വിഷുവും ഈസ്റ്ററുമെത്തി; നഗരം അവധി ആഘോഷത്തിരക്കില്‍
കൊച്ചി: വിഷുവും ഈസ്റ്ററും ഒരുമിച്ചെത്തിയതോടെ ജില്ലയിലെ നഗരങ്ങള്‍ ആഘോഷത്തിമിര്‍പ്പില്‍. പെസഹവ്യാഴം, ദു:ഖവെള്ളി, വിഷു, ഈസ്റ്റര്‍ എല്ലാം അടുത്തടുത്തദിവസങ്ങളിലായതിനാല്‍ ശനിയാഴ്ച കൂടി അവധിയെടുത്താല്‍ നാലുദിവസത്തെ അവധി ഒരുമിച്ചു ലഭിക്കുമെന്നതിനാല്‍ നഗരങ്ങളിലെ കമ്പനികളും സ്വകാര്യ സ്ഥാപനങ്ങളുമെല്ലാം ഇന്നലെ മുതല്‍ അടഞ്ഞുകിടക്കുകയാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ശനിയാഴ്ച പ്രവര്‍ത്തിക്കുമെങ്കിലും മിക്ക ജീവനക്കാരും അവധിയിലായതിനാല്‍ തിങ്കളാഴ്ച മുതലേ ഓഫിസ് കാര്യങ്ങള്‍ മുറ പോലെ നടക്കുകയുള്ളൂ.
മറ്റു ജില്ലകളില്‍ നിന്നു കൊച്ചിയില്‍ ജോലിക്കെത്തിയവരില്‍ മിക്കവരും അവധി ആഘോഷിക്കാന്‍ സ്വന്തം നാടുകളിലേക്കു പോയതിനാല്‍ ഇന്നലെ മുതല്‍ കൊച്ചിയില്‍ കാര്യമായ ഗതാഗതക്കുരുക്കുണ്ടായില്ല. അതേസമയം നഗരത്തിലേക്കു വിവിധ സ്ഥലങ്ങളില്‍ നിന്ന് അവധി ആഘോഷിക്കാനെത്തിയവരും നിരവധിയാണ്.
മറൈന്‍ഡ്രൈവ്, ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, ചെറായി ബീച്ച് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം തിരക്കോടു തിരക്കാണ്. മറൈന്‍ഡ്രൈവിലെ ബോട്ടുകള്‍ക്കും ഇപ്പോള്‍ ചാകരക്കാലമാണ്. വിവിധ ഫെസ്റ്റുകളും ടൂറിസ്റ്റുകളെ ആഘോഷിക്കാന്‍ രംഗത്തുണ്ട്.
അതേസമയം കേരളത്തിനകത്തും പുറത്തുമായി വന്‍നഗരങ്ങളില്‍ ജോലിചെയ്യുന്ന കൊച്ചിക്കാര്‍ കഴിഞ്ഞദിവസങ്ങളിലായി തിരികെ എത്തിത്തുടങ്ങി. എന്നാല്‍ സ്വകാര്യ ബസുകളുടെ അമിത ചാര്‍ജ് വര്‍ധന മറുനാടന്‍ മലയാളികളെ സാരമായി ബാധിച്ചു. ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കുള്ള നിരക്കു കുത്തനെ വര്‍ധിപ്പിച്ചിരുന്നു. കെഎസ്ആര്‍ടിസിയും കര്‍ണാടക ആര്‍ടിസിയും പ്രഖ്യാപിച്ച സ്‌പെഷ്യല്‍ സര്‍വീസുകളില്‍ ടിക്കറ്റ് തീര്‍ന്നതോടെയാണ് സ്വകാര്യ ബസുകളുടെ കൊള്ള നിരക്കില്‍ യാത്ര ചെയ്യാനുള്ള ഗതികേട് യാത്രക്കാര്‍ക്ക് ഉണ്ടായിരിക്കുന്നത്.
ട്രെയിന്‍ ടിക്കറ്റ് ഒരു മാസം മുമ്പു തന്നെ ഫുള്ളാണ്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഇരട്ടിയോളം ബസ് സര്‍വീസുകളാണു ബംഗളൂരുവില്‍ നിന്ന് ഇത്തവണ പ്രഖ്യാപിച്ചിരുന്നത്. കെഎസ്ആര്‍ടിസി 31 സര്‍വീസുകളും കര്‍ണാടക ആര്‍ടിസി 68 സര്‍വീസുകളും ഏര്‍പ്പെടുത്തിയിരുന്നു. എന്നിട്ടും തിരക്ക് നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടില്ല. തൃശൂര്‍, എറണാകുളം എന്നിവിടങ്ങളിലേക്ക് 2500നും 3000നും ഇടയിലാണ് വിഷുവിന് തലേദിവസത്തെ നിരക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."