ഞാന്‍ പെറ്റ മകനേ..
മാര്‍ച്ച് ഏഴ് പുലരുന്നത് സി.പി ജലീലെന്ന മാവോയിസ്റ്റ് കണ്ടില്ല. അതിനകം അയാള്‍ മൂന്നു വെടിയുണ്ടയേറ്റ് 'ഏറ്റുമുട്ടലില്‍' കൊല്ലപ്പെട്ടിരുന്നു. ആ മാവോയിസ്റ്റിനുമുണ്ടൊരു ഉമ്മ. പ്രതികാര ചിന്തകളല്ല ആ ഉമ്മയെ നയിക്കുന്നത്. ഒരു വിശദീകരണവും ഈ ഉമ്മയ്ക്ക് കേള്‍ക്കണ്ട. ഏതന്വേഷണത്തിനാണ് തന്റെ മകനെ തിരികെ കൊണ്ടുതരാനാവുക? ഏതു നഷ്ടപരിഹാരത്തിനാണ് തങ്ങളുടെ സൈ്വര്യജീവിതം മടക്കിത്തരാനാവുക?
എത്രയെത്ര വര്‍ഷങ്ങള്‍. എവിടെയൊക്കെയോ തിരിഞ്ഞു നടക്കുകയായിരുന്നു ഞാന്‍. പല ജോലികള്‍ ചെയ്തു. ഒരു ജോലിയുമില്ലാതെ മുഴുപ്പട്ടിണിയായി അലഞ്ഞു. വീട്ടിലേക്ക് പോയില്ല. ഒരു കത്തുപോലുമയച്ചില്ല. പിന്നീട് ഒരു മുന്നറിയിപ്പും നല്‍കാതെ ഒരു ദിവസം ഞാന്‍ രാത്രി വീട്ടില്‍ ചെന്നു കയറി. അപ്പോഴും എന്റുമ്മ എനിക്കായി കാത്തിരിക്കുകയായിരുന്നു. അത്താഴം ഒരുക്കിവച്ച് ഞാന്‍ വരുന്നതും നോക്കിയിരിക്കുകയായിരുന്നു.
എനിക്ക് വല്ലാത്ത ആകാംക്ഷയായി.
ഞാനിന്നുവരുമെന്ന് ഉമ്മാക്കെങ്ങനെ മനസ്സിലായി?
ഞാന്‍ ചോദിച്ചു.
മോനേ ഇന്നു മാത്രമല്ല, എന്നും ഉമ്മ നിന്നെ കാത്തിരിക്കുകയായിരുന്നു. രാത്രിയില്‍ അത്താഴവും ഒരുക്കിവച്ച് നോക്കിയിരിക്കുകയായിരുന്നു.
മലയാളത്തിന്റെ പ്രിയ കഥാകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ തന്റെ ഉമ്മയുടെ കാത്തിരിപ്പിന്റെ, കാരുണ്യത്തിന്റെ മഹാകടലുകളെക്കുറിച്ച് ഇങ്ങനെ ചില അനുഭവം നമുക്ക് പറഞ്ഞുതന്നിട്ടുണ്ട്. എല്ലാ അമ്മമാരും അങ്ങനെയാണ്. നൊന്തുപെറ്റ മക്കള്‍ തളിര്‍ത്തുപൂക്കാനാണ് മാതൃത്വത്തിന്റെ ആ മഹിതജീവിതങ്ങള്‍ എരിഞ്ഞടങ്ങിയിട്ടുള്ളത്. ജീവിതദുരന്തങ്ങളില്‍നിന്ന് ചോര കിനിയുമ്പോഴും അവര്‍ കുടിച്ചുവറ്റിച്ച വേദനകളെക്കുറിച്ച് എത്രവേണമെങ്കിലുമുണ്ട് ഉദാഹരണങ്ങള്‍.
പറഞ്ഞുവരുന്നത് മലപ്പുറം ജില്ലയിലെ പാണ്ടിക്കാടിനടുത്ത വളരാട്ടെ ചെറുകപ്പള്ളി വീട്ടിലെ ഹലീമ ഉമ്മയെക്കുറിച്ചാണ്. ഈ മാസം ആറാം തീയതി വയനാട് ലക്കിടിയില്‍ പൊലിസുകാര്‍ വെടിവച്ചുകൊന്ന സി.പി ജലീലെന്ന മാവോയിസ്റ്റിന്റെ ഉമ്മയാണവര്‍. സി.പി ജലീലിനെ മറന്നിട്ടില്ലല്ലോ. അത്രപെട്ടെന്ന് മറക്കാനുമാകില്ല മലയാളികള്‍ക്ക്. ദുരൂഹമായ വെടിയൊച്ചകള്‍ ആ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്ന ഒരു ദുരന്ത മരണത്തിന്റെ വേവേറ്റ് പുളയുകയാണിപ്പോഴും ആ വീട്. മരണവീടിന്റെ മൂകതയല്ല അവിടെ തളംകെട്ടി നില്‍ക്കുന്നത്. പ്രതികാര ചിന്തകളല്ല ആ ഉമ്മയെ നയിക്കുന്നത്. മകന്റെ ചെയ്തികളേയോ മക്കളുടെ ചിന്താധാരകളുടെ ശരിത്തെറ്റുകളേയോ അല്ല അവര്‍ വിശകലനം ചെയ്യുന്നത്. വെടിവച്ചുകൊല്ലാന്‍ മാത്രമുള്ള തെറ്റുകളെന്താണ് അവന്‍ ചെയ്തു കൂട്ടിയിട്ടുള്ളതെന്നും ഈ ഉമ്മയ്ക്ക് മനസിലായിട്ടില്ല.
അയാളും മാവോയിസ്റ്റായിരുന്നോ? സി.പി ജലീല്‍ കൊല്ലപ്പെട്ടപ്പോഴാണ് പാണ്ടിക്കാട്ടുകാരായ ചിലര്‍ അങ്ങനെ ചോദിച്ചു തുടങ്ങിയത്. പക്ഷേ അടുപ്പമുള്ളവര്‍ക്കറിയാമായിരുന്നു, ഏതു മാവോയിസ്റ്റായിരുന്നുവെങ്കിലും അവനൊരു മനുഷ്യസ്‌നേഹിയായിരുന്നുവെന്ന്. സഹജീവികളുടെ കണ്ണീരൊപ്പുന്ന, അവരെ സഹായിക്കുകയും അവര്‍ക്കൊരു പ്രശ്‌നം വന്നാല്‍ ആദ്യം മുന്നിട്ടിറങ്ങുകയും ചെയ്തിരുന്ന മനുഷ്യപ്പറ്റുള്ള വിപ്ലവകാരിയായിരുന്നു.
ആകെ നാലു സെന്റില്‍ രണ്ട് മുറികളും അടുക്കളയുമുള്ള ചെറിയ വീടായിരുന്നു അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായിരുന്ന ഹംസയുടെ സമ്പാദ്യം. അദ്ദേഹം ആറ് കൊല്ലം മുമ്പ് മരിച്ചു. ഭാര്യ ഹലീമയും ഒമ്പതു മക്കളുമായിരുന്നു പിന്നീട് ആ വീട്ടിലുണ്ടായിരുന്നത്. അവരില്‍ ഒരാള്‍ അയല്‍ സംസ്ഥാനത്തെ ജയിലഴിക്കുള്ളില്‍. മറ്റൊരാള്‍ പൊലിസിന്റെ കണ്ണുവെട്ടിച്ച് ഒളിവില്‍. അതുപോലെ മൂന്നു വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന മറ്റൊരു മകനാണ് മൂന്നു വെടിയുണ്ടകള്‍ തറച്ച ശരീരവുമായി മരണത്തിന്റെ വെള്ളപുതച്ച് ആ വീടിന്റെ പൂമുഖത്തേക്ക് കയറി വന്നത്. ഒടുവില്‍ തറയോട് ചേര്‍ന്ന ആറടിമണ്ണിലേക്ക് എന്നെന്നേക്കുമായി യാത്രപോയത്.
നിങ്ങളവരെ മാവോയിസ്റ്റാക്കി
മക്കള്‍ക്ക് വായിക്കാനും പഠിക്കാനുമുള്ള അവസരങ്ങള്‍ ഏറെ നല്‍കിയിരുന്നു പിതാവ് ഹംസ. പാര്‍ട്ടി ജാഥകളിലും പ്രകടനങ്ങളിലും കൊണ്ടുപോയി അവരില്‍ രാഷ്ട്രീയ അവബോധം ഉണ്ടാക്കിയെടുത്തു. പിതാവിന്റെ രാഷ്ട്രീയത്തോടൊപ്പം വളര്‍ന്ന മക്കളെല്ലാം പിന്നീട് പല വഴികളിലൂടെ ചിതറിയോടി. അതു വഴിതെറ്റിപ്പോയതായിരുന്നില്ല, പലപല കാരണങ്ങളാല്‍ അവരെ വഴിതെറ്റിക്കുകയായിരുന്നു എന്നുവേണം കരുതാന്‍.
മൂത്തമകന്‍ സി.പി മൊയ്തീന്‍ ഫാര്‍മസിസ്റ്റ് ആയിരുന്നു. മക്കളില്‍ ഏറ്റവും വിദ്യാഭ്യാസവും വായനയും ഉള്ളയാളും മൊയ്തീനായിരുന്നു. എന്നാല്‍ അയാളിന്ന് പൊലിസിന്റെ കണ്ണില്‍ മാവോയിസ്റ്റാണ്. പൊലിസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച പിടികിട്ടാപ്പുള്ളിയാണ്. മറ്റൊരു മകന്‍ ഇസ്മയില്‍ പൂനെ ജയിലിന്റെ ഇരുമ്പഴിക്കുള്ളിലാണ്. മാവോയിസ്റ്റ് മുരളി കണ്ണമ്പള്ളിക്കൊപ്പം മഹാരാഷ്ട്ര പൊലിസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.
മുരളി കണ്ണമ്പള്ളിക്ക് ജാമ്യം ലഭിച്ചപ്പോഴും ഇസ്മയില്‍ കല്‍തുറുങ്കില്‍ തന്നെയാണ്. കാരണം അയാളുടെ പേര് ഇയ്മയില്‍ എന്നാണ്. പോരാത്തതിന് മാവോയിസ്റ്റും.
ഇസ്മയിലിനെ മഹാരാഷ്ട്ര പൊലിസ് എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന് പോലും ഇപ്പോഴും ഈ ഉമ്മയ്ക്കറിയില്ല. സഹോദരങ്ങള്‍ക്കും കൃത്യമായി മനസിലായിട്ടില്ല. കേസുകളെല്ലാം കേരളത്തിലായിരുന്നു. പിന്നെയും എന്തിനാണ് മഹാരാഷ്ട്രയില്‍ ശിക്ഷിക്കുന്നത്? അവിടെ തടവറയില്‍ തള്ളുന്നത്. ഈ ചോദ്യത്തിനും ഇവര്‍ക്ക് ഉത്തരം കിട്ടിയിട്ടില്ല. ഇതിനിടെ ഇസ്മയിലിനെ കേരളത്തിലേക്ക് കൊണ്ടുവന്നിരുന്നു.
ആരോടും പൊലിസ് പറഞ്ഞില്ല. കുടുംബവും അറിഞ്ഞില്ല. വിയ്യൂര്‍ ജയിലിലേക്കാണ് കൊണ്ടുവന്നത്. ജയിലില്‍ കൂടെ തടവിലുണ്ടായിരുന്നയാള്‍ അയാളുടെ ബന്ധുവിനോട് വിളിച്ച് പറഞ്ഞപ്പോഴാണ് മകന്‍ റഷീദ് ആ വിവരമറിയുന്നത്. പിന്നീട് റഷീദ് ജയിലിലെത്തി ഇസ്മയിലിനെ കണ്ടു. ചാക്കിലാക്കി തല മാത്രം പുറത്തിട്ട് ബര്‍ത്തിനോട് ചേര്‍ത്ത് കെട്ടിയിട്ടാണ് ഇസ്മയിലിനെ ട്രെയിനില്‍ പൊലിസ് എത്തിച്ചതെത്രെ.
'ഇക്കാര്യം പറയുന്ന അവനോട് ഞാനെന്ത് ജനാധിപത്യം പറഞ്ഞാണ് മനസ്സിലാക്കേണ്ടത്?'- സഹോദരന്‍ റഷീദ് ചോദിക്കുന്നു. ഇത്തരം അനുഭവങ്ങളാണ് താഴെയുള്ള സഹോദരങ്ങളെയും ആ വഴിയിലേക്കെത്തിച്ചത്. ഇവിടെ പൊലിസിന്റെ അധികാര നടത്തിപ്പ് സൗഹാര്‍ദപരമല്ല. മാതൃകാ പൊലിസ് സ്റ്റേഷന്‍ എന്നു പുറത്ത് ബോര്‍ഡ് എഴുതിവച്ചിട്ട് എന്തുകാര്യം? അകത്ത് പഴയ കുട്ടന്‍പിള്ള പൊലിസല്ലേ ഇന്നുമവിടെയുള്ളത്?
അവനേയും അവര്‍ക്ക് മാവോയിസ്റ്റാക്കണമായിരുന്നു
കൊല്ലപ്പെട്ട ജലീല്‍ പ്ലസ്ടുവോടെ പഠനം മതിയാക്കുകയായിരുന്നു. ഇടതുവിദ്യാര്‍ഥി സംഘടനയായ എസ്.എഫ്.ഐയിലൂടെയായിരുന്നു അവന്റെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങുന്നത്. അത് തീവ്ര ഇടതുചിന്താഗതിയിലേക്കും വളര്‍ന്നു. പത്താം ക്ലാസ് കഴിഞ്ഞതു മുതല്‍ കെട്ടിട നിര്‍മാണ തൊഴിലെടുത്തു. പണിയെടുത്തുകൊണ്ടാണ് പ്ലസ്ടു പൂര്‍ത്തിയാക്കിയത്. അങ്ങനെയാണവന്‍ കുടുംബവും പുലര്‍ത്തിയിരുന്നത്. മൂത്ത സഹോദരങ്ങളെല്ലാം രാഷ്ട്രീയപ്രവര്‍ത്തനത്തിനിറങ്ങി ഒളിവിലും മറ്റുമായപ്പോള്‍ ദാരിദ്ര്യം നിറഞ്ഞ കുടുംബം മുന്നോട്ട് കൊണ്ടുപോയതും ജലീലായിരുന്നു.
വീട്ടുചെലവിനുള്ള തുക മാറ്റിവയ്ക്കും. ബാക്കിയുള്ള ലാഭം തൊഴിലാളികള്‍ക്കെല്ലാമായി വീതിച്ചുനല്‍കും. അതായിരുന്നു ജലീല്‍. അവനെ നാട്ടുകാര്‍ക്കറിയാം. അവനെയാണിപ്പോള്‍ മാവോയിസ്റ്റെന്നു പറഞ്ഞ് വെടിവച്ചുകൊന്നിരിക്കുന്നത്. 'രാത്രിയില്‍ പുറത്തിറങ്ങി കൂട്ടുകൂടി നടക്കാന്‍ വരേ ജലീലിനു പേടിയായിരുന്നു. വഴിക്ക് പൊലിസുകാര്‍ കണ്ടാല്‍ തടഞ്ഞ് നിര്‍ത്തും. നീ മൊയ്തീന്റെ അനുജനല്ലേ, ഇസ്മയിലിന്റെ അനുജനല്ലേ... നീയും മാവോയിസ്റ്റാണോടാ എന്നായിരുന്നു പൊലിസുകാര്‍ ചോദിക്കുക. ആ ചോദ്യം അവനെത്രയോ തവണ കേട്ടിട്ടുണ്ട്.
അവനേയും അവര്‍ക്ക് മാവോയിസ്റ്റാക്കണമായിരുന്നു. അവസാനം അതും നടന്നു. അവന്‍ ആ ആശയത്തിലേക്കുതന്നെ നടന്നു. അതിന്റെ പ്രവര്‍ത്തകനായി. സഹോദരങ്ങള്‍ മാവോയിസ്റ്റുകളായതുകൊണ്ട് ഏതൊക്കെയോ കേസുകളില്‍ ജലീലിനേയും പൊലിസ് വേട്ടയാടി. അന്വേഷണങ്ങള്‍ പിന്നാലെ കൂടി. പൊലിസ് പിടിക്കും എന്നുറപ്പായപ്പോഴാണ് അവന്‍ നാടുവിട്ടത്. മാവോയിസ്റ്റാണോ എന്ന് ചോദിച്ച് അവനെ ചോദ്യം ചെയ്തവര്‍ തന്നെ ഒടുവില്‍ കൊന്നുകളഞ്ഞു'- ചില അടുത്ത സുഹൃത്തുക്കള്‍ പറയുന്നു.
നോട്ടപ്പുള്ളികള്‍
2014 മുതല്‍ ജലീല്‍ ഒളിവിലാണെന്ന് പൊലിസ് പറയുന്നു. സാംസ്‌കാരികപ്രവര്‍ത്തനങ്ങളില്‍ ഇക്കാലമത്രയും സജീവമായിരുന്നു എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. 2015 ലാണ് ഹലീമ ഉമ്മ മകന്‍ ജലീലിനെ അവസാനമായി കാണുന്നത്. പിന്നീട് അവനെക്കുറിച്ച് യാതൊരു വിവരവുമില്ല. വീട്ടില്‍ വരാറില്ല. കത്തയക്കാറില്ല. ഫോണ്‍ വിളിക്കാറില്ല. പൊലിസ് നിഴലിലായിരുന്നു അവന്റെ ജീവിതമെന്ന് ഉമ്മയ്ക്കുമറിയാം. അതുകൊണ്ടുതന്നെ പൊലിസും പട്ടാളവും തണ്ടര്‍ബോള്‍ട്ടും ആ വീടിന് പുതിയ കാഴ്ചകളല്ല. ആ ഉമ്മയ്ക്കും അവരെക്കുറിച്ചുള്ള വിവരങ്ങള്‍ നടുക്കുന്നതാണ്. പൊലിസിന്റെ നോട്ടപ്പുള്ളികളായിരുന്നു എന്നും മക്കള്‍. അവരെ തിരക്കി നിരന്തരം ബൂട്ടിട്ട കാക്കിക്കാര്‍ ആ വീടിനെ ഓടിപ്പാഞ്ഞു നടന്നു.
നിസാരകാര്യങ്ങളുടെ പേരില്‍ പോലും പരിശോധനയ്‌ക്കെത്തി. അര്‍ധരാത്രിയില്‍ പോലും വന്ന് ഭീഷണിപ്പെടുത്തി. പരിശോധനയുടെ പേരില്‍ ഭീതി പരത്തി. ഉമ്മയെയും ഉപ്പയെയും ചോദ്യം ചെയ്തു. ഒരു നോമ്പുകാലത്ത് വീട്ടിലെത്തി ഖുര്‍ആന്‍ വരെ അവര്‍ വലിച്ചെറിഞ്ഞു. ഖുര്‍ആന്‍ വലിച്ചെറിയണമെന്ന ഉദ്ദേശത്തോടെ ചെയ്തതല്ല പൊലിസ്. പരിശോധനയ്ക്കിടെ ചെയ്തതാണ്.
ഭരണകൂട ഭീകരതകള്‍ പുസ്തകത്തില്‍ വായിച്ചിട്ടല്ല ഈ വീട്ടിലുള്ളവര്‍ക്ക് അറിവ്. അത് നേരിട്ടനുഭവിച്ചവരാണ്. അപ്പോള്‍ മറിച്ചൊരു ചിന്താരീതിയും പ്രവര്‍ത്തനമാര്‍ഗവും സ്വീകരിച്ചാല്‍ അവരെ കുറ്റം പറയാനാകുമോ? അങ്ങനെയൊക്കെയാണവര്‍ മാവോവാദികളും പൊലിസിന്റെ നോട്ടപ്പുള്ളികളുമായത്.
സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണവും മജിസ്റ്റീരിയല്‍ അന്വേഷണവും പ്രഖ്യാപിച്ചിരിക്കുന്നു. ആദ്യം വെടിവച്ചത് മാവോയിസ്റ്റുകളെന്ന്‌പൊലിസും പൊലിസാണെന്ന് റിസോര്‍ട്ട് ജീവനക്കാരും പറയുന്നു. ഒരു വിശദീകരണവും ഈ ഉമ്മയ്ക്ക് കേള്‍ക്കണ്ട. ഏതന്വേഷണത്തിനാണ് തന്റെ മകനെ തിരികെ കൊണ്ടുതരാനാവുക? ഏതു നഷ്ടപരിഹാരത്തിനാണ് തങ്ങളുടെ സൈ്വര്യജീവിതം മടക്കിത്തരാനാവുക? അതുകൊണ്ട് ഇനിയെങ്കിലും എന്റെ മക്കളെ വെറുതേ വിടൂ എന്നാണ് ഈ ഉമ്മയ്ക്ക് പൊലിസിനോടും പട്ടാളത്തിനോടും അധികാരി വര്‍ഗത്തോടും കേണപേക്ഷിക്കാനുള്ളത്. ഇളയ മക്കളായ ജിഷാദും റഷീദുമാണ് ഈ ഉമ്മയ്ക്ക് ഇപ്പോള്‍ കൂട്ട്. മരിക്കുന്നതിനുമുമ്പ് തന്റെ രണ്ടു മക്കളെയെങ്കിലും ഒന്നു കണ്ടിട്ട് കണ്ണടയ്ക്കണമെന്നു മാത്രമാണ് ഉമ്മയ്ക്ക് ആകെയുള്ള ആഗ്രഹം. ഇവരുടെ ആ ആഗ്രഹമെങ്കിലും സാധിച്ചു കൊടുക്കുമോ? ഈ ചോദ്യം ഭരണകൂടത്തോടാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."