്യ ശാലകള്‍ എന്നിവയാണ് വീണ്ടും പഴയ സ്ഥലത്ത് തന്നെ തുറക്കാനുള്ള നീക്കം നടക്കുന്നത്. നേരത്തെ സംസ്ഥാനപാതയായി പറയപ്പെട്ടിരുന്ന ഈ റോഡ് ഗസറ്റ് വിജ്ഞാപനത്തിലുള്‍പ്പെട്ടിട്ടില്ല എന്ന വിവരം വിവരാവകാശ നിയമം പ്രകാരം ലഭിച്ചതിനെ തുടര്‍ന്ന് മാനന്തവാടി ടൗണില്‍ തലശ്ശേരി റോഡില്‍ മാര്‍ച്ച് 31ന് അടച്ചു പൂട്ടിയ രണ്ട് സ്വകാര്യ ബിയര്‍ വൈന്‍ പാര്‍ലറുകള്‍ വീണ്ടും കഴിഞ്ഞ ദിവസം തുറന്നിരുന്നു.
ഇതേ മാനദണ്ഡ പ്രകാരമാണ് മറ്റു മദ്യശാലകളും തുറക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. പൊതുമരാമത്ത്, എക്‌സൈസ് വകുപ്പുകള്‍ തമ്മിലുള്ള ഒത്തുകളിയാണ് ഇതിന് പിന്നിലെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ബിയര്‍ പാര്‍ലറുകള്‍ സ്ഥിതി ചെയ്യുന്ന തലശ്ശേരി റോഡ് സംസ്ഥാന ഹൈവേയില്‍ പെടാത്തതിനാലാണ് പാര്‍ലര്‍ തുറക്കാന്‍ അനുമതി ലഭിച്ചതെന്നാണ് ഉടമകളുടെ വാദം. എന്നാല്‍ പൊതുമരാമത്ത് വകുപ്പ് ജില്ലയിലെ സംസ്ഥാനപാതകളുടെ ലിസ്റ്റ് തയ്യാറാക്കിയപ്പോള്‍ കൈനാട്ടിയില്‍ നിന്നും ആരംഭിച്ച് പനമരം, നാലാംമൈല്‍, മാനന്തവാടി, തലപ്പുഴ, ബോയ്‌സ് ടൗണ്‍ വരെയുള്ള റോഡ് സംസ്ഥാന പാതയായിട്ടാണ് കാണിച്ചത്.
സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും ഗൂഗിള്‍ മാപ്പിലും ഈ റോഡിനെ സംസ്ഥാന പാതയായാണ് ഇപ്പോഴും രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പനമരത്തെ വിദേശമദ്യശാല, പനമരം കള്ള് ഷാപ്പ്, പായോട് കള്ള് ഷാപ്പ്, മാനന്തവാടിയിലെ ബിയര്‍ പാര്‍ലറുകള്‍ എന്നിവയെല്ലാം മാര്‍ച്ച് 31ന് തന്നെ അടച്ചത്. എന്നാല്‍ കണ്ണൂര്‍, തലശ്ശേരി ബാവലി റോഡ് സംസ്ഥാന പാത 59 ആയി പദ്ധതി സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും ഗസറ്റ് വിജ്ഞാപനം ഇതുവരെയായി പുറത്തിറങ്ങിയിട്ടില്ലെന്നാണ് പാര്‍ലര്‍ ഉടമകള്‍ നല്‍കിയ വിവരാവകാശത്തിന് പൊതുമരാമത്ത് വകുപ്പ് റോഡുകളും പാലങ്ങളും ചീഫ് എന്‍ജിനിയര്‍ ഓഫിസില്‍ നിന്ന് ലഭിച്ച മറുപടി. ഈ മറുപടിയുടെ അടിസ്ഥാനത്തിലാണ് അടച്ച പാര്‍ലറുകള്‍ തുറന്നത്.
എസ്.എച്ച്. 59 ആയി നിര്‍ദ്ദേശിച്ചിരിക്കുന്ന ഹൈവേയില്‍ ജില്ലയിലെ ബോയ്‌സ് ടൗണ്‍ മുതല്‍ മാനന്തവാടി-പനമരം വഴി കൈനാട്ടി വരെയുള്ള റോഡ് നിലവില്‍ കേരള ഹൈവേ പ്രൊട്ടക്ഷന്‍ ആക്ട് 2000 പ്രകാരം കേരള ഗവണ്‍മെന്റ് മേജര്‍ ജില്ലാ റോഡായാണ് തരംതിരിച്ചിരിക്കുന്നതെന്നാണ് വിവരാവകാശ മറുപടിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഈ മറുപടി എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയാണ് ബിയര്‍, വൈന്‍ പാര്‍ലറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നേടിയിരുന്നത്. ഇതേരീതിയില്‍ തന്നെ വിദേശമദ്യശാലയും മറ്റു കള്ളുഷാപ്പുകളും തുറക്കാനാണ് ശ്രമങ്ങള്‍ നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."