കറന്‍സി ക്ഷാമം; ക്ഷേമ പെന്‍ഷന്‍ വിതരണം അവതാളത്തില്‍
തൊടുപുഴ: സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം കറന്‍സിക്ഷാമം മൂലം അവതാളത്തിലാകുന്നു. ആവശ്യപ്പെടുന്ന പണം നല്‍കാന്‍ ബാങ്കുകള്‍ക്ക് കഴിയാത്തതിനാല്‍ ട്രഷറികള്‍ വീണ്ടും സംഘര്‍ഷ വേദിയാവുകയാണ്.
കറന്‍സിക്ഷാമം രൂക്ഷമായിട്ടും കേന്ദ്ര സര്‍ക്കാരും ആര്‍.ബി.ഐയും ക്രമീകരണങ്ങള്‍ക്ക് തയാറാവാത്തതിനെതിരെ ജനരോഷം ശക്തമായി.ബാങ്ക് അക്കൗണ്ടിലൂടെയും പോസ്റ്റ് ഓഫിസിലൂടെയും സഹകരണബാങ്ക് മുഖേനയുമാണ് സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യുന്നത്. ഇതില്‍ ബാങ്ക് അക്കൗണ്ട് മുഖേന പെന്‍ഷന്‍ ലഭിക്കുന്നവരാണ് ഏറെ ദുരിതത്തിലായത്. സഹകരണബാങ്കുകള്‍ മുഖേനയുടെ പെന്‍ഷന്‍ വിതരണത്തിനള്ള പണം ട്രഷറിയിലൂടെയുമാണ് നല്‍കുന്നത്. ഇതിനുള്ള പണം സംസ്ഥാന സര്‍ക്കാര്‍ ട്രഷറികളിലേയ്ക്ക് നല്‍കിയിട്ടുണ്ടെങ്കിലും കറന്‍സിക്ഷാമം മൂലം എല്ലാം താറുമാറായി.
ചെക്ക് മാറി പണം കൊണ്ടുപോകാന്‍ എത്തുന്ന സഹകരണബാങ്ക് അധികൃതര്‍ക്ക് മുന്നില്‍ ട്രഷറി ജീവനക്കാര്‍ കൈമലര്‍ത്തുകയാണ്.
അക്കൗണ്ടില്‍ പണമുണ്ടെങ്കിലും അത് കറന്‍സി രൂപത്തില്‍ ലഭ്യമാക്കി ഗുണഭോക്താക്കളുടെ കൈകളില്‍ എത്തിക്കാന്‍ കഴിയുന്നില്ല. മിക്ക സഹകരണ ബാങ്കുകളും പണത്തിനായി ട്രഷറികള്‍ കയറിയിറങ്ങുകയാണ് പലര്‍ക്കും ഭാഗികമായി പണം നല്‍കാനെ ട്രഷറികള്‍ക്കും സാധിക്കുന്നുള്ളൂ.
സഹകരണ ബാങ്കുകളിലേയ്ക്ക് നല്‍കാനുള്ള പണം ജില്ലാ ബാങ്കുകളിലേയ്ക്ക് ട്രഷറിയില്‍ നിന്നും അക്കൗണ്ട് ട്രാന്‍സ്ഫര്‍ മുഖേന നിക്ഷേപിക്കാമെന്ന് കരുതിയാലും രക്ഷയില്ല. ജില്ലാ ബാങ്കുകളും കറന്‍സി ദാരിദ്രത്തിലാണ്.
ട്രഷറികളില്‍ പെന്‍ഷന്‍ വിതരണവും തുടര്‍ച്ചയായി മുടങ്ങുന്നു. തൊടുപുഴ സബ്ട്രഷറിയില്‍ ബുധനാഴ്ച 50 ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോള്‍ 26 ലക്ഷം രൂപ മാത്രമാണ് ബാങ്കില്‍ നിന്ന് നല്‍കിയത്. രണ്ടായിരത്തിന്റെ കുറച്ചു നോട്ടുകളാണ് ലഭിച്ചത്. 10 രൂപയുടെ കെട്ടുകള്‍ കൊണ്ടു പോകാനുള്ള വൈമുഖ്യം മൂലം പലരും പെന്‍ഷന്‍ വാങ്ങാതെ മടങ്ങി. പെന്‍ഷന്‍ പരിഷ്‌കരണത്തിന്റെ ഭാഗമായുള്ള കുടിശികയും പിന്‍ലിക്കാനാകുന്നില്ല.
നൂറു മുതല്‍ രണ്ടായിരം രൂപ വരെയുള്ള പുതിയ നോട്ടുകള്‍ ആര്‍.ബി.ഐയില്‍ നിന്ന് എത്തുന്നില്ല. പെട്രോള്‍ ബങ്കുകളില്‍ നിന്നും മറ്റുമാണ് ഉയര്‍ന്ന തുകയുടെ നോട്ടുകള്‍ ഇപ്പോള്‍ ബാങ്കുകളില്‍ എത്തുന്നത്.
എ.ടി.എമ്മുകള്‍ പലതും കാലിയുമാണ്. തുടര്‍ച്ചയായി പണം ലഭ്യമാക്കാനായില്ലെങ്കിലും ഒന്നിട വിട്ട ദിവസങ്ങളിലെങ്കിലും അല്‍പം പണം നിറച്ചാണ് കടുത്ത പ്രതിഷേധത്തില്‍ നിന്ന് അവര്‍ രക്ഷപെടുന്നത്.
ആര്‍.ബി.ഐ നിര്‍ദേശിച്ചതനുസരിച്ച് ബാങ്കില്‍ നിന്ന് നല്‍കിയ 50 രൂപയുടെ സോയില്‍ഡ് നോട്ടുകള്‍ മറ്റ് ബാങ്കുകള്‍ പോലും സ്വീകരിക്കാത്ത സ്ഥിതിയുണ്ട്. അത്രയേറെ പഴകിയ നോട്ടുകളാണിത്. ഇതു പോലും ഇപ്പോള്‍ ബാങ്കില്‍ ലഭ്യമല്ല. സംസ്ഥാന സര്‍കാരിന്റെ റവന്യു വരുമാനമാണ് ഇപ്പോള്‍ ട്രഷറികള്‍ക്ക് അല്‍പം ആശ്വാസമേകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."