പൊക്കുപാലം തകരാര്‍ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ചുള്ള സമരം; മനുഷ്യാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
കോട്ടയം: പടിഞ്ഞാറന്‍ മേഖലയിലെ ജലപാതക്ക് കുറുകെയുള്ള പൊക്കുപാലത്തിന്റെ തകരാര്‍ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് സ്ത്രീകളും കുട്ടികളും അടക്കമുള്ള സംഘം ദേശീയ ജലപാത മൂന്നുമണിക്കോറോളം ഉപരോധിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ റിപോര്‍ട്ട് ആവശ്യപ്പെട്ടു.
ഇന്‍ലാന്‍ഡ് നാവിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, കോട്ടയം ഡിവൈ.എസ്.പി എന്നിവരോടാണ് കോട്ടയത്ത് നടത്തിയ സിറ്റിങ്ങില്‍ കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ റിപോര്‍ട്ട് തേടിയത്. കഴിഞ്ഞ ഏപ്രില്‍ 10നാണ് കോട്ടയം ചുങ്കത്തുമുപ്പതില്‍ പൊക്കുപാലത്തിന്റെ തകരാര്‍ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് സ്ത്രീകളും കുട്ടികളമടങ്ങുന്ന നാട്ടുകാര്‍ കോട്ടയം- ആലപ്പുഴ ദേശീയ ജലപാത ഉപരോധിച്ചത്. ഇതെത്തുടര്‍ന്ന് മൂന്നു ബോട്ടുകളിലെ കുട്ടികളും വിദേശികളും ഉള്‍പ്പടെയുള്ള 70 ഓളം യാത്രക്കാര്‍ ജലപാതയില്‍ കുടുങ്ങിയിരുന്നു.
രാവിലെ 10.30ന് ആരംഭിച്ച ഉപരോധം ഉച്ചയ്ക്ക് രണ്ടരയോടെ എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എത്തി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ്് അവസാനിപ്പിച്ചത്. ബോട്ട് സര്‍വിസിനായി ഉയര്‍ത്തുന്ന പാലം യന്ത്രത്തകരാര്‍ മൂലം താഴ്ത്താനാവാതെ മാസങ്ങളായി തകരാറിലായിരുന്നു. ബോട്ട് പോവുന്നതിനായി പാലം ഉയര്‍ത്തിയാല്‍ മൂന്നുനാലുപേര്‍ ചേര്‍ന്ന് ശക്തിയായി വലിച്ചെങ്കില്‍ മാത്രമേ താഴ്ത്താനാവൂ. 350 ലേറെ കുടുംബങ്ങള്‍ ദിവസേന കടന്നുപോവുന്ന പാലത്തിന്റെ തകരാര്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിരവധി പരാതി നല്‍കിയിട്ടും ഫലമുണ്ടാവാത്ത സാഹചര്യത്തിലാണ് നാട്ടുകാര്‍ ഉപരോധ സമരത്തിനിറങ്ങിയത്്.
എന്നാല്‍ ഉപരോധ സമരം നിയന്ത്രിക്കാനെത്തിയ പൊലിസ് ബോട്ടിലെ യാത്രക്കാരുടെ അസൗകര്യം പരിഹരിക്കുന്നതിന് ് പകരം സമരക്കാര്‍ക്ക് അനുകൂലമായി നിലപാടെടുത്തുവെന്നാണ് ആക്ഷേപം. ഈ സാഹചര്യത്തിലാണ് കോട്ടയം ഡിവൈ.എസ്.പിയോട് റിപോര്‍ട്ട് തേടിയത്. കടുത്തുരുത്തിയില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഡിഇഒ ഓഫിസില്‍ പ്രാഥമികാവശ്യം നിറവേറ്റുന്നതിന് സൗകര്യങ്ങളില്ലെന്ന് കാണിച്ച് വനിതാ ജീവനക്കാരികള്‍ നല്‍കിയ പരാതിയും കമ്മീഷന്‍ സ്വീകരിച്ചു. ഇതുസംബന്ധിച്ച് ഡി.പി.ഐ നല്‍കിയ റിപോര്‍ട്ടില്‍ പരാതി വസ്തുതാപരമാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഇവര്‍ക്ക് സിവില്‍ സ്റ്റേഷനിലും മറ്റൊരു വാടക കെട്ടിടത്തിലും സൗകര്യം നല്‍കിയെങ്കിലും ഇത് അപര്യാപ്തമാണെന്നാണ് ജീവനക്കാരികളുടെ നിലപാട്.
ഈ സാഹചര്യത്തില്‍ വാടക കെട്ടിടത്തിലോ സിവില്‍ സ്‌റ്റേഷനിലോ ശൗചാലയത്തിന് സംവിധാനമുണ്ടാക്കുന്നതിന് നടപടി സ്വീകരിക്കാന്‍ കമ്മീഷന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. വൈക്കം നഗരസഭയിലെ മാലിന്യപ്രശ്‌നം സംബന്ധിച്ച പരാതി ശരിവച്ച് ഡി.എം.ഒ കമ്മിഷന് റിപോര്‍ട്ട് സമര്‍പ്പിച്ചു. നഗരമാലിന്യങ്ങള്‍ മഴക്കാലത്ത് കായലിലേക്ക് ഒലിച്ചിറങ്ങുകയാണ്. ഇക്കാര്യത്തില്‍ ഉചിതമായ നടപടി വേണമെന്നും റിപോര്‍ട്ടില്‍ പറയുന്നു. കോട്ടയം താലൂക്കില്‍ മിശ്രവിവാഹിതരുടെ മകള്‍ക്ക് ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ലെന്ന പരാതിയില്‍ കമ്മിഷന്‍ തഹസില്‍ദാറോട് റിപോര്‍ട്ട് ആവശ്യപ്പെട്ടു. നിലവിലെ നിയമപ്രകാരം ക്രിമിലെയര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനാവില്ലെന്നാണ് താലൂക്കില്‍നിന്ന് അറിയിച്ചതെന്ന് പരാതിയില്‍ പറയുന്നു.
സര്‍ട്ടിഫിക്കറ്റ് വേണമെങ്കില്‍ വീണ്ടും മതപരിവര്‍ത്തനം നടത്തണമെന്നും താലൂക്കില്‍നിന്ന് നിര്‍ദേശിച്ചതായി പരാതിയില്‍ ആരോപിക്കുന്നു. 11 പുതിയ പരാതികള്‍ അടക്കം 59 പരാതികളാണ് കമ്മീഷന്റെ പരിഗണനയ്ക്ക് വന്നത്. ഇതില്‍ 15 പരാതികള്‍ തീര്‍പ്പാക്കി. പോലിസിനെതിരേയാണ് കൂടുതല്‍ പരാതികള്‍ ലഭിച്ചിരിക്കുന്നത്. വഴിപ്രശ്‌നവുമായി ബന്ധപ്പെട്ട് എട്ട് പരാതികളും പാറമടകള്‍ക്കും ക്രഷറുകള്‍ക്കുമെതിരേ നിരവധി പരാതികളും ലഭിച്ചതായി കമ്മിഷന്‍ അംഗം കെ മോഹന്‍കുമാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."