ഭക്ഷ്യവസ്തുക്കളിലെ മായം: പരിശോധന കര്‍ശനമാക്കുമെന്ന് വിജിലന്‍സ് കമ്മിറ്റി
പാലക്കാട്: ഭക്ഷ്യവസ്തുക്കളില്‍ അപകടകരമാം വിധം മായം കലരുന്നുണ്ടെന്ന പരാതിയില്‍ മത്സ്യമാര്‍ക്കറ്റുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ ഭക്ഷ്യസുരക്ഷാവകുപ്പ്, ആരോഗ്യവകുപ്പ് എന്നിവര്‍ സംയുക്തമായി പരിശോധന നടത്തുമെന്ന് എ.ഡി.എം ടി വിജയന്‍ അറിയിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വിജിലന്‍സ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
അനധികൃത മണ്ണ് ഖനനം, സര്‍ക്കാര്‍ ഭൂമി കയ്യേറ്റം, അനധികൃതമായി ഭൂമി തരംമാറ്റല്‍ എന്നിവയ്‌ക്കെതിരെയും നടപടിയെടുക്കും. നഗരമധ്യത്തില്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള 20 സെന്റ് സ്ഥലം സ്വകാര്യവ്യക്തികള്‍ ഉപയോഗിക്കുന്നതായി പരാതി ലഭിച്ചു. ജലസേചനവകുപ്പിന്റെ കനാലിനു മുകളില്‍ വകുപ്പിന്റെ അനുമതിയില്ലാതെ കോണ്‍ക്രീറ്റ്്്് ചെയ്താണ് സ്ഥലം ഉപയോഗിക്കുന്നത്. ഇതിനെതിരെ നടപടിയെടുക്കുമെന്ന് യോഗത്തില്‍ ഉറപ്പുനല്‍കി. കമ്മിറ്റിയില്‍ വരുന്ന പരാതികള്‍ പരിഹരിക്കാനുണ്ടാവുന്ന കാലതാമസം കണക്കിലെടുത്ത് ബന്ധപ്പെട്ട വകുപ്പുകള്‍ക്കു കൈമാറാതെ വിജിലന്‍സ് നേരിട്ട് അന്വേഷിച്ചു റിപോര്‍ട്ട് നല്‍കണമെന്ന് യോഗത്തില്‍ പങ്കെടുത്ത ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ യോഗത്തില്‍ ലഭിച്ച എട്ടു പരാതികളടക്കം 16 പരാതികളാണ് യോഗത്തില്‍ പരിഗണിച്ചത്. പാലക്കാട് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡി.വൈ.എസ്.പി കെ.ശശിധരന്‍, വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ കെ.വിജയകുമാര്‍ മറ്റു വിജിലന്‍സ് ഉദ്യോഗസ്ഥര്‍, വകുപ്പുമേധാവികള്‍, ജനപ്രതിനിധികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."