കെ.വി തോമസിനെ അനുനയിപ്പിച്ചു; ചെന്നിത്തലയുമായി ചര്‍ച്ച നടത്തി
ന്യൂഡല്‍ഹി: നേതാക്കളുടെ അനുനയ നീക്കത്തില്‍ വഴങ്ങി കെ.വി തോമസ്. പാര്‍ട്ടി നേതൃത്വത്തില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും പാര്‍ട്ടി ഏത് ചുമതല നല്‍കിയാലും ഏറ്റെടുക്കുമെന്നും കെ.വി തോമസ് വ്യക്തമാക്കി. എറണാകുളത്ത് ഹൈബി ഈഡന്‍ ജയിക്കും. എല്ലായിടത്തും പ്രചാരണത്തിനിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയിലേക്കില്ലെന്നും കെ.വി തോമസ് പറഞ്ഞു.
എനിക്ക് എന്റേതായ വ്യക്തിത്വമുണ്ട്. ബി.ജെ.പിയിലേക്കൊന്നും പോകില്ല. പദവികളല്ല പ്രശ്‌നം. തന്നോടുള്ള സമീപനത്തിലാണ് വിഷമം തോന്നിയത്. പ്രത്യേക സാഹചര്യത്തിലാണ് പ്രതിഷേധം പരസ്യമാക്കിയത്. ആര് സ്ഥാനാര്‍ഥിയായാലും എറണാകുളത്ത് ജയിക്കും. എറണാകുളം പാര്‍ട്ടിയുടെ കോട്ടയാണ്. ഇന്ന് സോണിയാഗാന്ധിയെ കാണുമെന്നാണ് കരുതുന്നത്. അതിനായി തന്നോട് ഡല്‍ഹിയില്‍ തങ്ങാന്‍ പറഞ്ഞിട്ടുണ്ടെന്നും കെ.വി തോമസ് പറഞ്ഞു.
കാലത്തുതന്നെ അനുനയിപ്പിക്കാനെത്തിയ രമേശ് ചെന്നിത്തലയോട് കാര്യമായൊന്നും സംസാരിക്കാന്‍ കെ.വി തോമസ് തയാറായില്ല. താന്‍ കോണ്‍ഗ്രസുകാരനാണ്. പുതുതായി കോണ്‍ഗ്രസുകാരനാക്കാന്‍ ആരും ശ്രമിക്കേണ്ടെന്നും കെ.വി തോമസ് ചെന്നിത്തലയോട് പറഞ്ഞു. പിന്നാലെ പി.സി ചാക്കോ മുഖേന നേതൃത്വം കെ.വി തോമസുമായി സംസാരിച്ചു. യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനമോ അതുപോലുള്ള ഏതെങ്കിലും പദവിയോ നല്‍കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. യു.പി.എ അധികാരത്തിലെത്തുകയാണെങ്കില്‍ ഏതെങ്കിലും സംസ്ഥാനത്ത് ഗവര്‍ണര്‍ പദവി നല്‍കാമെന്ന വാദ്ഗാനവും നല്‍കിയിരുന്നു. എന്നാല്‍ അത് അധികാരത്തിലെത്തിയ ശേഷം മാത്രം ഉണ്ടാകുന്ന കാര്യമല്ലേയെന്നായിരുന്നു കെ.വി തോമസിന്റെ നിലപാട്. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജന. സെക്രട്ടറി മുകുള്‍ വാസ്‌നിക്കും കെ.വി തോമസുമായി സംസാരിച്ചിരുന്നു. ഹൈബി ഈഡന്‍ ജയിച്ചാല്‍ രാജിവയ്ക്കുന്ന എം.എല്‍.എ സ്ഥാനം, അല്ലെങ്കില്‍ കോണ്‍ഗ്രസ് ദേശീയ കമ്മിറ്റിയില്‍ ഏതെങ്കിലും പദവി എന്നിങ്ങനെയുള്ള വാഗ്ദാനങ്ങളും നല്‍കിയതായാണ് വിവരം.
തുടര്‍ന്ന് വൈകിട്ടോടെ കേരളാ ഹൗസിലെത്തിയ കെ.വി തോമസ് രമേശ് ചെന്നിത്തലയുമായി അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തി. ചര്‍ച്ചയ്ക്ക് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് താന്‍ ഹൈബി ഈഡനുവേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് കെ.വി തോമസ് വ്യക്തമാക്കിയത്. പാര്‍ട്ടിയില്‍ എല്ലായ്‌പ്പോഴും അഭിപ്രായ വ്യത്യാസം പ്രകടിപ്പിക്കുന്ന ആളാണ് താനെന്ന് കെ.വി തോമസ് പറഞ്ഞു. ബി.ജെ.പി നേതാക്കളാരും തന്നെ പാര്‍ട്ടിയിലേക്ക് നേരിട്ട് ക്ഷണിച്ചിട്ടില്ല. പരാതി പറഞ്ഞു തീര്‍ത്തപ്പോള്‍ പ്രതിഷേധങ്ങള്‍ അവസാനിച്ചു. ഞാന്‍ അടിസ്ഥാന പരമായി കോണ്‍ഗ്രസുകാരനാണെന്നും തോമസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."