പഞ്ചായത്തിന്റെ മാലിന്യക്കൊട്ട
ആലക്കോട്: ആലക്കോട് ബസ് സ്റ്റാന്റിനു സമീപത്ത് മത്സ്യ മാര്‍ക്കറ്റിനായി നിര്‍മിച്ച കെട്ടിടം മാലിന്യ നിക്ഷേപകേന്ദ്രമാകുന്നു. ഉപയോഗ ശൂന്യമായ കീടനാശിനികള്‍ ഉള്‍പ്പെടെ ഇവിടെ കൂട്ടിയിട്ടിരിക്കുന്നത് വന്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കാണ് വഴിയൊരുക്കുന്നത്. മത്സ്യ മാര്‍ക്കറ്റ് തുടങ്ങുന്നതിനായി 15 വര്‍ഷം മുമ്പ് നിര്‍മിച്ച കെട്ടിടമാണിത്. അശാസ്ത്രീയമായ നിര്‍മാണം കാരണം മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം കടലാസില്‍ ഒതുങ്ങുകയായിരുന്നു. അധികൃതര്‍ കൈയൊഴിഞ്ഞതോടെ കാടും പടലും പിടിച്ച് കെട്ടിടം ഉപയോഗശൂന്യമായി.
ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച കെട്ടിടം മാലിന്യം നിക്ഷേപിക്കാനാണ് പഞ്ചായത്ത് അധികൃതര്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വകാര്യ വ്യക്തി രയരോം പുഴയില്‍ തള്ളിയ മാരക കീടനാശിനികള്‍ പുറത്തെടുത്ത് സൂക്ഷിച്ചിരിക്കുന്നതും ഇവിടെയാണ്. കാലപ്പഴക്കത്താല്‍ അവയില്‍ പല ടിന്നുകളും ദ്രവിച്ചതോടെ വിഷപദാര്‍ഥങ്ങള്‍ കുടിവെള്ള സ്രോതസുകളില്‍ വരെ എത്താന്‍ തുടങ്ങി. മാരകമായ കീടനാശിനികള്‍ ഇവിടെനിന്ന് മാറ്റണമെന്ന നാട്ടുകാരുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും ആവശ്യത്തിനു മുന്നില്‍ പഞ്ചായത്ത് മുഖം തിരിക്കുകയാണ്.
കെട്ടിടത്തിനു മുകളില്‍ കെട്ടിക്കിടക്കുന്ന മലിനജലത്തില്‍ കൊതുകുകള്‍ പെരുകാന്‍ തുടങ്ങിയതോടെ പ്രദേശം പകര്‍ച്ചവ്യാധി ഭീഷണിയിലുമാണ്. സമീപത്തുള്ള കുഴല്‍ കിണറുകളില്‍നിന്ന് ലഭിക്കുന്ന വെള്ളത്തിന് പോലും രൂക്ഷമായ ഗന്ധം അനുഭവ പ്പെടുന്നതായി നാട്ടുകാര്‍ പറയുന്നു. തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രിയുടെ പ്രവര്‍ത്തനത്തിനും ഇവിടുത്തെ മാലിന്യനിക്ഷേപം വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.
ജനവാസ പ്രദേശത്തുനിന്ന് കീടനാശിനി നീക്കം ചെയ്യാനുള്ള അടിയന്തിര നടപടികള്‍ ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."