ഒരിടത്തും പണമില്ല; നട്ടംതിരിഞ്ഞ് നാട്ടുകാര്‍
കോട്ടയം: വിഷുകൈ നീട്ടം നല്കാന് പോലും പലരുടെയും കൈയില്‍ പണമില്ല, ഈസ്റ്റര്‍ എങ്ങനെ ആഘോഷിക്കുമെന്ന ചിന്തയിലാണ് വിശ്വാസികള്‍.
ബാങ്ക് അക്കൗണ്ടില്‍ പണമുണ്ടെങ്കിലും ആവശ്യത്തിന് എടുക്കാന്‍ കഴിയാത്ത സ്ഥിതിയാണ് ഇപ്പോള്‍. ഇന്ന് വിഷുവായതിനാല്‍ ഇന്നലെ എ.ടി.എം കൗണ്ടറിന് മുന്പില് വന്‍ ക്യൂവായിരുന്നു. പക്ഷേ, പലരും നിരാശരായി മടങ്ങി.
ചിലര്‍ക്ക് അടിച്ചുകൊടുക്കുന്ന തുക ലഭിക്കുന്നില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. വിഷു പ്രമാണിച്ച് പച്ചക്കറികളും മറ്റും വാങ്ങാനായി ഇന്നലെ നഗരത്തിലെത്തിയ പലരും പണമില്ലാത്തതിനാല്‍ ബുദ്ധിമുട്ടുകയായിരുന്നു.
എസ്.ബി.ഐ, എസ്.ബി.ടി എന്നിവയുടെ എ.ടി.എമ്മുകളില്‍ ചിലത് മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. പലയിടത്തും പണം പിന്‍വലിക്കാനായി എത്തുമ്പോള്‍ പ്രവര്‍ത്തന രഹിതമെന്ന നോട്ടിസ് മാത്രമാണ് കാണാന്‍ കഴിയുന്നത്.
വിഷു പ്രമാണിച്ച് പതിവില്‍ നിന്നും വ്യത്യസ്തമായി എല്ലാവരും തന്നെ പണം എടുക്കാന്‍ എത്തിയത് സ്റ്റോക്ക് ഉണ്ടായിരുന്ന പണവും പെട്ടെന്ന് തീരാന്‍ കാരണമായി.
ഇനി വരാനിരിക്കുന്നത് ഈസ്റ്ററായതിനാല്‍ എല്ലാവരും വലിയ ആശങ്കയിലാണ്. പണമില്ലെങ്കില്‍ എങ്ങനെ ഈസ്റ്റര്‍ ആഘോഷിക്കുമെന്നാണ് ഇപ്പോള്‍ പലരും ചോദിക്കുന്നത്.
ഇന്ന് ബാങ്ക് അവധിയായതിനാല്‍ കാലിയായ എ.ടിഎമ്മുകള്‍ ഒന്നും തന്നെ നിറയ്ക്കാന്‍ സാധ്യതയില്ല. അതിനാല്‍ മറ്റെന്നാള്‍ ബാങ്കുകളില്‍ അനുഭവപ്പെടുക. ഇന്നലെ എ.ടി.എമ്മില്‍ പണം ഇല്ലാതായതോടെ ഭൂരിഭാഗം ബാങ്കുകളിലും വന്‍ തിരക്കായിരുന്നു.ചെറിയ തുക പിന്‍വലിക്കാന്‍ പോലും ബാങ്കിനെ ആശ്രയിക്കേണ്ടതിനാല്‍ വന്‍ തിരക്കായിരുന്നു അനുഭവപ്പെട്ടത്.
നോട്ട് റദ്ദാക്കിയ സാഹചര്യത്തിന് സമാനമായ അന്തരീക്ഷമാണ് ഇപ്പോള്‍. കോട്ടയം കെ.എസ്.ആര്.ടി.സിയില്‍ സ്ഥാപിച്ചിരിക്കുന്ന എ.ടി.എം കൗണ്ടര്‍, സ്റ്റാന്‍ഡിന് സമീപമുള്ള എ.ടി.എം എന്നിവടങ്ങളില്‍ ഇന്നലെ പണത്തിന്റെ ലഭ്യത തീരെ കുറവായിരുന്നു.
പലയിടങ്ങളിലും രണ്ടായിരത്തിന്റെ നോട്ട് മാത്രമായിരുന്നു ലഭ്യമായത്. ഇത് സാധാരണക്കാരെ വലച്ചു.500ന്റെ രൂപ കിട്ടുന്നത് പല എ.ടി.എമ്മുകളും മാറി കേറി നോക്കുമ്പോഴാണെന്ന് ഉപഭോക്താക്കള്‍ പറഞ്ഞു.
മുന്‍കാലങ്ങളില്‍ ഓണത്തിനും വിഷുവിനും ശമ്പളം വൈകിയെന്ന പരാതി ആയിരുന്നുവെങ്കില്‍ ഇപ്പോള്‍ അനുവദിച്ച ശമ്പളത്തിനുള്ള നോട്ട് കിട്ടുന്നില്ല എന്നതാണ് പരാതി.
ഏതാനും ദിവസങ്ങളായി ആളുകള്‍ പണത്തിനായി നെട്ടോട്ടമോടുകയാണ്. അവധിക്കാലവും ആഘോഷങ്ങളും വന്നതോടെ പണത്തിന്റെ ആവശ്യം കൂടുതലാണ്. കറന്‍സി ലഭിക്കാത്തതിന്റെ മാന്ദ്യം കമ്പോളത്തിലും പ്രകടമായി.
ഗ്രാമങ്ങളിലുള്ള ഒട്ടുമിക്ക എ.ടി.എമ്മുകളിലും പണം ഇല്ല. പലയിടത്തും രാവിലെ നിറയ്ക്കുന്ന പണം ഉച്ചയാകുമ്പോള്‍ കാലിയാകുന്നു. കേരളത്തിന് ശബളം, പെന്ഷന് ദിനങ്ങളില്‍ പോലും ആവശ്യത്തിന് പണം ലഭിച്ചിരുന്നില്ല. സംസ്ഥാനത്തെ എണ്ണായിരത്തോളം എ.ടി.എമ്മുകളില്‍ നാലിലൊന്നിലും കഴിഞ്ഞയാഴ്ച മുതല്‍ കാശില്ല. റിസര്‍വ് ബാങ്ക് ആവശ്യത്തിന് പണം നല്‍കാത്തതാണ് ഇത്തരത്തിലുള്ള പ്രതിസന്ധിക്ക് കാരണമെന്ന നിലാപാടിലാണ് ബാങ്ക് ജീവനക്കാര്‍.
ട്രഷറിയിലെത്തിയാലും പണക്ഷാമം. സാമ്പത്തിക മാന്ദ്യം സ്വര്‍ണം, വസ്ത്ര ബിസിനസിനെയും സാരമായി ബാധിച്ചിരിക്കുന്നു.കടകമ്പോളങ്ങളില്‍ ഭക്ഷ്യസാധനങ്ങള്ക്കാവട്ടെ കൊള്ളവിലയും.
ദീര്‍ഘയാത്ര പോകുന്നവര്‍ ഈ സാഹചര്യത്തില്‍ വലയും. ജില്ലയിലെ പകുതിയിലേറെ എ.ടി.മ്മുകളിലും പണമില്ലാതായിട്ട് ദിവസങ്ങളായി. ട്രക്ക് സമരം മൂലം പണത്തിന്റെ വിതരണം മുടങ്ങിയതായാണ് ബാങ്കുകളുടെ വിശദീകരണം. ട്രഷറികളില്‍ പണക്ഷമത്തെ തുടര്‍ന്ന് രണ്ടും മൂന്നും ഘട്ടങ്ങളിലായാണ് പെന്ഷന് വിതരണം. ജില്ലയിലെ 15 ട്രഷറികളിലും ആവശ്യമുള്ള പണം എത്തിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."