ആരാധനാലയങ്ങള്‍ക്ക് അനുമതി നല്‍കുന്നതില്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥ: ന്യൂനപക്ഷ കമ്മിഷന്‍
കോഴിക്കോട്: സംസ്ഥാനത്ത് ന്യൂനപക്ഷ ആരാധനാലയങ്ങള്‍ക്ക് അനുമതി നല്‍കുന്നതില്‍ ഉദ്യോഗസ്ഥര്‍ അനാസ്ഥയും അലംഭാവവും കാണിക്കുന്നതായി ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ അഡ്വ. എം വീരാന്‍കുട്ടി. കോഴിക്കോട് കലക്ടറേറ്റില്‍ നടന്ന ഫുള്‍ സിറ്റിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരത്തിലുള്ള പരാതികളാണ് അധികവും കമ്മിഷന് ലഭിക്കുന്നത്. ആരാധനാലയങ്ങളുടേയും ശ്മശാനങ്ങളുടേയും നിര്‍മാണത്തിന് അനുമതി നല്‍കാനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തിരികെ നല്‍കണമെന്നും കമ്മിഷന്‍ ശുപാര്‍ശ ചെയ്തു. മതപരമായ ആവശ്യങ്ങള്‍ക്കുള്ള ഏതൊരു കെട്ടിടത്തിന്റെ നിര്‍മാണത്തിനും കലക്ടറുടെ മുന്‍കൂര്‍ അനുമതി വേണമെന്ന നിയമം വരുന്നത് 2005ലാണ്. ആരാധനാലയങ്ങളും ബന്ധപ്പെട്ട കെട്ടിടങ്ങളും എവിടെ സ്ഥാപിക്കണമെന്ന് തീരുമാനിക്കാനുള്ള അധികാരം മതവിശ്വാസികള്‍ക്ക് ഉണ്ടെണ്ടന്നിരിക്കെ ഏതെങ്കിലുമൊരു പരാതിയുടെ അടിസ്ഥാനത്തില്‍ അനുമതി നല്‍കാതിരിക്കുന്നത് ശരിയല്ലെന്ന് കമ്മിഷന്‍ അഭിപ്രായപ്പെട്ടു.
കേരള കാര്‍ഷിക സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ എന്‍.സി.എ തസ്തികയിലേക്ക് അപേക്ഷിച്ചിട്ടും നിയമനം നല്‍കിയില്ലെന്ന പരാതിയില്‍ വിശദമായ സത്യവാങ്മൂലം ആവശ്യപ്പെടും. ഫാത്തിമാ റഹീം താമരക്കുളം സമര്‍പ്പിച്ച ഹര്‍ജിയിലാണ് തീരുമാനം. കള്‍ച്ചറല്‍ സെന്റര്‍ കെട്ടിടത്തില്‍ വച്ച് പ്രാര്‍ഥന നടത്തരുതെന്നും പ്രവര്‍ത്തന സമയം നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ടതിനെതിരേ പോത്തഞ്ചേരിത്താഴം ഐഡിയല്‍ കള്‍ച്ചറല്‍ സെന്റര്‍ സെക്രട്ടറി സമര്‍പ്പിച്ച പരാതിയില്‍ കോഴിക്കോട് ആര്‍.ഡി.ഒ യും വില്ലേജ് ഓഫിസറെയും വിസ്തരിക്കാന്‍ കമ്മിഷന്‍ തീരുമാനിച്ചു. പുതിയറ സി.എസ്.ഐ ചര്‍ച്ച് ശ്മശാനം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടു ചര്‍ച്ച് സെക്രട്ടറി സമര്‍പ്പിച്ച പരാതിയില്‍ കമ്മിഷന്‍ സര്‍വേ സൂപ്രണ്ടണ്ടിന് നോട്ടീസ് നല്‍കി. ചികിത്സ നിഷേധിച്ച ഡോക്ടര്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് തിരുനിലാപറമ്പ് റാസിഖ് നല്‍കിയ പരാതിയില്‍ കമ്മിഷന്‍ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോ. ഷീലാ ഗോപകുമാര്‍, ഡോ. ഹരിദാസ് എന്നിവരില്‍ നിന്നു വിശദീകരണം തേടി. ആശുപത്രിയില്‍ വന്ന് അക്രമം നടത്തിയതിനാല്‍ പരാതിക്കാരനെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നതായി മെഡിക്കല്‍ ഓഫിസര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
മാറാട് പള്ളി വിശ്വാസികള്‍ക്ക് പൂര്‍ണമായും വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മുഹമ്മദ് അഷ്‌റഫ് സമര്‍പ്പിച്ച പരാതിയില്‍ കമ്മിഷന്‍ ജില്ലാ കലക്ടറില്‍ നിന്നു അടിയന്തര വിശദീകരണം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് കമ്മിഷന്‍ മാറാട് സന്ദര്‍ശനം നടത്തും. പള്ളി നിര്‍മാണത്തിന് അനുമതി ലഭിക്കാന്‍ കാലതാമസം വരുന്നത് സംബന്ധിച്ച് സുലൈമാന്‍ കരിവള്ളൂര്‍ സമര്‍പ്പിച്ച പരാതിയില്‍ ആവശ്യമായ നടപടികള്‍ക്ക് കമ്മിഷന്‍ ശുപാര്‍ശ ചെയ്യുമെന്ന് അറിയിച്ചതിനാല്‍ കേസ് അവസാനിപ്പിച്ചു. അങ്കണവാടി അധ്യാപികയായി സ്ഥിരനിയമനം ലഭിക്കുന്നതുമായി ബന്ധപ്പെട്ട് കുമ്മങ്കോട് നബീസ സമര്‍പ്പിച്ച പരാതിയില്‍ ജില്ലാ സാമൂഹ്യനീതി ഓഫിസറില്‍ നിന്നു റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. 26 കേസുകള്‍ പരിഗണിച്ചതില്‍ നാലെണ്ണം തീര്‍പ്പാക്കി. കമ്മിഷന്‍ അംഗങ്ങളായ അഡ്വ. കെ.പി മറിയുമ്മ, അഡ്വ. വി.വി ജോഷി എന്നിവരും പങ്കെടുത്തു. അടുത്ത സിറ്റിങ് സെപ്തംബര്‍ 15ന് നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."