ഗോകുലവും ഐസ്വാളും സൂപ്പര്‍ കപ്പില്‍ നിന്ന് പിന്മാറി; ഡല്‍ഹിയും ചെന്നൈയിനും പ്രീ ക്വാര്‍ട്ടറില്‍
ഭുവനേശ്വര്‍: സൂപ്പര്‍ കപ്പ് യോഗ്യതാ മത്സരങ്ങളില്‍നിന്ന് പിന്മാറ്റം തുടരുന്നു. ആദ്യ മത്സരത്തില്‍ നിന്ന് മിനര്‍വ പഞ്ചാബ് പിന്മാറിയിരുന്നു. പിന്നാലെ ഇന്നലെ നടക്കേണ്ട മത്സരത്തില്‍നിന്ന് ഗോകുലവും ഐസ്വാള്‍ എഫ്.സിയും പിന്മാറി. ഐ ലീഗിന്റെ കാര്യത്തില്‍ തീരുമാനമാകാതെ സൂപ്പര്‍ കപ്പിന് ഇറങ്ങില്ലെന്നായിരുന്നു ഐ ലീഗ് ക്ലബുകളുടെ തീരുമാനം. എന്നാല്‍ ഈ ആവശ്യത്തോട് ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന് പ്രതികരിച്ചിട്ടില്ല. അതേസമയം, സൂപ്പര്‍ കപ്പില്‍നിന്ന് പിന്മാറുമെന്ന് അറിയിച്ച ഈസ്റ്റ് ബംഗാളിന് ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന് നോട്ടിസ് അയച്ചു. സൂപ്പര്‍ ലീഗില്‍ കളിക്കുമോ ഇല്ലയോ എന്നറിയിക്കാന്‍ വേണ്ടിയാണ് ഈസ്റ്റ് ബംഗാളിന് കത്തയച്ചിട്ടുള്ളത്. ഈസ്റ്റ് ബംഗാളിന്റെ ഡയരക്ടര്‍ ബോര്‍ഡിലെ നാല് പേര് സൂപ്പര്‍ കപ്പിനെ അനുകൂലിക്കുന്നവരാണ്. മറ്റു നാലംഗങ്ങള്‍ സൂപ്പര്‍ കപ്പ് ബഹിഷ്ക്കരിക്കാനുള്ള തീരുമാനത്തെ അനുകൂലിക്കുന്നവരുമാണ്. ഈസ്റ്റ് ബംഗാളിലെ അഭിപ്രായ വ്യത്യാസങ്ങളെ മുതലെടുക്കാനാണ് എ.ഐ.എഫ്.എഫ് കത്തയച്ചതെന്ന ആരോപണം ഫുട്ബോള്‍ ആരാധകര്‍ ഉന്നയിക്കുന്നുണ്ട്. മാര്‍ച്ച് 30ന് ഡല്‍ഹി ഡൈനാമോസുമായിട്ടാണ് ഈസ്റ്റ് ബംഗാളിന്റെ മത്സരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."