നഗരസഭയുടെ കക്കൂസ് മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരേ ജനരോഷം ശക്തമാവുന്നു
കൊടുമ്പ് : യാക്കരയില്‍ തുടങ്ങാനിരിക്കുന്ന പാലക്കാട് നഗരസഭയുടെ കക്കൂസ് മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരേ നാട്ടുകാരുടെ പ്രതിഷേധം പുകയുന്നു. യാക്കരപ്പുഴയ്ക്ക് ദോഷമുണ്ടാക്കുന്ന പ്ലാന്റ് അനുവദിക്കാനാവില്ലെന്ന ഉറച്ച നിലപാടിലാണ് നാട്ടുകാര്‍. അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മെഡിക്കല്‍ കോളജിന് സമീപത്തെ ഒന്നരയേക്കര്‍ സ്ഥലത്ത് പ്ലാന്റ് സ്ഥാപിക്കാനാണ് നഗരസഭയുടെ പദ്ധതി. ഇതിനായി പത്തുകോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്. യാക്കരപ്പുഴയില്‍ നിന്ന് അഞ്ഞൂറു മീറ്റര്‍ മാത്രം അകലമേ പദ്ധതി സ്ഥലത്തേക്കുള്ളൂ.
കക്കൂസ് മാലിന്യം ഇവിടെ എത്തിച്ച് വളമാക്കി മാറ്റുന്ന പ്ലാന്റ് സ്ഥാപിക്കാനാണ് പദ്ധതി. എന്നാല്‍ ഇത് യാക്കരപ്പുഴയെ മലിനമാക്കാനുള്ള സാധ്യതയുണ്ട്. മാത്രമല്ല, സമീപത്തെ കിണറുകളെയും കുളങ്ങളെയുമൊക്കെ ബാധിക്കുമെന്ന് നാട്ടുകാര്‍ പറയുന്നു. തേങ്കുറിശ്ശി, കണ്ണാടി പഞ്ചായത്തുകളിലേക്ക് കുടിവെള്ളമെത്തിക്കുന്നത് യാക്കരപ്പുഴയില്‍ നിന്നാണ്. യാക്കരപ്പുഴ പാലത്തിനു സമീപം തടയണയും നിര്‍മിച്ചിട്ടുണ്ട്. പ്ലാന്റില്‍ ഏതെങ്കിലും തരത്തിലുള്ള തകരാര്‍ സംഭവിച്ചാല്‍ അത് ഗുരുതര പരിസ്ഥിതി പ്രശ്‌നങ്ങളാകും ഉണ്ടാക്കുക. പത്തുകോടി രൂപയാണ് പദ്ധതിക്ക് നീക്കിവച്ചിട്ടുള്ളത്. ഇതില്‍ അഞ്ചുകോടി രൂപ കേന്ദ്രവിഹിതവും ബാക്കി സംസ്ഥാന സര്‍ക്കാരിന്റെയും നഗരസഭയുടെയും കൂടിയുള്ള വിഹിതവുമാണ്.
പദ്ധതി നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ട് സംഗമം റസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നഗരസഭാഭരണക്കാരെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍, അനുകൂല നിലപാടുണ്ടായില്ല. സ്ഥലം എംഎല്‍എയും വിഷയത്തിന്റെ ഗൗരവം ഉള്‍ക്കാള്ളാതെ അവഗണിക്കുകയാണ് ചെയ്തത്. നിലവില്‍ നഗരസഭയുടെ മാലിന്യം തള്ളുന്ന കൊടുമ്പ് പഞ്ചായത്തിലെ ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യ സംസ്‌കരണ സംവിധാനത്തിലെ അപാകം പരിസരവാസികള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. എന്നാല്‍, പ്രശ്‌നം പരിഹരിക്കാന്‍ നഗരസഭ ഒരു നടപടിയുമെടുക്കുന്നില്ല. ഇതേ നിലപാടുതന്നെയായിരിക്കും മറ്റ് വിഷയങ്ങളിലും സ്വീകരിക്കുക.
ഇതു കൂടാതെ ടൂറിസം വികസനത്തിന്റെ ഭാഗമായി യാക്കരപ്പുഴയില്‍ ബോട്ടിങ് നടത്താനുള്ള നഗരസഭയുടെ തീരുമാനത്തിലും വ്യാപക എതിര്‍പ്പുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."