14 വ്യവസായ പാര്‍ക്കുകള്‍ ഉടന്‍; ഗെയ്ല്‍ പൈപ്പ്‌ലൈന്‍ ജൂണില്‍ കമ്മിഷന്‍ ചെയ്യും
തിരുവനന്തപുരം: നിക്ഷേപരംഗത്ത് കേരളം മുന്നേറ്റത്തിന്റെ പാതയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മെച്ചപ്പെട്ട നിക്ഷേപക സൗഹൃദ സംസ്ഥാനമെന്ന നിലയിലേക്ക് കേരളം മാറി. നിയമങ്ങളും വ്യവസ്ഥകളും ചട്ടങ്ങളും ലളിതവും സൗഹാര്‍ദപരവുമായതോടെ സംരംഭം തുടങ്ങാന്‍ അനുകൂലമായ സാഹചര്യം സൃഷ്ടിക്കപ്പെട്ടു.
കൂടുതല്‍ നിക്ഷേപകര്‍ കേരളത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു. കൂടുതല്‍ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍ ലാഭപ്പട്ടികയില്‍ കടന്നുവന്നു. കേരളത്തിന് അനുയോജ്യമായതും വൈവിധ്യമാര്‍ന്നതുമായ സംരംഭങ്ങള്‍ തുടങ്ങാന്‍ സഹായകമായ വിധത്തില്‍ പുതിയ 14 വ്യവസായ പാര്‍ക്കുകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉടന്‍ ആരംഭിക്കും. കേന്ദ്രം വില്‍ക്കാന്‍ തീരുമാനിച്ച പാലക്കാട് ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ്, ബി.എച്ച്.ഇ.എല്‍, കാസര്‍കോട് ഇ.എം.എല്‍, ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ് (എച്ച്.എന്‍.എല്‍) എന്നീ സ്ഥാപനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കേന്ദ്രത്തില്‍ നിന്നുള്ള അനുമതികള്‍ വൈകുന്നതാണ് ഇക്കാര്യം നീണ്ടുപോകാന്‍ ഇടയാക്കുന്നത്.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ സംസ്ഥാനത്തെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ നഷ്ടം 131.60 കോടി രൂപയായിരുന്നു. ഭരണത്തിന്റെ ആദ്യവര്‍ഷം തന്നെ നഷ്ടം 71 കോടിയായി കുറച്ചു. 2017-18ല്‍ 5 കോടിയും 2018-19ല്‍ 8 കോടിയുമായിരുന്നു ലാഭം. 2019-20ല്‍ 56 കോടി രൂപ പ്രവര്‍ത്തന ലാഭമുണ്ട്.
444 കിലോമീറ്റര്‍ നീളമുള്ള കൊച്ചി- മംഗലാപുരം ഗെയില്‍ പൈപ്പ്‌ലൈന്‍ ജൂണ്‍ പകുതിയോടെ കമ്മിഷന്‍ ചെയ്യും. ചന്ദ്രഗിരി പുഴയ്ക്ക് കുറുകെ പൈപ്പ് സ്ഥാപിക്കുന്നത് ഒഴികെയുള്ള ജോലികള്‍ തീര്‍ന്നു. ഈ ജോലി മൂന്നാഴ്ച കൊണ്ട് പൂര്‍ത്തീകരിക്കാന്‍ കഴിയും. ഇതിനുപുറമെ കൂറ്റനാട് - വാളയാര്‍ 95 കിലോമീറ്റര്‍ നീളത്തില്‍ പൈപ്പിടലും പൂര്‍ത്തിയായതായി മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."