കലാശപ്പോര്: ബംഗളൂരു - ഗോവ ഫൈനല്‍ ഇന്ന്
മുംബൈ: ഐ.എസ്.എല്ലിന്റെ അഞ്ചാം സീസണില്‍ ആര് കപ്പ് ഉയര്‍ത്തുമെന്ന് ഇന്ന് അറിയാം. ബംഗളൂരു എഫ്.സിയും എഫ്.സി ഗോവയും തമ്മിലാണ് കിരീടപ്പോര്. കഴിഞ്ഞ സീസണില്‍ ചെന്നൈയിനോട് തോറ്റ് ചുണ്ടിനും ഭാഗ്യത്തിനുമിടയില്‍നിന്ന് കപ്പ് നഷ്ടപ്പെട്ട ദുഃഖത്തിലാണ് ബംഗളൂരു എത്തുന്നത്. ബംഗളൂരുവിന്റെ ആദ്യ സീസണില്‍ തന്നെ നീലപ്പട ഫൈനലിലെത്തിയിരുന്നു. 2015 ല്‍ ഗോവയും ഫൈനലിലെത്തിരുന്നു.
അന്ന് ചെന്നൈയിനോട് പരാജയപ്പെട്ടാണ് ഗോവയുടെ കിരീട മോഹങ്ങള്‍ കെട്ടുപോയത്. രണ്ട് ടീമും നഷ്ടപ്പെട്ട കിരീടം തേടിയാണ് മുംബൈയിലെ ഫുട്‌ബോള്‍ അറീനയിലെത്തിയിട്ടുള്ളത്. സെമിയില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ പരാജയപ്പെടുത്തിയായിരുന്നു ബംഗളൂരു ഫൈനലില്‍ പ്രവേശിച്ചത്. സെമിയുടെ ആദ്യ പാദത്തില്‍ നോര്‍ത്ത് വിജയിച്ചിരുന്നെങ്കിലും രണ്ടാം പാദത്തില്‍ മൂന്ന് ഗോള്‍ തിരിച്ച് നല്‍കിയായിരുന്നു ബംഗളൂരു ഫൈനലിലേക്ക് നടന്നു കയറിയത്. രണ്ടാം സെമിയില്‍ മുംബൈ സിറ്റിയെ ആധികാരികമായി തന്നെ തകര്‍ത്തായിരുന്നു ഗോവ ഫൈനലിലെത്തിയത്. സെമിയുടെ ആദ്യ പാദത്തില്‍ തന്നെ ഗോവ 5-1 എന്ന സ്‌കോറിനായിരുന്നു മുംബൈയെ തകര്‍ത്തത്. രണ്ടാം പാദസെമിയില്‍ മുംബൈക്ക് പൊരുതിനോക്കാന്‍ പോലുമുള്ള ഊര്‍ജം ഇതോടെ നഷ്ടപ്പെട്ടു. അതി വേഗ ഫുട്‌ബോള്‍ കൊണ്ടായിരുന്നു ഗോവ കൂടുതല്‍ ഗോള്‍ അടിച്ചുകൂട്ടിയത്. അഞ്ചാം സീസണിന്റെ തുടക്കത്തില്‍ ബംഗളൂരു എഫ്.സി മികച്ച പ്രകടനമായിരുന്നു കാഴ്ചവച്ചത്.
എന്നാല്‍ ഇടവേളക്ക് ശേഷം ബംഗളൂരു മികച്ച ഫോമിലായിരുന്നില്ല. പട്ടികയില്‍ ഏറ്റവും അവസാനത്തുണ്ടായിരുന്ന ഡല്‍ഹിയോട് പോലും പരാജയം ഏറ്റുവാങ്ങി. ബ്ലാസ്റ്റേഴ്‌സിനോട് സമനില വഴങ്ങേണ്ടിയും വന്നു. സുനില്‍ ഛേത്രി, മിക്കു എന്നിവര്‍ ഫോമിലുള്ളതിനാല്‍ ബംഗളൂരുവിന്റെ കിരീട നേട്ടങ്ങളെ തള്ളിക്കളയാനാവില്ല. ബംഗളൂരു പരിശീലകന്‍ കാള്‍സ് കൊഡ്രാട്ടിന്റെ അറ്റാക്കിങ് ഫുട്‌ബോളായിരിക്കും ഗോവക്കെതിരേയും കളിക്കുക. ആദ്യം തന്നെ എതിര്‍ ടീമിനെ പ്രതിരോധത്തിലാക്കി എതിര്‍ ബോക്‌സിലേക്ക് ഇരച്ചു കയറി അപകടം വിതക്കുന്ന രീതിയായിരുന്നു ബംഗളൂരു പിന്‍തുടര്‍ന്നിരുന്നത്. എതിര്‍ ടീമായ ഗോവയും ഇതില്‍ പേരു കേട്ട ടീമാണ്. എതിര്‍ ബോക്‌സിലേക്ക് ഇരച്ചെത്തി ആദ്യ പകുതിയില്‍ തന്നെ ഗോള്‍ കണ്ടെത്തി എതിര്‍ ടീമിനെ പ്രതിരോധത്തിലാക്കുക എന്ന തന്ത്രം കൂടിയുണ്ട്. കൂടുതല്‍ ഗോളുകള്‍ നല്‍കി ടീമുകളെ മാനസിക സമ്മര്‍ദത്തിലാക്കി കളി കൈക്കലാക്കുന്ന രീതിയാണ് ഗോവയും പിന്തുടരുന്നത്. രണ്ട് ടീമുകളും അതിവേഗ ഫുട്‌ബോളിന്റെ വക്താക്കളായതിനാല്‍ ഇന്നത്തെ ഫൈനല്‍ തീ പാറുമെന്നുറപ്പാണ്.
സീസണിര്‍ ജംഷഡ്പുരും എ.ടി.കെയും പൂനെ സിറ്റിയും മികച്ച പ്രകടനം നടത്തിയെങ്കിലും നോക്കൗട്ടില്‍ പ്രവേശിക്കാന്‍ മൂന്നു ടീമുകള്‍ക്കുമായില്ല. കേരള ബ്ലാസ്റ്റേഴ്‌സ് തുടക്കം മുതല്‍ ഒടുക്കം വരെയും ഫ്‌ളോപ്പായിരുന്നു. അല്‍പം മെച്ചമെന്ന് പറയാവുന്ന ഒരു കളിയും ബ്ലാസ്റ്റേഴ്‌സ് കളിച്ചിരുന്നില്ല. സ്ഥിരതയാര്‍ന്ന ഒരു ഇലവനെ വാര്‍ത്തെടുക്കാനും ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞിട്ടില്ല. രാത്രി 7.30ന് മുംബൈ ഫുട്‌ബോള്‍ അരീനയിലാണ് കലാശപ്പോര് നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."