സൂപ്പര്‍ കപ്പിന്റെ ഭാവി അവതാളത്തില്‍
ഭുവനേശ്വര്‍: ഇന്ത്യയില്‍ പാരമ്പര്യവും പെരുമയുമുള്ള ഐ ലീഗ്, കൂടാതെ ഗ്ലാമര്‍ പോരാട്ടങ്ങളുള്ള ഐ.എസ്.എല്‍ എന്നിവയെല്ലാം ഉണ്ടായിട്ടും പിന്നെയും എന്തിനാണ് ഒരു സൂപ്പര്‍ കപ്പ് എന്ന കാര്യത്തില്‍ ഇതുവരെയും ആര്‍ക്കും മറുപടിയില്ല. ആദ്യ സീസണില്‍ ഐ.എസ്.എല്‍ ക്ലബായ ബംഗളൂരു എഫ്.സിയായിരുന്നു കപ്പുയര്‍ത്തിയത്. അന്ന് തന്നെ പലരും സൂപ്പര്‍ കപ്പിന്റെ നടത്തിപ്പിനെ വിമര്‍ശിച്ചതാണ്.
രണ്ടാം സീസണ്‍ തുടങ്ങി രണ്ട് ദിവസം ആയപ്പോഴേക്കും മൂന്ന് ടീമുകള്‍ ടൂര്‍ണമെന്റില്‍നിന്ന് പിന്‍മാറി. ഇനിയും ക്ലബുകള്‍ പിന്‍മാറാനിരിക്കുന്നു. ഇതിനെല്ലാം പുറമെ ഇപ്പോഴും പല ചോദ്യങ്ങളും ബാക്കിയാണ്. എന്തിനാണ് സൂപ്പര്‍ കപ്പ് എന്ന പേരില്‍ ഒരു ചാംപ്യന്‍ഷിപ്പ്. സാധാരണ എല്ലായിടത്തും ലീഗിന്റെ സീസണ്‍ കഴിഞ്ഞാല്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കുന്ന കാലമാണ്. ഇന്ത്യയില്‍ രണ്ട് ലീഗുണ്ട്. എന്നിട്ടും മൂന്നാമത് പുതിയൊരു ചാംപ്യന്‍ഷിപ്പ് കൂടി. ആദ്യ സീസണില്‍ സ്റ്റീവ് കോപ്പെല്‍, ജോണ്‍ ഗ്രിഗറി എന്നിവര്‍ ടൂര്‍ണമെന്റിനെതിരേ സംസാരിച്ചിരുന്നു. സീസണിന്റെ അവസാനത്തില്‍ പുതിയൊരു ടൂര്‍ണമെന്റ് എന്നത് നല്ല പ്രവണതയല്ല. അതുകൊണ്ട് ആര്‍ക്കും ഒന്നും നേടാനില്ല. പിന്നെ എന്തിനാണ് ഇത്തരത്തിലൊരു ടൂര്‍ണമെന്റ് എന്നായിരുന്നു കോപ്പല്‍ ഉള്‍പ്പെടെയുള്ള പല വിദേശ കോച്ചുമാരും അഭിപ്രായപ്പെട്ടത്.
ഐ.എസ്.എല്ലും ഐ ലീഗും പൂര്‍ത്തിയായതിന് ശേഷം ക്ലബുകളിലെ മുന്‍നിര താരങ്ങളെല്ലാം വിശ്രമത്തിലും നാട്ടിലുമായിരിക്കും. ഇതു കാരണം കളിക്കാന്‍ താരങ്ങളില്ലാത്തതും പ്രശ്‌നമാണ്. ടൂര്‍ണമെന്റില്‍ പങ്കെടുത്താല്‍ ടീമുകള്‍ക്ക് സാമ്പത്തികമായി കാര്യമായ മെച്ചമൊന്നും ഉണ്ടാകാറുമില്ല. ഇക്കാരണത്താല്‍ വന്‍തുക മുടക്കി ക്ലബിലെത്തിച്ച താരങ്ങള്‍ക്കെല്ലാം വിശ്രമം നല്‍കി റിസര്‍വ് ടീമിനെയോ ചെറിയ ടീമിനേയോ ടൂര്‍ണമെന്റില്‍ പങ്കെടുപ്പിക്കാറാണ് പതിവ്. കടമ നിര്‍വഹിക്കാന്‍ വേണ്ടി പോയി വരവ് മാത്രം നടത്തി താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കാറാണ് ക്ലബുകള്‍ ചെയ്യാറുള്ളത്. ഐ ലീഗും ഐ എസ്.എലും ഒരുമിപ്പിക്കുന്നു എന്ന സംസാരത്തിന് വ്യക്തത തേടി ഐ ലീഗ് ക്ലബുകള്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനെ സമീപിച്ചിട്ട് മാസങ്ങളായി. ഇതുവരെയും ഇതിന് ഒരു പരിഹാരമോ മറുപടിയോ ഫെഡറേഷന്‍ പറഞ്ഞിട്ടില്ല.
ഇത് കണ്ട ഭാവം പോലും നടിച്ചിട്ടില്ല. മത്സരത്തിന്റെ മുന്നോടിയായി മിനര്‍വ പഞ്ചാബ് പത്ര സമ്മേളത്തില്‍നിന്ന് പിന്‍മാറിയപ്പോള്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രതികരിച്ചിരുന്നു. ഇതിന് ശക്തമായ നടപടി നേരിടേണ്ടി വരുമെന്ന്. എന്നാല്‍ രണ്ടാം ദിവസം ഗോകുലവും ഐസ്വാള്‍ എഫ്.സിയും പിന്‍മാറി. എന്ത് നടപടിയായിരിക്കും ടൂര്‍ണമെന്റിന്റെ കാര്യത്തിലും ഐ ലീഗിന്റെ കാര്യത്തിലും ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ എടുക്കുക എന്ന് കാത്തിരുന്ന് കാണേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."