ഒഴിപ്പിക്കല്‍ തടഞ്ഞ നടപടി: റിപ്പോര്‍ട്ട് തിങ്കളാഴ്ച
തൊടുപുഴ: മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ തടഞ്ഞതിനെക്കുറിച്ച് ജില്ലാ കലക്ടര്‍ ജി. ആര് ഗോകുല്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് നല്‍കും. നിസ്സഹകരിച്ച പൊലിസ് ഉദ്യാഗസ്ഥര്‍ക്കെതിരെ കലക്ടര്‍ നടപടി ആവശ്യപ്പെടും. സബ് കലക്ടര്‍ നല്കിയ റിപ്പോര്‍ട്ടും കലക്ടര്‍ സര്‍ക്കാരിനു കൈമാറും. അതേസമയം സി.പി.എം പ്രവര്‍ത്തകരുടെ എതിര്‍പ്പിനിടെ കയ്യേറ്റം ഒഴിപ്പിച്ച ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന് ഫോണില്‍ വിളിച്ച് അനുമോദനം അറിയിച്ചു. പൊലിസ് സഹകരിക്കാതിരുന്നിട്ടും ഒഴിപ്പിക്കല്‍ നടത്തിയതിനാണ് റവന്യു മന്ത്രി അനുമോദിച്ചത്.
ദേവികുളത്തു സര്‍ക്കാര്‍ഭൂമി കയ്യേറിയത് ഒഴിപ്പിക്കാനെത്തിയ റവന്യു ഉദ്യോഗസ്ഥരെ സി.പി.എം പഞ്ചായത്തംഗത്തിന്റെയും ലോക്കല്‍ സെക്രട്ടറിയുടെയും നേതൃത്വത്തിലുള്ള സംഘം തടഞ്ഞതു സംഘര്‍ഷത്തിനിടയാക്കിയിരുന്നു. കയ്യേറ്റം തടയാന്‍ റവന്യു വകുപ്പ് നിയോഗിച്ച ഭൂസംരക്ഷണ സേനാംഗങ്ങളെ സി.പി.എം നേതാക്കള്‍ കയ്യേറ്റംചെയ്തു. വിവരമറിഞ്ഞു സ്ഥലത്തെത്തിയ ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടറാമിനെ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിലുള്ള സംഘം അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തുനീക്കാന്‍ ആവശ്യപ്പെട്ടിട്ടും അനുസരിക്കാതിരുന്ന പൊലിസിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് 17 നു കലക്ടര്‍ക്കു റിപ്പോര്‍ട്ടു കൈമാറുമെന്ന് സബ് കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."