അഫ്ഗാനിലെ യുദ്ധക്കുറ്റം അന്വേഷിക്കുന്ന ഐ.സി.സി അംഗങ്ങള്‍ക്ക് അമേരിക്ക പ്രവേശനാനുമതി നിഷേധിച്ചു
വാഷിങ്ടണ്‍: ഒന്നര പതിറ്റാണ്ടിലേറെ നീണ്ട അഫ്ഗാന്‍ അധിനിവേശത്തിനിടെ വിദേശസൈന്യം നടത്തിയ യുദ്ധക്കുറ്റങ്ങള്‍ അന്വേഷിക്കുന്ന ഇന്റര്‍നാഷനല്‍ ക്രിമിനല്‍ കോര്‍ട്ട് (ഐ.സി.സി) അംഗങ്ങള്‍ക്ക് അമേരിക്ക പ്രവേശനം നിഷേധിച്ചു.
ഇവര്‍ക്കുള്ള വിസ അമേരിക്ക തടഞ്ഞുവയ്ക്കുകയായിരുന്നു. ഐ.സി.സി അമേരിക്കയുടെ ആഭ്യന്തര ക്രമസമാധാനത്തെ വെല്ലുവിളിക്കുകയാണെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക് പോപയോ പറഞ്ഞു.
അമേരിക്കയുടെ ഇടപെടല്‍ സംബന്ധിച്ച ഐ.സി.സിയുടെ അന്വേഷണവുമായി സഹകരിക്കില്ലെന്നും അതിന്റെ ഭാഗമായുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു വിസ നല്‍കുന്നതിന് അമേരിക്കയുടെ വിദേശനയം എതിരാണെന്നും അദ്ദേഹം അറിയിച്ചു.
അമേരിക്കയുടെയും സഖ്യകക്ഷികളുടെയും സൈനിക ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരും അതിനു തങ്ങള്‍ക്ക് ഉത്തരവാദിത്വവുമുണ്ട്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഫ്ഗാനില്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള അധിനിവേശ സൈന്യം നടത്തിയ ക്രൂരതകള്‍ സംബന്ധിച്ച് അന്വേഷിക്കാന്‍ തീരുമാനിച്ചതോടെ ഐ.സി.സിയെ വെല്ലുവിളിച്ചു വരികയായിരുന്നു അമേരിക്ക.
ഐ.സി.സിയുമായി സഹകരിക്കില്ലെന്നും അവര്‍ക്ക് യാതൊരു സഹായവും ചെയ്യില്ലെന്നും നേരത്തെ തന്നെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേശകന്‍ ജോണ്‍ ബോള്‍ട്ടണ്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിസാ നിഷേധം.
രാജ്യാന്തരതലത്തിലുള്ള വംശഹത്യകള്‍, യുദ്ധക്കുറ്റങ്ങള്‍, മാനവരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ എന്നിവ അന്വേഷിക്കാനായി 1998ലാണ് ഹേഗ് ആസ്ഥാനമായി ഐ.സി.സി രൂപീകരിച്ചത്.
120 ലോകരാഷ്ട്രങ്ങള്‍ ഇതില്‍ അംഗങ്ങളാണെങ്കിലും അമേരിക്ക, ചൈന, റഷ്യ തുടങ്ങിയ വന്‍ ശക്തികള്‍ ഒപ്പുവച്ചിട്ടില്ല.
2001ല്‍ ന്യൂയോര്‍ക്കിലെ ലോകവ്യാപാര കേന്ദ്രത്തിനു നേര്‍ക്കുണ്ടായ ആക്രമണത്തിനു പിന്നാലെയാണ് അമേരിക്കയും സഖ്യകക്ഷികളും അഫ്ഗാനില്‍ അധിനിവേശം തുടങ്ങിയത്.
ഇക്കാലയളവില്‍ ലക്ഷക്കണക്കിനു പേരാണ് സൈനികനടപടിയില്‍ കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."