രാഹുല്‍ ഹണ്ടിലെ 'രമ്യോ'ദയം
#ബി.കെ അനസ്
കോഴിക്കോട്: ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കോഴിക്കോട്ടുകാരി രമ്യ ഹരിദാസിന്റെ തലവരതന്നെ മാറിപ്പോയത്. ആ വര ഇന്ന് ആലത്തൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിത്വം വരെ രമ്യയെ കൊണ്ടെത്തിച്ചു. ആറുവര്‍ഷങ്ങള്‍ക്ക് മുന്‍പ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ വച്ച് നടന്ന 'ടാലന്റ് ഹണ്ട്' എന്ന പരിപാടിയിലൂടെയാണ് രമ്യ ശ്രദ്ധിക്കപ്പെടുന്നത്. നാല് ദിവസം നീണ്ടുനിന്ന പരിപാടിക്കിടെ വ്യത്യസ്തമായ അഭിപ്രായങ്ങളും നിലപാടുകളും പങ്കുവെച്ച രമ്യ, രാഹുല്‍ഗാന്ധിയുടെ ടാലന്റഡ് ലിസ്റ്റില്‍ വരികയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പദവി മുതല്‍ യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ കോഓര്‍ഡിനേറ്റര്‍ പദവി വരെ ഈ യുവതിയെ തേടിയെത്തി.
സാധാരണ കുടുംബത്തില്‍ ജനിച്ച രമ്യ ജവഹര്‍ ബാലജനവേദിയിലൂടെയാണ് സംഘടനാ രംഗത്തെത്തുന്നത്. കെ.എസ്.യു പെരുവയല്‍ മണ്ഡലം സെക്രട്ടറിയായിരുന്നു. മ്യൂസിക് ബിരുദധാരിയായ രമ്യ കലോത്സവ വേദികളിലും താരമായി. നൃത്ത അധ്യാപികയായും രമ്യ ഹരിദാസ് ജീവിതത്തില്‍ വേഷമിട്ടിട്ടുണ്ട്.
വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തിന് ശേഷം രമ്യ യൂത്ത്‌കോണ്‍ഗ്രസില്‍ സജീവമായി. യൂത്ത് കോണ്‍ഗ്രസ് പെരുവയല്‍ മണ്ഡലം സെക്രട്ടറി, കുന്ദമംഗലം നിയോജകമണ്ഡലം ജന. സെക്രട്ടറി, കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം ജന. സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇക്കാലത്തുതന്നെ ആദിവാസി മേഖലകളിലേക്കും രമ്യ തന്റെ പ്രവര്‍ത്തനം വ്യാപിപ്പിച്ചിരുന്നു. അട്ടപ്പാടിയിലെ ഊരുകളില്‍ അവര്‍ സേവനം ചെയ്തു. ഗാന്ധിയന്‍ സംഘടനയായ ഏകതാപരിഷത്തിന്റെ സജീവപ്രവര്‍ത്തക കൂടിയായിരുന്നു രമ്യ ഹരിദാസ്. ഏകതാപരിഷത്ത് നടത്തിയ ആദിവാസി ദലിത് സമരങ്ങളില്‍ പങ്കെടുക്കുകയും ചെയ്തു. 2007ല്‍ നെഹ്‌റു യുവകേന്ദ്രയുടെ പൊതുപ്രവര്‍ത്തക അവാര്‍ഡിന് രമ്യ അര്‍ഹയായി. 2012ല്‍ ജപ്പാനില്‍ നടന്ന ലോകയുവജന സമ്മേളനത്തിലും പങ്കെടുത്തിട്ടുണ്ട്.
രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ടാലന്റ് ഹണ്ടില്‍ ശ്രദ്ധിക്കപ്പെട്ടതോടെ യൂത്ത്‌കോണ്‍ഗ്രസ് അഖിലേന്ത്യാ കോഓര്‍ഡിനേറ്ററുടെ പദവിയും രമ്യയെ തേടിയെത്തി. 2015 മുതല്‍ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ്. ഇരുപത്തി ഒന്‍പതാം വയസിലാണ് രമ്യ ഈ പദവിയിലേക്കെത്തുന്നത്.
പി.കെ ബിജുവിന്റെ ഹാട്രിക് വിജയത്തിന് തടയിടാന്‍ ഈ യുവപ്രാഗത്ഭ്യത്തിന് സാധിക്കുമോ എന്നാണ് കണ്ടറിയേണ്ടത്. മാതാപിതാക്കളായ പി.പി ഹരിദാസിനും രാധാ ഹരിദാസിനുമൊപ്പം കോഴിക്കോട് കുറ്റിക്കാട്ടൂരിലാണ് രമ്യ ഹരിദാസ് താമസിക്കുന്നത്. മാതാവ് രാധാ ഹരിദാസ് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."