ബാങ്ക് മാനേജരുടെ മാനനഷ്ടകേസ്: എസ്.പി നിശാന്തിനി അടക്കമുള്ളവര്‍ക്ക് നോട്ടീസ്
തൊടുപുഴ: കള്ളക്കേസില്‍ കുടുക്കി ബാങ്കുമാനേജരെ അപമാനിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ 28 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിന് എസ്.പി ആര്‍ നിശാന്തിനിക്കും മറ്റു പൊലിസ് ഉദ്യോഗസ്ഥര്‍ക്കും തൊടുപുഴ സബ്‌കോടതി നോട്ടീസ് അയച്ചു. തൊടുപുഴ യൂനിയന്‍ ബാങ്ക് മാനേജര്‍മാരായിരുന്ന പേഴ്‌സി ജോസഫ് ഡെസ്മണ്ടും കുടുംബാംഗങ്ങളുമാണ് കേസിലെ വാദികള്‍.
കേരളാ പൊലിസും ആഭ്യന്തരവകുപ്പും ഉള്‍പ്പെടെ 18 പേരെ കക്ഷികളാക്കിയാണ് തൊടുപുഴ സബ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. മെയ് 22ന് ഇവര്‍ കോടതിയില്‍ ഹാജരാകണമെന്നാണ് നോട്ടീസിലുള്ളത്.
2011 ജൂലൈ 26നായിരുന്നു കേസിനാസ്പദമായ സംഭവം. വനിതാ സിവില്‍ പൊലിസ് ഓഫിസറെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്ന കള്ളക്കേസുണ്ടാക്കിയ ശേഷം പേഴ്‌സി ജോസഫിനെ അന്ന് തൊടുപുഴയില്‍ എ.എസ്.പി ആയിരുന്ന നിശാന്തിനി ഓഫിസിലേക്കു വിളിച്ചുവരുത്തി പൊലിസുകാരോടൊപ്പം മര്‍ദിച്ചെന്നായിരുന്നു പരാതി. മുന്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഷീജ ജയനും ആര്‍ നിശാന്തിനിയും ഗൂഢാലോചന നടത്തി തന്നെ കേസില്‍പ്പെടുത്തുകയായിരുന്നുവെന്നായിരുന്നു പേഴ്‌സിയുടെ ആരോപണം.
നിശാന്തിനിയുടെ കീഴിലുള്ള രണ്ടു വനിത പൊലിസ് ഉദ്യോഗസ്ഥരെ വാഹന വായ്പ എടുക്കാനെന്ന വ്യാജേന ബാങ്ക് മാനേജരായിരുന്ന പേഴ്‌സി ജോസഫിന്റെ അടുക്കല്‍ പറഞ്ഞയച്ചു. ബാങ്കിലെത്തിയ വനിത പൊലിസുകാരിയെ കാബിനിലിട്ട് മാനഭംഗപ്പെടുത്താന്‍ മാനേജര്‍ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു സ്‌റ്റേഷനിലിട്ട് മര്‍ദ്ദനം. മാപ്പ് എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും മാനേജര്‍ തയാറായില്ല. തുടര്‍ന്ന് മാനഭംഗത്തിന് മാനേജര്‍ക്കെതിരെ ക്രൈംബ്രാഞ്ചിനെക്കൊണ്ട് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുകയും ചെയ്തു. എന്നാല്‍, ഈ കേസ് പരിഗണിച്ച തൊടുപുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ജോമോന്‍ ജോസഫ്, കള്ളക്കേസെന്ന് കണ്ടെത്തി പേഴ്‌സിയെ വെറുതെ വിടുകയായിരുന്നു.
മുന്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഷീജ ജയന്‍, വനിതാ കോണ്‍സ്റ്റബിള്‍മാരായ പ്രമീള, യമുന, പ്രമീളയുടെ ഭര്‍ത്താവ് കൂടിയായ സിവില്‍ പൊലിസ് ഓഫിസര്‍ ബിജു, മുന്‍ ഇടുക്കി എസ്.പി ജോര്‍ജ് വര്‍ഗീസ്, സിവില്‍ പൊലിസ് ഓഫിസര്‍മാരായ മുരളീധരന്‍ നായര്‍, ക്ലീറ്റസ്, അബ്ദുല്‍കരീം, എഡി.ജി.പി ശ്രീലേഖ, റിട്ടയേര്‍ഡ് എസ്.ഐ മുഹമ്മദ്, പ്രിന്‍സിപ്പല്‍ സെക്രട്ടറി സാജന്‍,ഹോം സെക്രട്ടറി നിവേദിത പി ഹരന്‍, ക്രൈംബ്രാഞ്ച് ഡിവൈ.എസ.്പി സുരേഷ്‌കുമാര്‍, ഡോ. പി എന്‍ അജി തുടങ്ങിയവരാണ് പ്രതികള്‍. സി.എം ടോമി ചെറുവള്ളിയാണ് പേഴ്‌സി ജോസഫിനുവേണ്ടി ഹാജരാകുന്നത്.
പേഴ്‌സിയെ കൂടാതെ ഭാര്യ ആശ, എയര്‍ ഇന്ത്യയില്‍ പൈലറ്റായ മകന്‍ സ്വരൂപ്, ദേശീയ ബാഡ്മിന്റന്‍ താരമായ മകള്‍ സിന്‍ഡാ എന്നിവരും കേസിലെ വാദികളാണ്. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരുങ്കെിലും ഭാരിച്ച കോടതി ചെലവ് താങ്ങാന്‍ പറ്റാത്തതിനാലാണ് 28 ലക്ഷമാക്കിയത്. നിശാന്തിനിക്കെതിരെ പേഴ്‌സി നല്‍കിയിരിക്കുന്ന ക്രിമിനല്‍ കേസുകള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തിരിക്കുന്നതിനാല്‍ തുടര്‍നടപടികളായിട്ടില്ല. പേഴ്‌സി ജോസഫ് ഇപ്പോള്‍ യൂനിയന്‍ ബാങ്കിന്റെ ഹൈദരാബാദിലെ ചീഫ് മാനേജരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."