ചെമ്പറക്കിയിലെ യുവതിയുടെ കൊലപാതകം; പ്രതി പിടിയിലായതായി സൂചന
പെരുമ്പാവൂര്‍: ചെമ്പറക്കിയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രതി പിടിയിലായതായി സൂചന. തിങ്കളാഴ്ച രാവിലെയാണ് 35നും 40നും ഇടയില്‍ പ്രായം തോന്നിക്കുന്ന പെരുമ്പാവൂരും പരിസര പ്രദേശത്തും ആക്രി പറുക്കി ഉപജീവനം നടത്തിയിരുന്ന യുവതിയുടെ ഒരാഴ്ച പഴകിയ മൃതദേഹം ചെമ്പറക്കി എം. ഇ.എസ് സ്‌കൂള്‍ ഗ്രൗണ്ടിന് സമീപം കണ്ടെത്തിയത്. മൃതദേഹത്തിന്റെ കൈത്തണ്ടയില്‍ സൂരജ് ബിന്ദു എന്ന് പച്ചകുത്തിയിരുന്നു. മൃതദേഹം കണ്ടതിന്റെ സമീപത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്ന ഒരു വാടക വീട്ടില്‍ മൃതദേഹം കിടന്നിരുന്നതായും വിവിധ പ്ലാസ്റ്റിക് കവറുകളിലും മറ്റും രക്തക്കറയും അഴുകിയ മൃതദേഹം വലിച്ചിഴച്ച പാടുകളും പൊലിസിന്റെ അന്വേഷണത്തില്‍ കണ്ടെത്തി.
മൃതദേഹത്തിന്റെ നട്ടെല്ലിന്റെ ഇടതുഭാഗത്തായി ആഴത്തിലുള്ള മുറിവും തലയിലെ പിന്‍ഭാഗത്ത് അടികൊണ്ട ചതഞ്ഞ പാടുകളുമുണ്ടായിരുന്നു. സംഭവത്തിന്റെ അടിസ്ഥാനത്തില്‍ വാടക വീട്ടില്‍ ഒരു മാസം മുമ്പ് താമസമാക്കിയിരുന്ന മൂന്നാര്‍ മറയുര്‍ സ്വദേശി ബാബു (50) നെ പൊലിസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന. ഇയാളും ആക്രി പെറുക്കി ജീവിച്ചിരുന്നയാളാണ്. ഒരു മാസം മുമ്പാണ് ഇയാള്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപത്തേക്ക് താമസം മാറിയത്.
ഇതേ സമയം മരിച്ച യുവതിയുടെ കൂടെ സ്ഥിരം നടക്കുന്നയാളുകളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഇവര്‍ക്കും യുവതിയുടെ പൂര്‍ണ മേല്‍വിലാസം നല്‍കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ രണ്ട് ദിവസമായി പെരുമ്പാവൂര്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ പകലും രാത്രിയിലും പെരുമ്പാവുര്‍, ആലുവ ഭാഗങ്ങളില്‍ പ്രതി സ്ഥിരം പോകുന്ന സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്തിയതിനൊടുവിലാണ് ഇന്നലെ പുലര്‍ച്ചെ പ്രതിയെ കസ്റ്റഡിയിലെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."