ന്യൂസിലാന്‍ഡ് ഭീകരാക്രമണം: മലയാളിയടക്കം അഞ്ച് ഇന്ത്യക്കാരുടെ മരണം സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി: ന്യൂസിലാന്‍ഡിലെ ക്രിസ്റ്റ്ചര്‍ച്ചിലുള്ള രണ്ട് മുസ്‌ലിം പള്ളികള്‍ക്കു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ കാണാതായ ഒന്‍പത് ഇന്ത്യക്കാരില്‍ മലയാളിയുള്‍പ്പെടെ അഞ്ചു ഇന്ത്യക്കാരുടെ മരണം സ്ഥിരീകരിച്ചു. കൊടുങ്ങല്ലൂരിലെ അബ്ദുല്‍ നാസറിന്റെ ഭാര്യ ആന്‍സി അലിബാവ, മഹ്ബൂബാ കോഖര്‍, റമീസ് വോറ, ആസിഫ് വോറ, ഉസൈര്‍ കദീര്‍ എന്നിവരുടെ മരണമാണ് സ്ഥിരീകരിച്ചത്. ട്വിറ്ററിലൂടെയാണ് മരിച്ച ഇന്ത്യക്കാരുടെ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്. ഇരകളുടെ കുടുംബാംഗങ്ങള്‍ക്ക് വിസ തരപ്പെടുത്തികൊടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് ഹൈക്കമ്മീഷണര്‍ അറിയിച്ചു. കുടുംബാംഗങ്ങളെ സഹായിക്കാനായി ഹെല്‍പ് ലൈന്‍ നമ്പറും ആരംഭിച്ചിട്ടുണ്ട്. 021803899, 021850033 എന്നീ ഹെല്‍പ് ലൈന്‍ നമ്പറുകള്‍ 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമായിരിക്കും. മരിച്ചവരുടെ കൂട്ടത്തില്‍ അന്‍സി അലിബാവയുമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ സ്ഥിരീകരിച്ചിരുന്നു.
വെള്ളിയാഴ്ചയുണ്ടായ ആക്രമണത്തില്‍ ആകെ 49 പേരാണ് മരിച്ചത്. എന്നാല്‍, ചില മൃതദേഹങ്ങളുടെ മുഖം വെടികൊണ്ട് തിരിച്ചറിയാന്‍ കഴിയാത്ത വിധം വികൃതമായതിനാല്‍ ഇവര്‍ ഏതൊക്കെ രാജ്യക്കാരാണെന്ന് സ്ഥിരീകരിച്ചിരുന്നില്ല. ആക്രമണത്തിനു ശേഷം ഒന്‍പത് ഇന്ത്യക്കാരെ കുറിച്ചു വിവരം ലഭിച്ചിരുന്നില്ല. ഇവര്‍ മരിച്ചതാവാമെന്ന അഭ്യൂഹമുയര്‍ന്നെങ്കിലും ഇതുസംബന്ധിച്ച് ഹൈക്കമ്മിഷന്‍ ആദ്യം സ്ഥിരീകരിച്ചിരുന്നില്ല. ഇതിനിടെ മലയാളിയായ ആന്‍സിയുടെ മരണം ഹൈക്കമ്മിഷന്‍ സ്ഥിരീകരിക്കും മുന്‍പ് കൊടുങ്ങല്ലൂരിലെ ബന്ധുക്കള്‍ സ്ഥിരീകരിച്ചു. ഇതിനു പിന്നാലെയാണ് ഇന്നലെ രാത്രി ഹൈക്കമ്മിഷന്‍ ട്വിറ്ററിലൂടെ അഞ്ചുപേരുടെ മരണം സ്ഥിരീകരിച്ചത്. ഹൈദരാബാദ് സ്വദേശി ഫര്‍ഹാജ് ഇഹ്‌സാന്‍ മരിച്ചതായി ബന്ധുക്കള്‍ പറഞ്ഞിട്ടുണ്ടെങ്കിലും ഹൈകമ്മിഷന്‍ സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹം കണ്ടെത്തി തിരിച്ചറിഞ്ഞ ശേഷമെ ഔദ്യോഗികസ്ഥിരീകരണമുണ്ടാവൂ. ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ടുപള്ളികളില്‍ വെള്ളിയാഴ്ച ജുമുഅ നിസ്‌കാരസമയത്താണ് വംശീയവാദികള്‍ ഭീകരാക്രമണം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."