അകത്ത് വിഷപ്പാമ്പ്, പുറത്ത് മാലിന്യം: അങ്കണവാടിയിലെ കുരുന്നുകള്‍ ഭീതിയില്‍
മട്ടാഞ്ചേരി: നഗരസഭ മൂന്നാം ഡിവിഷനിലെ ഈരവേലി ചിറപ്പുറം വാട്ടര്‍ ടാങ്കിന് സമീപത്തെ അങ്കണവാടിയിലെ കുരുന്നുകളാണ് ഭീതിയില്‍ കഴിയുന്നത്. അങ്കണവാടിയുടെ സമീപത്ത് മാലിന്യങ്ങള്‍ കുന്ന്കൂടി കാട് പിടിച്ച് കിടക്കുകയാണ്. സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലും മാലിന്യം കുമിഞ്ഞ് കൂടിയിരിക്കുകയാണ്. ഇവിടത്തെ കാന വൃത്തിയാക്കാത്തതിനാല്‍ മാലിന്യം തിങ്ങി ഇവിടെ ഇഴ ജന്തുക്കള്‍ താവളമാക്കിയിരിക്കുകയാണ്. ഇന്നലെ രാവിലെ അങ്കണവാടി തുറക്കാന്‍ എത്തിയ ഹെല്‍പ്പറാണ് ഇവിടത്തെ ഫാനിന് സമീപം വിഷപ്പാമ്പ് ഇരിക്കുന്നത് കണ്ടത്. പേടിച്ച് വിറച്ച ഇവര്‍ പുറത്തക്കിറങ്ങി നിലവിളിച്ചതിനെ തുടര്‍ന്ന് ഓടിയെത്തിയ നാട്ടുകാരാണ് പാമ്പിനെ തല്ലി കൊന്നത്.
മാലിന്യത്തിന്റെ ദുര്‍ഗന്ധം മൂലം അങ്കണവാടിയില്‍ ഇരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. മാലിന്യം നീക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പല തവണ ബന്ധപ്പെട്ടവരെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ലന്നാണ് പരാതി. ഇപ്പോള്‍ ഇവിടെ പാമ്പിനെ കൂടി കണ്ടതോടെ രക്ഷിതാക്കളും ഭീതിയിലാണ്.
വഴിയില്‍ കണ്ട പാമ്പിന് കുഞ്ഞിനെ കഴിഞ്ഞ ദിവസം നാട്ടുകാര്‍ കൊന്നിരുന്നു. വഴിയിലൂടെ നടക്കാന്‍ പോലും ഭീതിയിലാണ് ഇപ്പോള്‍ നാട്ടുകാര്‍. അടിയന്തിരമായി ഇവിടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന ആവശ്യമാണ് നാട്ടുകാര്‍ ഉന്നയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."