കാവാലം നാരായണപ്പണിക്കര്‍ അനുസ്മരണം
കുട്ടനാട് : കാവാലം നാരായണപ്പണിക്കരുടെ സമരണകള്‍ അയവിറക്കി ചാലയില്‍ തറവാട്ടുമുറ്റത്തെ മാമ്പഴച്ചോട്ടിലെ പാട്ടുവട്ടത്തില്‍ താളം പിടിച്ച് കിച്ചു ആര്യാടും പുന്നപ്ര ജ്യോതികുമാറും. വരികള്‍ ഏറ്റുപാടി കുരുന്നുകൂട്ടം. കാവാലം കവിതകള്‍ക്കൊപ്പം പുന്നപ്ര ജ്യോതികുമാര്‍ രചിച്ച് കാവാലം സജീവ് ചിട്ടപ്പെടുത്തിയ പാട്ട് ആചാര്യന് പ്രണാമമായി.
കാവാലം നാരായണപ്പണിക്കര്‍ രൂപം കൊടുത്ത കുരുന്നുകൂട്ടത്തിന്റെ പന്ത്രണ്ടാമത് വേനല്‍ക്കാല ശില്‍പശാലയുടെ കളംപിരിയല്‍ ചടങ്ങായിരുന്നു വേദി. കാവാലം അരങ്ങൊഴിഞ്ഞ ശേഷമുള്ള ആദ്യ അവധിക്കാലകളരിയില്‍ വെള്ളപ്പട്ട് പുതപ്പിച്ച് ഒഴിഞ്ഞ കസേര ആ സ്മരണയ്ക്കായി നീക്കി വച്ചു. അതിന് മുന്നിലായിരുന്നു കളംപിരിയല്‍. സമാപന സമ്മേളനം പ്രശസ്ത തിരക്കഥാകൃത്ത് ജോണ്‍പോള്‍ ഉദ്ഘാടനം ചെയ്തു.
കാവാലം പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ രമേശ് അധ്യക്ഷത വഹിച്ചു. ചാലയില്‍ വേലായുധപ്പണിക്കര്‍, നാടകകൃത്ത് ടി.എം ഏബ്രഹാം, തൃക്കരിപ്പൂര്‍ ഫോക് ലാന്‍ഡ് ഡയറക്ടര്‍ ജയരാജ്, വിശ്വനാഥന്‍ നായര്‍, കെ.എ ലത്തീഫ്, ഹരികുമാര്‍ വാലേത്ത്, സോപാനം സെക്രട്ടറി കല്യാണി കൃഷ്ണന്‍, കെ. സജിമോന്‍, ജി.ഹരികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കാവാലം അംബരന്‍ നാടന്‍ പാട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് കുട്ടികളുടെ നാടകം, നൃത്തശില്പം തുടങ്ങിയ കലാപരിപാടികള്‍ അരങ്ങേറി. തിരുവനന്തപുരം സോപാനം, കാവാലം പഞ്ചായത്ത്, കാവാലം സൂര്യ യുവജനക്ഷേമ കേന്ദ്രം, കടുന്തുടി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് കുരുന്നുകൂട്ടം സംഘടിപ്പിച്ചത്. ഇത്തവണ വിവിധ ജില്ലകളില്‍ നിന്നായി 140 കുട്ടികളാണ് പങ്കെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."