താലിബാനുമായുള്ള ചര്‍ച്ചയുടെ പേരില്‍ അമേരിക്കയുമായി ഉടക്കി അഫ്ഗാന്
കാബൂള്‍: ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍വച്ച് താലിബാനുമായി സമാധാന ചര്‍ച്ച നടത്തിയ അമേരിക്കയുടെ നടപടിയിലുള്ള എതിര്‍പ്പ് പരസ്യമാക്കി അഫ്ഗാന് ഭരണകൂടം. തങ്ങളെ മാറ്റിനിര്‍ത്തി സമാധാനചര്ച്ചയുമായി മുന്നോട്ടുപോയ അമേരിക്കയുടെ നടപടിയോട് തുടക്കം മുതലേ അഫ്ഗാന് യോജിപ്പുണ്ടായിരുന്നില്ല. ഇതിനു പിന്നാലെ അഫ്ഗാന് പ്രസിഡന്റ് അഷ്റഫ് ഗനിയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഹംദുല്ലാ മുഹിബ്ബ് ആണ് എതിര്‍പ്പറിയിച്ചത്.
അമേരിക്കയിലെത്തിയ അദ്ദേഹം വാഷിങ്ടണില്‍ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു. ചര്‍ച്ചയില്‍ അമേരിക്കയെ പ്രതിനിധീകരിച്ച അഫ്ഗാന് വിഷയത്തിലുള്ള പ്രത്യേക ദൂതന് സല്‍മയ് ഖാലിസാദിനോടുള്ള വിയോജിപ്പും അദ്ദേഹം പ്രകടിപ്പിച്ചു. നേരത്തെ താലിബാനുമായുള്ള ചര്‍ച്ചയെ പരസ്യമായി വിമര്‍ശിച്ചതിന് മുഹിബ്ബിനെ അമേരിക്കന്‍ രാഷ്ട്രീയകാര്യ അണ്ടര്‍ സെക്രട്ടറി ഡേവിഡ് ഹാലെ വിളിപ്പിച്ചിരുന്നു. കഴിഞ്ഞവര്‍ഷം ദോഹയില്‍വച്ച് നടന്ന സമാധാനചര്‍ച്ചയുടെ രണ്ടാംഘട്ടം കഴിഞ്ഞമാസം തുടങ്ങി ചൊവ്വാഴ്ചയാണ് സമാപിച്ചത്. രണ്ടാംഘട്ട ചര്‍ച്ച യാതൊരു ഉടമ്പടിയുമില്ലാതെയാണ് പിരിഞ്ഞതെങ്കിലും അനുകൂല പുരോഗതിയുണ്ടായതായി വിലയിരുത്തലുണ്ട്. ഈ സാഹചര്യത്തിലാണ് തങ്ങളെ മാറ്റിനിര്‍ത്തി അമേരിക്കയും താലിബാനും തമ്മില്‍ നേരിട്ട് നടന്ന ചര്‍ച്ചയെ വിമര്‍ശിച്ച് അഫ്ഗാന് രംഗത്തുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."