'പ്രതീക്ഷ' സ്‌കൂള്‍ പ്രവേശനോത്സവം വര്‍ണാഭമായി
വള്ളുവമ്പ്രം: മഴയുടെ കുളിരില്‍ അവര്‍ അക്ഷരമുറ്റത്തെത്തി. രക്ഷിതാക്കളുടെയും അധ്യാപകരുടെയും പഞ്ചായത്തംഗങ്ങളുടെയും സ്‌നേഹോഷ്മള വരവേല്‍പില്‍ ആദ്യാനുഭവങ്ങള്‍ അവര്‍ക്കു ഹൃദ്യമായി.
വിവിധ നിറങ്ങളില്‍ വര്‍ണ ബലൂണുകള്‍ കൈയിലേന്തിയ 21 വിദ്യാര്‍ഥികള്‍. ശാരീരികമായ വെല്ലുവിളി നേരിടുന്നതും ഭിന്നശേഷിക്കാരുമായ കുട്ടികള്‍ക്കായി പൂക്കോട്ടൂര്‍ പഞ്ചായത്തിലെ 19ാം വാര്‍ഡ് വള്ളുവമ്പ്രം കക്കാടമ്മലിലെ പ്രവര്‍ത്തിക്കുന്ന പ്രതീക്ഷ ഡേ കെയര്‍ സ്‌കൂളിലെ പ്രവേശനോത്സവമാണ് വര്‍ണാഭമാക്കിയത്.
പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി സുമയ്യ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ. മന്‍സൂര്‍ എന്ന കുഞ്ഞിപ്പു അധ്യക്ഷനായി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സക്കീന എടത്തൊടിക, അംഗങ്ങളായ മുസ്തഫ എന്ന വല്യാപ്പു, ഹംസ കുന്നത്ത്, സാദിഖ് മഠത്തില്‍, പനക്കല്‍ ഗോപാലന്‍, നഫീസ പള്ളിയാളി, സി. ഫാത്വിമ, പ്രധാനാധ്യാപിക നസീമ, വ്യാപാരി വ്യവസായി പ്രതിനിധികളായ ആസ്ഥാന മൊയ്തീന്‍ കുട്ടി, കലയത്ത് മുഹമ്മദ്, സത്താര്‍, നൗഫല്‍, മുന്‍ എ.ഇ.ഒ ജയപ്രകാശ് സംസാരിച്ചു.
വിദ്യാര്‍ഥികള്‍ക്കു വിവിധ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ഓട്ടിസം, സെറിബ്രല്‍ പാര്‍സി, അന്ധത, പഠനവൈകല്യം എന്നിവ ബാധിച്ച കുട്ടികളാണ് പഠനത്തിനായി ഇവിടങ്ങളില്‍ എത്തുന്നത്.
സുമനസുകളുടെ സഹകരണത്തോടെയാണ് ഈ സ്ഥാപനം പ്രവര്‍ത്തിച്ചുവരുന്നത്. ഇതു ബഡ്‌സ് സ്‌കൂളായി ഉയര്‍ത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ പഞ്ചായത്ത് ഭരണസമിതി സര്‍ക്കാരിനെ സമീപിക്കാനൊരുങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."