പദ്ധതി പൂര്‍ത്തീകരണത്തില്‍ മെല്ലെപ്പോക്കെന്ന് പ്രതിപക്ഷം: ജാഗ്രത കാണിക്കാമെന്ന് പ്രസിഡന്റ്
കാസര്‍കോട്: ജില്ലാ പഞ്ചായത്തിലെ പദ്ധതി പൂര്‍ത്തീകരണത്തില്‍ മൊല്ലെപോക്കെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ സ്പില്‍ ഓവര്‍ വര്‍ക്കുകളുടെ പ്രശ്‌നമാണ് പലതുമെന്നും ഉന്നയിച്ച പ്രശ്‌നത്തില്‍ ജാഗ്രതയോടെ ഇടപെടുമെന്നും വിമര്‍ശനത്തെ പോസിറ്റീവായി ഉള്‍ക്കൊണ്ട് മുന്നോട്ട് പോകുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ പറഞ്ഞു.
ഇന്നലെ രാവിലെ യോഗം തുടങ്ങിയയുടനെ സി.പി.എമ്മിലെ വി.പി.പി മുസ്തഫയാണ് പ്രശ്‌നങ്ങള്‍ ഉന്നയിച്ച് തുടങ്ങിയത്. ജില്ലാ പഞ്ചായത്തിന്റെ അന്തിമരേഖ ഇപ്പോഴും ലഭിച്ചില്ല. ജില്ലാ ആശുപത്രിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നില്ല. സ്‌കൂളുകളിലെ മെയിന്റനന്‍സ് പ്രവൃത്തി പൂര്‍ത്തീകരിച്ചില്ലെന്നും ഇത്തരത്തില്‍ നിരവധി ഉദാഹരണങ്ങളുണ്ടെന്നും എല്ലാകാര്യത്തിലും ഒരു മെല്ലെപോക്ക് കാണാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്പില്‍ ഓവര്‍ പദ്ധതികളാണ് പലതുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞപ്പോള്‍ ലൈഫ് മിഷന്‍ പദ്ധതികളില്‍ പോലും ഒന്നും നടക്കുന്നില്ലെന്ന് വി.പി.പി മുസ്തഫയും ഇ. പത്മാവതിയുും പറഞ്ഞു. റോഡ് പണിപോലും കൃത്യമായി നടക്കുന്നില്ലെന്ന് ഇ. പത്മാവതി പറഞ്ഞപ്പോള്‍ നാറ്റ്പാക്കിന്റെ മെല്ലോപോക്കാണ് റോഡ് പണി ഇഴയുന്നതിന് കാരണമെന്നും സ്‌കൂള്‍ മെയിന്റനന്‍സ് നടക്കാത്തതിന് കാരണം സ്‌കൂളുകള്‍ സന്ദര്‍ശിച്ച് കാര്യങ്ങള്‍ തീരുമാനിക്കാമെന്ന സ്റ്റാന്റിങ് കമ്മിറ്റി തീരുമാനം കാരണമാണെന്നും പ്രസിഡന്റ് മറുപടി നല്‍കി.
ജില്ലാ പഞ്ചായത്ത് യോഗത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നുണ്ട്. കൃത്യതയോടെയാണ് തീരുമാനമെടുക്കുന്നത്. എന്നാല്‍ നടത്തിപ്പിന് മെല്ലേപോക്ക് തന്നെയാണ്. ഉദ്യോഗസ്ഥരുടെ മെല്ലേപോക്കിനെതിരേ നടപടി വേണമെന്നും വി.പി.പി മു്‌സതഫയും ജോസ് പതാലിലും ആവശ്യപ്പെട്ടു. 14 റോഡുകളുടെ മെക്കാഡം ടാറിങ്ങിനുള്ള അപേക്ഷ രണ്ടരമാസമാണ് നാറ്റ്പാക് ഉരുട്ടിയതെന്നും ഇത്തരം വിഷയങ്ങള്‍ മാത്രം ചര്‍ച്ച ചെയ്യാനായി മാത്രം ജില്ലാ പഞ്ചായത്ത് യോഗം ചേരാമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ പറഞ്ഞു.
പുല്ലൂര്‍ വിത്തുല്‍പ്പാദന കേന്ദ്രം സംബന്ധിച്ച പരിശോധനാ റിപ്പോര്‍ട്ടിന്‍മേലുള്ള തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിന് ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെയും പുല്ലൂര്‍ സീഡ് ഫാമിലെ ജീവനക്കാരുടെയും യോഗം ജൂലൈ നാലിന് രാവിലെ 11ന് നടത്താന്‍ യോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്തിന്റെ 'ഇനിയും പുഴ ഒഴുകും' പദ്ധതിക്ക് വൈറ്റിങ് ഓഫിസര്‍ അനുമതി നിഷേധിച്ച സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ അപ്പീല്‍ സമര്‍പ്പിക്കുന്നതിന് തീരുമാനിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, ഷാനവാസ് പാദൂര്‍, പി.സി സുബൈദ, അഡ്വ. എ.പി ഉഷ, പുഷ്പ അമേക്കള സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."