ഫണ്ട് പരിമിതം: സമഗ്ര ഉച്ചഭക്ഷണ പദ്ധതി താളംതെറ്റുന്നു
കല്‍പ്പറ്റ: ആസൂത്രണത്തിലെ പിഴവും ഫണ്ടിന്റെ അപര്യാപ്തതയും മൂലം കേരളത്തിലെ പൊതു വിദ്യാലയങ്ങളില്‍ നടപ്പാക്കി വരുന്ന ഉച്ച ഭക്ഷണ പരിപാടി താളം തെറ്റുന്നു. കാല്‍നൂറ്റാണ്ട് മുമ്പാരംഭിച്ച സമഗ്ര ഉച്ച ഭക്ഷണ പദ്ധതിയാണ് ഫണ്ട് പരിമിതമായത് മൂലം താളം തെറ്റുന്നത്.
ഉച്ച ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട അരിയുടെ വില ഒഴികെയുള്ള ചെലവുകള്‍ക്ക് കുട്ടിയൊന്നിന് ഒരു ദിവസത്തേക്ക് അഞ്ച് രൂപയാണ് ആദ്യം അനുവദിച്ചത്. വ്യാപകമായ എതിര്‍പ്പിനെത്തുടര്‍ന്ന് നൂറ്റി അമ്പതില്‍ താഴെ കുട്ടികള്‍ മാത്രമുള്ള സ്‌കൂളുകള്‍ക്ക് പാചക കൂലിയും കുട്ടി ഒന്നിന് അഞ്ച് രൂപയും മറ്റ് വിദ്യാലയങ്ങള്‍ക്ക് പാചക കൂലി ഉള്‍പ്പടെ ആറു രൂപ വീതവും നല്‍കാന്‍ തീരുമാനമായി. അക്കാലത്തെ വില നിലവാരം അനുസരിച്ച് തുക ഒരുവിധം തികയുമായിരുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഉച്ച ഭക്ഷണവുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും വന്‍ തോതില്‍ വര്‍ധിച്ചിട്ടും തുക മാറ്റമില്ലാതെ തുടരുന്നതാണ് സ്‌കൂള്‍ അധികൃതര്‍ക്ക് വിനയായത്.
2013 ല്‍ കണ്ടിജന്‍സി തുകയില്‍ ഒരു രൂപ വര്‍ധിപ്പിക്കാന്‍ അധ്യാപക സംഘടനകളുമായുള്ള ചര്‍ച്ചയില്‍ തീരുമാനമായത് ഇനിയും നടപ്പായിട്ടില്ല. ഈ ഫയല്‍ ഇപ്പോഴും ധനകാര്യ വകുപ്പിന്റെ പരിഗണനയിലാണ്. അനുവദിച്ചിരിക്കുന്ന തുക പദ്ധതി നടത്തിപ്പിന് തികയില്ലെന്ന് ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് തന്നെ വ്യക്തമാക്കുന്നു.
ഉച്ചഭക്ഷണ വിതരണം കൂടാതെ പ്രഭാത ഭക്ഷണം, വൈകുന്നേരം ലഘു ഭക്ഷണം എന്നിവ സ്‌കൂള്‍ നൂണ്‍ മീല്‍ കമ്മറ്റിക്ക് ഏര്‍പ്പെടുത്താമെന്നും ആവശ്യമായ വിഭവ സമാഹരണം പ്രാദേശികമായി നടത്തണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ആവശ്യമായ ഫണ്ട് പ്രാദേശികമായി സമാഹരിക്കാന്‍ സാധിക്കാത്ത സ്‌കൂളുകള്‍ ഭക്ഷണ മെനു പരിമിതപ്പെടുത്തിയാണ് മുന്നോട്ട് പോകുന്നത്. കുട്ടികള്‍ക്ക് ലഭിക്കേണ്ട പാല്‍ മുട്ട എന്നിവയിലാണ് ആദ്യം വെട്ടിച്ചുരുക്കല്‍ വരുത്തിയത്. ഇനിയങ്ങോട്ട് കറികള്‍ പോലും നല്‍കാന്‍ കഴിയാത്ത സ്ഥിതി മിക്ക സ്‌കൂളുകള്‍ക്കും വന്നു ചേരും.
ഓരോ കുട്ടിക്കും 20 ഗ്രാം പയര്‍ വര്‍ഗങ്ങള്‍, 50 ഗ്രാം ഇല വര്‍ഗങ്ങള്‍ ഉള്‍പ്പെടെ പച്ചക്കറികള്‍, അഞ്ച് ഗ്രാം എണ്ണ, ആഴ്ചയില്‍ ഒരു മുട്ട, ആഴ്ചയില്‍ രണ്ട് ദിവസം 150 മില്ലിലിറ്റര്‍ പാല്‍ എന്നിവയാണ് ചോറിനു പുറമേ നല്‍കേണ്ടത്. എന്നാല്‍ ഇതിനുള്ള തുക അനുവദിക്കുന്ന കാര്യത്തില്‍ അധികൃതരുടേത് മെല്ലെ പോക്ക് നയമാണ്.
പാചക കൂലി, കടത്ത് കയറ്റിറക്ക് വിറക് തുടങ്ങിയ സ്ഥിര സ്വഭാവമുള്ള ചെലവുകള്‍ക്ക് കുട്ടികളുടെ എണ്ണത്തിനു ആനുപാതികമായി പ്രത്യേകമായി തുക നല്‍കുകയും പാല്‍ മുട്ട എന്നിവക്ക് കാലാകാലങ്ങളിലെ മാര്‍ക്കറ്റ് വില നല്‍കുകയും പച്ചക്കറി പലവ്യഞ്ജനം എന്നിവയ്ക്ക് നിശ്ചിത തുക അനുവദിക്കുകയും ചെയ്താല്‍ മാത്രമേ ഫലപ്രദമായി പദ്ധതി നടപ്പാക്കാന്‍ പറ്റുകയുള്ളു. ഇങ്ങനെ നിശ്ചയിക്കുന്ന നിരക്ക് വര്‍ഷത്തില്‍ ഒരിക്കലെങ്കിലും വിലയിരുത്തി ആവശ്യമായ മാറ്റം വരുത്തുകയും ചെയ്താല്‍ പദ്ധതി വിജയകരമായി മുന്നോട്ട് കൊണ്ടുപോകാനാകുമെന്നാണ് ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."