പഴയകുന്നുമ്മേല്‍ ഗ്രാമപഞ്ചായത്ത്; സി.പി.ഐയുടെ അംഗങ്ങള്‍ക്കെതിരെയാണ് അവിശ്വാസ പ്രമേയത്തിന് നീക്കം
കിളിമാനൂര്‍: പഴയകുന്നുമ്മേല്‍ ഗ്രാമപ്പഞ്ചായത്തില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിഗ് കമ്മിറ്റി ചെയര്‍ പേഴ്‌സനെതിരെയും ക്ഷേമകാര്യ സ്റ്റാന്റിഗ് കമ്മിറ്റി ചെയര്‍പേഴ്‌സനെതിരെയും അവിശ്വാസത്തിന് നോട്ടീസ് നല്‍കാന്‍ സാധ്യത. വി. ധരളിക, യു.എസ്. സുജിത്ത് എന്നിവരാണ് സ്ഥിരം സമിതി അധ്യക്ഷ പദവിയിലിരിക്കുന്നവര്‍. ഇരുവരും സി.പി.ഐ അംഗങ്ങളാണ്. ഗ്രാമപ്പഞ്ചായത്തില്‍ സ്വതന്ത്ര അംഗങ്ങളായി മത്സരിച്ച് വിജയിച്ചു വന്ന വി.ജി.പോറ്റി, എസ്. ജാഫര്‍ എന്നിവരാണ് ഇതിനുള്ള നീക്കം ആരംഭിച്ചിരിക്കുന്നത്. ഇവര്‍ പഞ്ചായത്തില്‍ സ്വതന്ത്ര നിലപാടുകളാണ് ഇപ്പോഴും എടുക്കുന്നത്. പതിനേഴ് അംഗപ്പഞ്ചായത്തില്‍ സി.പി.എമ്മിന് ഒമ്പതും സി.പി.ഐക്കും കോണ്‍ഗ്രസിനും മൂന്നു വീതവും രണ്ടു സ്വാതന്ത്രരുമാണ് നിലവിലുള്ളത്. പഞ്ചായത്തിന്റെ ഭരണത്തിലും ജനതാല്പര്യത്തിനും സി.പി.ഐ പലതരത്തിലും ബുദ്ധി മുട്ടുണ്ടാക്കുന്നതായി ശക്തമായ ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് പ്രമുഖ കക്ഷിയും ഒറ്റക്ക് ഭരിക്കാന്‍ ഭൂരിപക്ഷമുള്ള സി.പി.എമ്മിന്റെ മൗനമായ രഹസ്യ പിന്തുണയോടെ അവിശ്വാസത്തിന് നോട്ടീസ് നല്‍കുന്നതിന് തീരുമാനിച്ചിരിക്കുന്നതെന്നാണ് പുറത്ത് വരുന്ന വിവരം. കോണ്‍ഗ്രസ് അംഗങ്ങളും ഇതിനെ പിന്തുണക്കുമത്രെ.
പഞ്ചായത്തിന്റെ സുഖമമായ നടത്തിപ്പിന് സി.പി.ഐ അംഗങ്ങളുടെ ഭാഗത്തുനിന്നും പലതരത്തിലുള്ള തടസങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സി.പി.എമ്മിന് സി.പി.ഐ തലവേദനയായിട്ടുണ്ട്.
സി.പി.എം ഭരണ സമിതി അംഗങ്ങളില്‍ പലരും സി.പി.ഐയോടുള്ള അസംതൃപ്തി രാഷ്ട്രീയ നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞുവത്രെ. അവിശ്വാസം വന്നാല്‍ സി.പി.എം മൗനം പാലിക്കുകയും കോണ്‍ഗ്രസ് അംഗങ്ങള്‍ പിന്തുണക്കുകയും ചെയ്താല്‍ സി.പി.ഐ വെട്ടിലാകുകയും അവരുടെ കൈയിലുള്ള സ്ഥിരം സമിതി അധ്യക്ഷ പദവികള്‍ നഷ്ടമാവുകയും ചെയ്യും. പഞ്ചായത്തില്‍ ജന സംരക്ഷണ സമിതി എന്ന സംഘടന നിലവിലുണ്ട്. അതിന്റെ പിന്തുണയും ഈ സ്വതന്ത്ര അംഗങ്ങള്‍ക്ക് ലഭിക്കുമെന്നറിയുന്നു. അടുത്ത ദിവസങ്ങളില്‍ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."