നൂല് കിട്ടാനില്ല; കൈത്തറി യൂനിഫോം തുണി നിര്‍മാണം പ്രതിസന്ധിയില്‍
പറവൂര്‍: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള കൈത്തറി യൂനിഫോം തുണി നെയ്ത്ത് സ്തംഭിച്ചു. നൂലു കിട്ടാത്തതാണ് പുതിയ പ്രതിസന്ധി. നൂലില്ലാത്തതിനാല്‍ ഈ മേഖലയിലുള്ള തൊഴിലാളികള്‍ക്കു കഴിഞ്ഞ ഒരു മാസമായി ജോലിയില്ല. സ്‌ക്കൂള്‍ തുറന്ന അവസരത്തില്‍ റെക്കോഡ് വേഗത്തിലാണ് കൈത്തറി യൂണിഫോം തുണിത്തരങ്ങള്‍ ഉല്‍പാദിപ്പിച്ചത്. എന്നാല്‍ ഇതിനായി പ്രത്യേക യൂനിറ്റുകളും മറ്റും തയാറാക്കിയ കൈത്തറി സംഘങ്ങള്‍ ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.
നൂലു വാങ്ങിയ ഇനത്തില്‍ കമ്പനികള്‍ക്കു സര്‍ക്കാര്‍ 65 കോടിയോളം രൂപ നല്‍കാനുണ്ട്. അതിനാല്‍ ഇപ്പോള്‍ കമ്പനികള്‍ നൂല്‍ നല്‍കുന്നില്ല. ഇതാണ് ജീവന്‍വച്ച കൈത്തറി മേഖലയ്ക്ക് വീണ്ടും തിരിച്ചടിയായത്.
കൈത്തറി മേഖലയെ സംരക്ഷിയ്ക്കുക്കുന്നതിനായാണ് സര്‍ക്കാര്‍ കൈത്തറി യൂനിഫോ പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നു കൈത്തറി സംഘങ്ങള്‍ ആയിരക്കണക്കിന് രൂപ ചെലവു ചെയ്താണ് തറികളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയത്. പറവൂരിലെ ഒരു സംഘം 28 തൊഴിലാളികളുള്ള ഒരു പ്രത്യേക യൂനിറ്റുതന്നെ യൂണിഫോം തുണികള്‍ നിര്‍മിയ്ക്കുന്നതിനായി രൂപീകരിച്ചു.
പോയവര്‍ഷം എല്ലാ തൊഴിലാളികള്‍ക്കും തൊഴില്‍ കിട്ടി. തരക്കേടില്ലാത്തവരുമാനവും ലഭിച്ചു. നാശോന്മുഖമായിരുന്ന കൈത്തറിയ്ക്കു പുതുജീവന്‍ ലഭിയ്ക്കുന്നുവെന്ന തോന്നലുണ്ടായപ്പോഴാണ് അപ്രതിക്ഷിതമായി നൂല്‍ ക്ഷാമം ഇരുട്ടടിയായത്.
നാഷണല്‍ ഹാന്റ്‌ലൂം ഡവലപ്‌മെന്റ് കോര്‍പറേഷനാണ് കമ്പനികളില്‍ നിന്നും നൂലു വാങ്ങി ജില്ല സഹകരണ സൊസൈറ്റി വഴി പ്രാഥമിക നെയ്ത്തു തൊഴിലാളി സംഘങ്ങള്‍ക്ക് നൂലു നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."