സ്‌കോച്ച് ദേശീയ പുരസ്‌ക്കാര നേട്ടത്തില്‍ കണ്ണൂര്‍
കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയ മാപ്പ് മൈ ഹോം കണ്ണൂര്‍, പ്ലാസ്റ്റിക് ഫ്രീ കണ്ണൂര്‍ എന്നീ പദ്ധതികള്‍ക്ക് സ്‌കോച്ച് ഓര്‍ഡര്‍ ഓഫ് മെറിറ്റ് ദേശീയ പുരസ്‌ക്കാരം. ദേശീയ തലത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നടപ്പാക്കിയ മികച്ച പദ്ധതികളില്‍ നിന്നാണ് ജില്ലയിലെ രണ്ട് പദ്ധതികള്‍ പുരസ്‌ക്കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്. ന്യൂഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ് ഓഫ് ഇന്ത്യയില്‍ വെച്ച് നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി അവാര്‍ഡ് ഏറ്റുവാങ്ങി. ജില്ലയുടെ കൂട്ടായ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമാണിതെന്ന് അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് കലക്ടര്‍ അഭിപ്രായപ്പെട്ടു.
മാപ്പ് മൈ ഹോം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മൂവായിരത്തില്‍പ്പരം സര്‍ക്കാര്‍അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, മറ്റ് വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവ ഗൂഗിള്‍ മാപ്പില്‍ ലഭ്യമാക്കിയിരുന്നു. ജില്ലാ കളക്ടര്‍ മീര്‍ മുഹമ്മദലിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നടന്ന പദ്ധതിയുടെ ഏകോപനം നിര്‍വഹിച്ചത് സ്റ്റേറ്റ് ഐ.ടി മിഷന്‍ ജില്ലാ പ്രൊജക്ട് മാനേജര്‍ സി.എം.മിഥുന്‍ കൃഷ്ണയായിരുന്നു. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും മാപ്പ് ചെയ്തുവെന്ന് ഉറപ്പുവരുത്തുന്നതിനായി മൂന്ന് മാസത്തോളം പ്രതിവാര അവലോകന യോഗങ്ങള്‍ കലക്ടര്‍ നേരിട്ട് വിളിച്ചുചേര്‍ത്തിരുന്നു. പദ്ധതിയുടെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ജില്ലാ ഭരണകൂടം പൊതുജനങ്ങള്‍ക്കായി തയ്യാറാക്കിയ വി.ആര്‍ കണ്ണൂര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്യുകയുണ്ടായി. എന്‍.ഐ.സി രൂപകല്‍പ്പന ചെയ്ത ഈ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ലഭ്യമാണ്.
ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ നടപ്പിലാക്കിയ നല്ല മണ്ണ് നല്ല നാട്-പ്ലാസ്റ്റിക് ഫ്രീ കണ്ണൂര്‍ പദ്ധതിയുടെ ലക്ഷ്യം ജില്ലയിലെ പ്ലാസ്റ്റിക് കാരി ബാഗ്, ഡിസ്‌പോസബ്ള്‍ കപ്പുകള്‍, പ്ലേറ്റുകള്‍ എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക എന്നതായിരുന്നു. ഇതിന്റെ ഭാഗമായി സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെ പ്ലാസ്റ്റിക് സഞ്ചികള്‍ വിതരണം ചെയ്യുന്നത് വിലക്കുകയുണ്ടായി. മാലിന്യമില്ലാത്ത മംഗല്യം, കലക്ടര്‍ അറ്റ് സ്‌ക്കൂള്‍ തുടങ്ങിയ പദ്ധതികളും ഇതിന്റെ ഭാഗമായി നടപ്പാക്കി.
കണ്ണൂര്‍ കോര്‍പറേഷന്‍, ശുചിത്വ മിഷന്‍ എന്നിവയുടെ സഹകരണത്തോടെയായിരുന്നു പദ്ധതി നടപ്പിലാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."