കടകളൊഴിപ്പിക്കല്‍; ചക്കുവള്ളിയില്‍ മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷം
കരുനാഗപ്പള്ളി: ശൂരനാട് ചക്കുവള്ളിയില്‍ ദേവസ്വം ഭൂമിയിലെ കടകളൊഴിപ്പിക്കാന്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തിയത് മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷത്തിനിടയാക്കി. ഇന്നലെ രാവിലെയോടെയായിരുന്നു സംഭവത്തിന്റെ തുടക്കം. കടകളൊഴിയാന്‍ കച്ചവടക്കാര്‍ക്ക് സുപ്രീം കോടതി ആറു മാസം സാവകാശം അനുവദിച്ചിരുന്നു.
എന്നാല്‍ കോടതി വിധി അംഗീകരിക്കാതെ രാവിലെ മുതല്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും നിരവധി ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ചക്കുവള്ളി ക്ഷേത്ര മൈതാനിയില്‍ സംഘടിച്ചു. കര്‍സേവ നടത്തി കടകള്‍ പൊളിക്കുമെന്നായിരുന്നു ഇവരുടെ നിലപാട്. സംഘര്‍ഷമുണ്ടായാല്‍ ഇടപെടാനെന്ന മട്ടില്‍ നൂറിലധികം പോപ്പുലര്‍ ഫ്രണ്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകരും ചക്കുവള്ളിയില്‍ ഭരണിക്കാവ് റോഡിന്റെ ഒരു വശത്തായി രാവിലെ മുതല്‍ സംഘടിച്ചിരുന്നു.
വിവരമറിഞ്ഞ് കൊട്ടാരക്കര ഡിവൈ.എസ്.പി കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ വന്‍ പൊലിസ് സംഘവും എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ടും സ്ഥലത്ത് രാവിലെ ഏഴു മണിയോടെ എത്തി. പത്ത് മണിയോടെ കൊല്ലം റൂറല്‍ എസ്.പി സുരേന്ദ്രന്‍ എത്തി സമരക്കാരുടേയും കച്ചവടക്കാരുടെയും പ്രതിനിധികളുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ ഉച്ചക്ക് 12ഓടെ ജില്ലാ കലക്ടര്‍ ടി .മിത്ര നേരിട്ടെത്തി ചര്‍ച്ച നടത്തുകയായിരുന്നു. സുപ്രീം കോടതിവിധി മാനിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ടെന്നും ക്രമ സമാധാന പ്രശ്‌നമുണ്ടായാല്‍ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും എസ്.പിയും കലക്ടറും അറിയിച്ചതോടെ ഇരു വിഭാഗവും നിലപാടുകള്‍ മയപ്പെടുത്തി.
ഉച്ചയോടെ കലക്ടര്‍ വിളിച്ച ചര്‍ച്ചയില്‍ സുപ്രീം കോടതിയില്‍ കക്ഷി ചേരാത്ത കടകള്‍ വ്യാഴാഴ്ച്ച അടയാളം ചെയ്ത് 15 ന് പൊളിക്കാമെന്നും മറ്റു കടകളുടെ കാര്യത്തില്‍ സുപ്രീം കോടതി വിധിയില്‍ നിയമോപദേശം തേടിയ ശേഷം തീരുമാനമെടുക്കാമെന്നും ധാരണയായി. തുടര്‍ന്നാണ് സംഘര്‍ഷാവസ്ഥക്ക് പൂര്‍മ വിരാമമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."