അഖിലയ്ക്കും അതുല്യയ്ക്കും അഭയമായി ഗാന്ധിഭവന്‍: ചോദ്യചിഹ്നമായി ഇരുവരുടെയും ചികിത്സ
പത്തനാപുരം: പിതാവ് വിടപറഞ്ഞു, രോഗികളാണ് മക്കളെന്നറിഞ്ഞപ്പോള്‍ മാതാവാകട്ടെ മറ്റൊരു ജീവിതം തേടിപ്പോയി. ഒടുവില്‍ സഹോദരങ്ങളായ ചിന്നുവും പൊന്നുവും ഗാന്ധിഭവന്‍ കുടുംബത്തിലെത്തി. പ്രണയത്തിലൂടെ ഒന്നിച്ചു ജീവിക്കാന്‍ തയാറായ ബിനു-വസന്ത ദമ്പതികളുടെ മക്കളായ ചിന്നു എന്ന അഖിലയ്ക്ക് 15 ഉും പൊന്നു എന്ന അതുല്യയ്ക്ക് 12 ഉം വയസുണ്ട്. രണ്ട് വര്‍ഷം മുമ്പ് ഇവരുടെ പിതാവ് മഞ്ഞപ്പിത്തരോഗം പിടിപെട്ട് വേണ്ടത്ര ചികിത്സ ലഭിക്കാതെ മരിച്ചു. അതോടെ ഇവരുടെ കുടുംബ ജീവിത താളം തെറ്റി. ബിനുവിന്റെ മരണശേഷമാണ് മൂത്തമകള്‍ അഖിലക്ക് ഷുഗര്‍ വളരെ കൂടുതലാണെന്നും ഒരു കിഡ്‌നി തകരാറിലാണെന്നും പരിശോധനയിലൂടെ അറിയുന്നത്. അതുല്യക്കാവട്ടെ ലിവര്‍ സിറോസിസ് രോഗവുമാണ്. പിതാവില്ലാത്ത അവസ്ഥയില്‍ മക്കള്‍ക്ക് ഇരുവര്‍ക്കും അസുഖമാണെന്നറിഞ്ഞിട്ടും മാതാവ് വസന്ത അവരെ ഉപേക്ഷിക്കുകയായിരുന്നു. വഴിയാധാരമായ കുട്ടികളെ ചികിത്സിക്കാനും പഠിപ്പിക്കാനും നിര്‍വാഹമില്ലാത്ത അവസ്ഥയില്‍ ബിനുവിന്റെ വൃദ്ധമാതാപിതാക്കളായ ഭാസ്‌കരനും ചിന്നമ്മയും ചിന്നമ്മയുടെ അനുജത്തിയുടെ മകള്‍ ലതയും ഭര്‍ത്താവ് മധുവുമാണ് ഇത്രയും കാലം കുട്ടികളുടെ സംരക്ഷകരായിരുന്നത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സിച്ചു വരുന്ന കുട്ടികളുടെ കാര്യങ്ങള്‍ നോക്കാന്‍ ബിനുവിന്റെ മാതാപിതാക്കള്‍ക്ക് കഴിയാത്ത നിലയിലാണ് സി.ഡബ്ലൂ.സിയുടെ ചൈല്‍ഡ് ലൈന്റെ ശുപാര്‍ശിന്മേല്‍ പത്തനാപുരം ഗാന്ധിഭവന്‍ കുട്ടികളുടെ സംരക്ഷണ ചുമതല ഏറ്റെടുക്കുന്നത്. അഖില, കുണ്ടറ മുളവന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പത്താംതരത്തില്‍ പരീക്ഷ എഴുതി ഫലം കാത്തുനില്‍ക്കുകയാണ്. അതുല്യയാവട്ടെ അവനവന്‍ചേരി ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ ഏഴാം ക്ലാസ് പരീക്ഷ കഴിഞ്ഞു. ബിനുവിന് സ്വന്തമായി നാല്‌സെന്റ് ഭൂമിയാണ് ഉണ്ടായിരുന്നത്. അതിലുള്ള വീട്ടിലാണ് വസന്തയുടെ താമസം. വയനാട് ജില്ലയിലെ പാടിച്ചിറയില്‍ കുരുമുളക് പറിക്കുന്ന ജോലിക്കു പോയ ബിനുവും പാടിച്ചിറ സ്വദേശിനിയായ വസന്തയും പ്രണയത്തിലായെങ്കിലും വിവാഹിതരല്ല. വസന്തയെ കൂട്ടിക്കൊണ്ടു വരികയായിരുന്നുവെന്ന് ബിനുവിന്റെ പിതാവ് ഭാസ്‌കരന്‍ പറഞ്ഞു. കേസും പ്രശ്‌നങ്ങളുമായി നീണ്ട കാലത്തിനിടെ വിവാഹം എന്നത് നടന്നില്ല. വസന്തയ്ക്ക് കുട്ടികളായതോടെ ശല്യത്തിനായി ആരും വന്നില്ല. കൂലിപ്പണിക്കാരുടെ കുടുംബാംഗമായ ബിനുവും കൂലിപ്പണി ചെയ്താണ് സന്തോഷത്തോടെ കുടുംബജീവിതം കൊണ്ടുപോയിരുന്നത്.
എല്ലാ സന്തോഷവും തകര്‍ന്നത് മഞ്ഞപ്പിത്ത രോഗമായിരുന്നിട്ടും ചികിത്സ നല്‍കാതെ ബിനുവിന്റെ മരണം സംഭവിക്കുമ്പോഴായിരുന്നു. ലിവര്‍ സിറോസിസുള്ള അതുല്യക്ക് തുടര്‍ച്ചയായി ചികിത്സ ലഭിച്ചില്ലെങ്കില്‍ മാനസിക വൈകല്യമുള്‍പ്പെടെ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നാണ് ചികിത്സിക്കുന്ന ഡോക്ടര്‍ പറഞ്ഞത്. അഖിലക്കാവട്ടെ തകരാറിലായ കിഡ്‌നിക്കൊപ്പം ഷുഗറിന്റെ അളവ് വളരെ കൂടുതലാണെന്നതാണ് ഗൗരവമുള്ളത്. നിറമിഴികളുമായാണ് അതുല്യയും കണ്ണീര്‍ തോരാത്ത പിതാവിന്റെ അമ്മ ചിന്നമ്മയും ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്റെ മുമ്പിലെത്തുന്നത്.
സി.ഡബ്ലൂ.സി അംഗം അജിത് വെണ്ണിയൂറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ കോ-ഓര്‍ഡിനേറ്റര്‍ മറിയ ജോസഫിന്റെ ശുപാര്‍ശയിന്മേലാണ് സി.ഡബ്ലൂ.സി പ്രവര്‍ത്തകനായ മാനുവല്‍ ജോര്‍ജ്, ബിനുവിന്റെ പിതാവ് ഭാസ്‌കരന്‍, ബന്ധു ലത എന്നിവര്‍ ചേര്‍ന്ന് കുട്ടികളെ ഗാന്ധിഭവനില്‍ എത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."