ചെല്ലാനം തീരത്ത് കൊഴുവ ചാകര
പള്ളുരുത്തി: ചെല്ലാനം തീരത്ത് കൊഴുവ ചാകര. ഇവിടെ നിന്നും പോയ നൂറുകണക്കിന് വള്ളങ്ങള്‍ക്കാണ് കൊഴുവലഭിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ മുതലാണ് വള്ളങ്ങള്‍ തീരം വിട്ടത്. ആദ്യ വലക്കുതന്നെ കൊഴുവ തിങ്ങിനിറഞ്ഞതോടെ തീരത്ത് നിന്നും കൂടുതല്‍ വള്ളങ്ങള്‍ കടലിലേക്ക് ഇറങ്ങി.
ചെല്ലാനം ഹാര്‍ബറിനു പുറത്തെ പുറംകടലിലും ചേര്‍ത്തല,അന്ധകാരനഴിക്കു പുറത്തുമാണ് കൊഴുവ കൂടുതലായും ലഭിച്ചത്. പ്രതീക്ഷിക്കാതെ കൊഴുവ ലഭിച്ചതോടെ വിവിധ ഇടങ്ങളില്‍ നിന്നുമുള്ള മത്സ്യവ്യാപാരികള്‍ ഇവിടേക്കെത്തി.
ഇരുപതു പേരടങ്ങിയ വള്ളത്തിന് 50,000 മുതലും, 60 തൊഴിലാളികള്‍ അടങ്ങിയ വലിയ വള്ളത്തിന് ലക്ഷങ്ങളുടെ ചരക്കും ലഭിച്ചു. അമ്പത് കിലോ തൂക്കം വരുന്ന ഒരുകുട്ട കൊഴുവക്ക് 1500 മുതല്‍ 1800 വരെ വില ലഭിച്ചതായി തൊഴിലാളികള്‍ പറഞ്ഞു. ഉച്ചയോടു കൂടി മുഴുവന്‍ വള്ളങ്ങളും തീരത്തെത്തി.
ഉച്ചയ്ക്കു ശേഷം വീണ്ടും വള്ളങ്ങള്‍ ചാകര തേടി കടലിലേക്കിറങ്ങി. കനത്ത മഴയെ തുടര്‍ന്ന് കടല്‍ ഇളകിയ ശേഷം വെയില്‍ തെളിഞ്ഞതോടെയാണ് ചാകര പ്രത്യക്ഷമായത്. തീരത്ത് വറുതി നിലനില്‍ക്കെ ചാകര ലഭിച്ചത് മത്സ്യതൊഴിലാളികള്‍ക്കും ആശ്വാസമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."