രാഹുല്‍...ഇങ്ങോട്ടു വരുമോ ?
ബംഗളൂരു: ഉത്തര്‍പ്രദേശിലെ അമേത്തിക്കുപുറമെ ദക്ഷിണേന്ത്യയില്‍ നിന്നുകൂടി രാഹുല്‍ ഗാന്ധി മത്സരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
കര്‍ണാടകയില്‍ നിന്നോ തമിഴ്നാട്ടില്‍ നിന്നോ രാഹുല്‍ ഗാന്ധി മത്സരിക്കണമെന്നാണ് ഈ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെടുന്നത്.
കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ദിനേശ് ഗുണ്ടുറാവു എന്നിവര്‍ രാഹുല്‍ ഗാന്ധി കര്‍ണാടകയിലെ ഏതെങ്കിലും ഒരു സീറ്റില്‍നിന്ന് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. 1999ല്‍ കര്‍ണാടകയിലെ ബെല്ലാരിയില്‍നിന്ന് സോണിയ ഗാന്ധി മത്സരിച്ചിരുന്ന കാര്യം ഓര്‍മിപ്പിച്ചാണ് രാഹുലിനെയും സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ മത്സരിക്കാന്‍ ക്ഷണിക്കുന്നത്. അടിയന്തരാവസ്ഥയ്ക്കുശേഷം കര്‍ണാടകയിലെ ചിക്മംഗളൂരുവില്‍നിന്ന് ഇന്ദിര ഗാന്ധി മത്സരിച്ചിരുന്നുവെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
അതിനിടയില്‍ രാഹുലിനായി സീറ്റ് നീക്കിവയ്ക്കാന്‍ തയാറാണെന്ന് തമിഴ്നാട് കോണ്‍ഗ്രസ് നേതൃത്വവും അറിയിച്ചിട്ടുണ്ട്. മോദി സര്‍ക്കാര്‍ രാജ്യത്തെ ഉത്തരേന്ത്യ, ദക്ഷിണേന്ത്യ എന്നിങ്ങനെ വിഭജിച്ചിട്ടുണ്ട്.
ഇതു മാറ്റിയെടുക്കാന്‍ ഹിന്ദി മേഖലയില്‍നിന്നു മാറി ദക്ഷിണേന്ത്യയിലേക്ക് മത്സരിക്കാന്‍ രാഹുല്‍ എത്തിയാല്‍ തമിഴ്നാട്ടില്‍ സീറ്റ് നീക്കിവയ്ക്കാന്‍ തയാറാണെന്ന് തമിഴ്നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ.എസ് അഴഗിരി അറിയിച്ചു.
ഇക്കാര്യം തമിഴ്നാട് സന്ദര്‍ശനത്തിനിടയില്‍ രാഹുലിനെ അറിയിച്ചതായും അഴഗിരി പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും അംഗീകരിക്കുന്ന നേതാവാണ് രാഹുല്‍. ഈ സാഹചര്യത്തില്‍ തങ്ങളുടെ ആവശ്യം അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തമിഴ്നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."