കേരഫെഡ് കൊപ്രസംഭരണ പദ്ധതി പാളി
#എം.പി മുജീബ് റഹ്മാന്‍
കണ്ണൂര്‍: മായം കലര്‍ന്ന വെളിച്ചെണ്ണ വിപണിയിലെത്തുന്നതു തടയാന്‍ കേരഫെഡ് ഒരുവര്‍ഷം മുന്‍പ് പ്രഖ്യാപിച്ച കൊപ്ര സംഭരണ പദ്ധതി സര്‍ക്കാര്‍ ഫണ്ട് ലഭ്യമാകാത്തതിനെ തുടര്‍ന്നു നടപ്പായില്ല. സഹകരണ സംഘങ്ങള്‍ വഴി കൊപ്ര സംഭരിക്കുന്നതിനായി 2017ലാണ് ഉത്തരവിറക്കിയത്. എന്നാല്‍ ഇതിനായി ഫണ്ട് മാറ്റിവയ്ക്കാന്‍ സര്‍ക്കാര്‍ തയാറാവാത്തതിനെ തുടര്‍ന്നാണു പദ്ധതി കടലാസില്‍ ഒതുങ്ങിയത്. ഇതര സംസ്ഥാനങ്ങളില്‍നിന്നു കേരളത്തിലേക്കെത്തുന്ന മായം കലര്‍ന്ന വെളിച്ചെണ്ണയുടെ ഒഴുക്ക് തടയുകയെന്ന ലക്ഷ്യത്തോടെയാണു കേരഫെഡ് കൊപ്ര സംഭരണത്തിനു പദ്ധതി തയാറാക്കിയത്.
കേരഫെഡില്‍ അംഗങ്ങളായ പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍, മാര്‍ക്കറ്റിങ് സഹകരണ സംഘങ്ങള്‍ എന്നിവയിലൂടെ കര്‍ഷകരില്‍നിന്നു നാളികേരം സംഭരിക്കുകയായിരുന്നു പദ്ധതിയുടെ ആദ്യഘട്ടം. തുടര്‍ന്നു സംഭരിച്ച നാളികേരം ഉപയോഗിച്ച് 30 ശതമാനത്തില്‍ കുറയാത്ത ഫെയര്‍ ആവറേജ് ക്വാളിറ്റിയുള്ള കൊപ്രയാക്കി സഹകരണ സംഘങ്ങള്‍ കേരഫെഡിനു നല്‍കണം. ഉല്‍പാദന ചെലവായി ക്വിന്റലിനു 910 രൂപ വീതം കേരഫെഡ് സഹകരണ സംഘങ്ങള്‍ക്കു നല്‍കാനും തീരുമാനമെടുത്തിരുന്നു. 2017 ഒക്ടോബര്‍ 26നു സര്‍ക്കാര്‍ ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. സംഭരണവും സംസ്‌കരണവും നടത്തുന്നതിനുള്ള സ്ഥാപനങ്ങളെ തെരഞ്ഞെടുക്കുന്നതിനായി ജില്ലാ കൃഷി ഓഫിസര്‍, സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍, കേരഫെഡ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന സമിതി രൂപീകരിക്കുകയും ചെയ്തു. പദ്ധതി സുതാര്യവും കുറ്റമറ്റതുമാക്കി നടപ്പാക്കുന്നതിനു സംസ്ഥാന, ജില്ലാ അടിസ്ഥാനത്തില്‍ പരിശോധനാ സമിതികള്‍ രൂപീകരിക്കാനും ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു. വിപണി വിലയ്ക്കനുസരിച്ച് സംഭരണ പദ്ധതി പ്രകാരം നാളികേരത്തിനു വില നിശ്ചയിക്കുന്നതിനായി സംസ്ഥാന തലത്തില്‍ വിദഗ്ധ സമിതി രൂപീകരിക്കുകയും സംഭരണം മൂലമുണ്ടാകുന്ന വില വ്യത്യാസവും സംഭരണ ചെലവുകളും കേരഫെഡിന് അനുവദിച്ച് നല്‍കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
പ്രതിവര്‍ഷം 30 കോടി രൂപയാണു പദ്ധതിക്കു ചെലവ് കണക്കാക്കിയത്. എന്നാല്‍ ഉത്തരവിറങ്ങി ഒരുവര്‍ഷം കഴിഞ്ഞിട്ടും ഒരുരൂപ പോലും സര്‍ക്കാര്‍ പദ്ധതിക്കായി മാറ്റിവച്ചില്ല. ഇതോടെ പദ്ധതി പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. കൃഷി ഭവനുകള്‍ വഴി പച്ചത്തേങ്ങ സംഭരിക്കുന്ന പദ്ധതിയും നേരത്തെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നു മുടങ്ങിയിരുന്നു. ഇതോടെ നാളികേര വിപണിയില്‍ വീണ്ടും ഇതര സംസ്ഥാന ലോബി പിടിമുറുക്കി. കര്‍ണാടക, തമിഴ്‌നാട്, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലേക്കാണു കേരള വിപണിയിലെ നാളികേരം വ്യാപകമായി കയറ്റി അയയ്ക്കുന്നത്. അതുകൊണ്ട് തന്നെ കേരളത്തിലെ വെളിച്ചെണ്ണ വിപണിയും നിലവില്‍ ഇവരുടെ നിയന്ത്രണത്തിലാണ്. പരിശോധനകള്‍ വ്യാപകമായി നടക്കുമ്പോഴും മായം കലര്‍ന്ന വെളിച്ചെണ്ണ കേരളത്തിലെ വിപണിയിലേക്ക് ഒഴുകുന്നതിന്റെ കാരണവും ഇതു തന്നെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."