വിസ തട്ടിപ്പ് കേസിലെ പ്രതി ചെന്നൈയില്‍ പിടിയില്‍
മട്ടാഞ്ചേരി:കേരളത്തിലും തമിഴ്‌നാട്ടിലമായി വിവിധ രാജ്യങ്ങളിലേക്ക് തൊഴില്‍ വിസ തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് നിരവധി പേരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലെ പ്രതിയെ മട്ടാഞ്ചേരി പൊലിസ് അറസ്റ്റ് ചെയ്തു.തമിഴ്‌നാട് കാരിക്കുടി സ്വദേശി സുന്ദര(43)ത്തിനെയാണ് മട്ടാഞ്ചേരി എസ്.ഐ.ജയിംസ് ജോണിന്റെ നേതൃത്വത്തില്‍ ചെന്നൈയില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
വിസക്ക് പകരം വ്യാജമായി വിസ നിര്‍മിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയിരുന്നത്.പോണ്ടിച്ചേരി എലൈറ്റ് ട്രാവല്‍സ് എന്ന സ്ഥാപനത്തിന് ജപ്പാന്‍ കോണ്‍സുലേറ്റിന്റെ അംഗീകാരമുണ്ടെന്നും 2020ല്‍ നടക്കുന്ന ജപ്പാനില്‍ നടക്കുന്ന ഒളിംപിക്‌സിന്റെ ജോലികള്‍ക്കായി ജപ്പാനീസ് തൊഴില്‍ വിസ നല്‍കാമെന്ന് പറഞ്ഞ് തിരുവനന്തപുരം,മലപ്പുറം,കൊച്ചി സ്വദേശികളായ മൂന്ന് പേരില്‍ നിന്നും ലക്ഷങ്ങള്‍ വാങ്ങി വ്യാജ വിസ നിര്‍മ്മിച്ച് നല്‍കിയെന്ന പരാതിയിലാണ് മട്ടാഞ്ചേരി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
മട്ടാഞ്ചേരി അസി.കമ്മീഷണര്‍ എസ്.വിജയന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് എസ്.ഐ.കെ.എച്ച്.ജയിംസ് ജോണിന്റെ നേതൃത്വത്തില്‍ ചെന്നൈ റയില്‍വേ സ്റ്റേഷനിലെത്തിയ പൊലിസ് സംഘം തന്ത്രപൂര്‍വ്വം പ്രതിയെ വിളിച്ച് വരുത്തുകയും സംഘത്തിലുണ്ടായിരുന്ന സീനിയര്‍ സിവില്‍ പൊലിസ് ഓഫീസര്‍മാരായ ആര്‍.അനില്‍കുമാര്‍,രത്‌നകുമാര്‍,ഫ്രാന്‍സിസ്,കെ.ടി.അനില്‍കുമാര്‍ എന്നിവരുടെ സഹായത്തോടെ വിദഗ്ദമായി പിടികൂടുകയുമായിരുന്നു.എട്ടാം ക്ലാസ് വരെ മാത്രം വിദ്യാഭ്യാസമുള്ള സുന്ദരം വളരെ വിദഗ്ദമായാണ് ബിരുദധാരികളായവരെ തട്ടിപ്പിനിരയാക്കിയത്.ഇയാളെ വിസക്കായി ബന്ധപ്പെടുന്നവരില്‍ നിന്ന് രേഖകളുടെ പകര്‍പ്പുകള്‍ വാങ്ങുകയും വ്യാജ വിസ നിര്‍മിച്ച് ആവശ്യക്കാരുടെ മൊബൈല്‍ വാട്ട്‌സ് ആപ്പില്‍ അയച്ച് കൊടുത്ത് വിശ്വാസ്യത വരുത്തിയ ശേഷമാണ് ഇയാളുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാന്‍ പറയുക.ഇതില്‍ വിശ്വസിച്ചവര്‍ ഇയാളുടെ അക്കൗണ്ടില്‍ പണം ഇടുകയും കബളിപ്പിക്കപ്പെടുകയുമായിരുന്നു.സുന്ദരത്തിന് വിസ തട്ടിപ്പുമായി ബന്ധപ്പെട്ട് തമിഴ്‌നാട് കാരിക്കുടി പൊലിസ് സ്റ്റേഷനില്‍ രണ്ട് കേസുകള്‍ നിലവിലുണ്ട്.കൂടുതല്‍ പേര്‍ ഇയാളുടെ തട്ടിപ്പിനിരയായതായാണ് വിവരം.ഇത് സംബന്ധിച്ചു വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് അസി.കമ്മീഷണര്‍ എസ്.വിജയന്‍ പറഞ്ഞു.പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."