സുല്‍ത്താന്റെ ഓര്‍മയില്‍ 'ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന് ' അരങ്ങില്‍
കോഴിക്കോട്: കഥകളുടെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മയില്‍ കെ.പി.എ.സി അവതരിപ്പിച്ച 'ന്റുപ്പുപ്പാക്കൊരാേനണ്ടാര്‍ന്ന് ' നാടകം കോഴിക്കോടന്‍ നാടക ലോകത്തിന്റെ ശക്തമായ തിരിച്ചു വരവായി. തിങ്ങി നിറഞ്ഞ വേദിക്ക് മുന്നില്‍ കെ.പി.എ.സി തന്റെ 61 ാം നാടകം അവതരിപ്പിച്ചപ്പോള്‍ ബേപ്പൂരിന്റെ നായകന്റെ കഥാപാത്രങ്ങള്‍ക്കു വീണ്ടും ജീവന്‍ തുടിച്ചു. കുഞ്ഞിത്താച്ചുമ്മ, കുഞ്ഞിപ്പാത്തു, കുട്ടിഹസ്സന്‍, വട്ടനടിമ, നിസാര്‍ അഹമ്മദ് തുടങ്ങിയവരൊക്കെ അരങ്ങില്‍ ആവേശമായി. ഈ നാടകം യാഥാര്‍ഥ്യമാക്കാനായിരുന്നു സുല്‍ത്താന്‍ കോഴിക്കോട്ടെത്തിയത്. എന്നാല്‍ നാടകം നടന്നില്ലെങ്കിലും കോഴിക്കോടു നിന്ന് ഫാബിയെ ജീവിത സഖിയായി ലഭിച്ചു.നാടകമെന്ന മോഹം അവസാനിച്ചെങ്കിലും ആ തൂലികയില്‍ നിന്നു പിറന്ന കഥകളും നോവലുകളും കോഴിക്കോട്ടുകാരുമായുള്ള ബന്ധം ഊഷ്മളമാക്കി.
മനോജ് നാരായണന്റെ സംവിധാനത്തില്‍ പിറന്ന നാടകത്തിന്റെ ആവിഷ്‌കാരം ഒരുക്കിയത് സുരേഷ് ബാബു ശ്രീസ്ഥയാണ്. ഇന്നലെ അരങ്ങിലെത്തിയ നാടകം ആവിഷ്‌കരിക്കുന്നതിന് മുന്‍പ് സമ്മതം വാങ്ങാന്‍ സംഘാടകര്‍ ഫാബി ബഷീറിന്റെ അടുത്തെത്തിയിരുന്നു. ദിവസങ്ങള്‍ക്കകം ഫാബി വിട പറഞ്ഞെങ്കിലും സഘാടകര്‍ നാടകത്തിന്റെ തയാറെടുപ്പുമായി മുന്നോട്ടു പോകുകയായിരുന്നു. എന്നാല്‍ ഇവരുടെയൊക്കെ ജീവന്‍ സ്ഫുരിക്കുന്ന കോഴിക്കോടിന്റെ ഹൃദയ ഭാഗത്ത് കോയിക്കോട്ടുകാരുടെ സ്‌നേഹാരവം ഏറ്റുവാങ്ങി ആ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ വച്ചു. ടാഗോര്‍ ഹാളിലെ നിറഞ്ഞ സദസിനെ നോക്കി കുഞ്ഞിത്താച്ചുമ്മ ഒരിക്കല്‍ കൂടെ ഉറക്കെ പറഞ്ഞു. ന്റുപ്പൂപ്പാക്കൊരാനേണ്ടണ്ടാര്‍ന്നെന്ന്...
കോഴിക്കോട്ടെ ബാങ്ക് ജീവനക്കാരുടെ സാംസ്‌കാരിക സംഘടനയായ നവചേതനയുടെ സഹകരണത്തോടെ കെ.പി.എ.സി സംഘടിപ്പിച്ച നാടകത്തിന്റെ ഉദ്ഘാടനം മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ ജയകുമാര്‍ നിര്‍വഹിച്ചു. കെ.പി.എ.സി പ്രസിഡന്റ് കെ.ഇ ഇസ്മാഈല്‍ അധ്യക്ഷനായി. കവി പി.കെ ഗോപി 'അനര്‍ഘനിമിഷം' കവിത ആലപിച്ചു. ബഷീറിന്റെ മകന്‍ അനീസ് ബഷീറിന് ഉപഹാരം നല്‍കി സെക്രട്ടറി എ ഷാജഹാന്‍ ബഷീര്‍ കുടുംബത്തെ ആദരിച്ചു. എസ്.കെ പൊറ്റെക്കാട്ടിന്റെ ചരമ വാര്‍ഷികത്തോടനുബന്ധിച്ചു നവചേതന സംഘടിപ്പിച്ച വിദ്യാര്‍ഥികള്‍ക്കുള്ള ചിത്രരചനാ മത്സരത്തില്‍ വിജയികളായവര്‍ക്ക് നടന്‍ മാമുക്കോയ അവാര്‍ഡ് നല്‍കി. ടി.വി ബാലന്‍, ഐ.വി ശശാങ്കന്‍, അനീസ് ബഷീര്‍, വി ബാലമുരളി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."