നായകനെ ഇറക്കി ചാലക്കുടി പിടിക്കാന്‍ യു.ഡി.എഫ്
#കിരണ്‍ പുരുഷോത്തമന്‍
കൊച്ചി: യു.ഡി.എഫ് സ്ഥാനാര്‍ഥിയെ തീരുമാനിച്ചതോടെ ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പോരാട്ടം ശ്രദ്ധേയമാകുന്നു.
എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി നിലവിലെ എം.പിയായ ഇന്നസെന്റ് രണ്ടാമൂഴത്തിനായി ഇറങ്ങുമ്പോള്‍ മണ്ഡലം തിരിച്ചുപിടിക്കാനായി യു.ഡി.എഫ് ഇറക്കുന്നത് തങ്ങളുടെ അമരക്കാരനായ ബെന്നി ബെഹനാനെയാണ്. മുന്‍കാലങ്ങളില്‍ യു.ഡി.എഫിന്റെ ഉറച്ച കോട്ടയായിരുന്ന മുകുന്ദപുരം മണ്ഡലത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും എറണാകുളത്തെ ചില പ്രദേശങ്ങളും ചേര്‍ന്നതാണ് ചാലക്കുടി മണ്ഡലം. ബെന്നി ബഹനാനിലൂടെ മണ്ഡലം തിരിച്ചുപിടിക്കാമെന്ന ഉത്തമ വിശ്വാസത്തിലാണ് യു.ഡി.എഫ് കണ്‍വീനര്‍ കൂടിയായ ബെന്നി ബഹനാനെ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം കളത്തിലിറക്കുന്നത്. 2009ലാണ് ചാലക്കുടി മണ്ഡലം രൂപപ്പെടുന്നത്. ഇവിടെ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ മണ്ഡലം തുണച്ചുവെങ്കിലും പിന്നീട് 2014ല്‍ എല്‍.ഡി.എഫ് സ്വതന്ത്രനായ ഇന്നസെന്റ് വിജയക്കൊടി പാറിച്ചു. ബെന്നി ബഹനാന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകിയെങ്കിലും പ്രചാരണത്തില്‍ എല്‍.ഡി.എഫിനെ കവച്ചുവയ്ക്കാനുള്ള തീവ്ര ശ്രമത്തിലാണ് പ്രവര്‍ത്തകര്‍. ചാലക്കുടി മണ്ഡലം ഉറച്ച സീറ്റ് എന്ന ചിന്തയില്‍ തന്നെയാണ് യു.ഡി.എഫിന്റെ പ്രചാരണങ്ങള്‍. കഴിഞ്ഞ തവണ ചിലപ്രത്യേക സാഹചര്യത്തില്‍ മാത്രമാണ് കണക്കുകൂട്ടലുകള്‍ തെറ്റിയതെന്നും ഇത്തവണ ഒരിക്കലും അത് ആവര്‍ത്തിക്കില്ലെന്നും യു.ഡി.എഫ് വിലയിരുത്തുന്നു. കൂടാതെ ബെന്നി ബഹനാന്‍ സ്ഥാനാര്‍ഥിയായി എത്തിയതും അണികളില്‍ ആവേശം നിറച്ചിട്ടുണ്ട്. മാത്രമല്ല ഇടത് സ്ഥാനാര്‍ഥിയായ ഇന്നസെന്റിനെതിരേ മണ്ഡലത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരും നേതൃത്വവും രംഗത്തുവന്നതും തങ്ങള്‍ക്ക് അനുകൂലമാകുമെന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫ് നേതൃത്വം. പ്രചാരണം ഊര്‍ജിതമാക്കാനുള്ള എല്ലാ തയാറെടുപ്പുകളും നടത്തിയാണ് യു.ഡി.എഫ് ക്യാംപിന്റെ മുന്നേറ്റം. ചുവരെഴുത്തുകള്‍ പലയിടത്തും ആരംഭിച്ചുകഴിഞ്ഞു. പലയിടത്തും കൈപ്പത്തി ചിഹ്നം വരച്ച് വോട്ടഭ്യര്‍ഥിച്ചുകൊണ്ടുള്ള ചുവരെഴുത്തു നടത്തിയ മതിലുകളിലും മറ്റും സ്ഥാനാര്‍ഥിയുടെ പേര് എഴുതിച്ചേര്‍ക്കുന്ന തിരക്കിലാണ് പ്രവര്‍ത്തകര്‍.സ്ഥാനാര്‍ഥി നിര്‍ണയം ഒരു മുഴം മുന്‍പേ പൂര്‍ത്തിയാക്കി മുന്നേറാന്‍ കഴിഞ്ഞതിലുള്ള ആത്മവിശ്വാസത്തിലാണ് എല്‍.ഡി.എഫിന്റെ പ്രവര്‍ത്തനങ്ങള്‍. പ്രചാരണരംഗത്ത് യു.ഡി.എഫിനേക്കാള്‍ വളരെ മുന്നിലാകാന്‍ സാധിച്ചത് മണ്ഡലത്തില്‍ ഗുണം ചെയ്യുമെന്നും ഇവര്‍ കണക്കുകൂട്ടുന്നു. സ്ഥാനാര്‍ഥിയായി ചലച്ചിത്ര താരം ഇന്നസെന്റാണ് ഇത്തവണ ചാലക്കുടി മണ്ഡലത്തില്‍ രണ്ടാമത്തെ തെരഞ്ഞെടുപ്പ് മത്സരത്തിനിറങ്ങുന്നത്. സ്വതന്ത്ര ചിഹ്നം മാറ്റി സി.പി.എം ചിഹ്നത്തിലാണെന്നതും പ്രവര്‍ത്തകര്‍ക്ക് ആവേശം പകരുന്നുണ്ട്. അഞ്ച് വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ടുമായാണ് ഇന്നസെന്റ് പ്രചാരണം ആരംഭിച്ചത്. മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചാണ് ഇന്നസെന്റ് പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നത്. മണ്ഡലത്തിലാകെ 1,750 കോടി രൂപയുടെ വികസന പദ്ധതികള്‍ നടപ്പാക്കിയെന്നാണ് ഇന്നസെന്റിന്റെ അവകാശവാദം.
ആദ്യ ഘട്ടത്തില്‍ ഇന്നസെന്റിനെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ എല്‍.ഡി.എഫ് പാര്‍ലമെന്റ് കമ്മിറ്റിയില്‍ ചില അസ്വാരസ്യങ്ങള്‍ ഉയര്‍ന്നെങ്കിലും സ്ഥാനാര്‍ഥിയെ അന്തിമമായി തീരുമാനിച്ച് പ്രവര്‍ത്തനം ആരംഭിച്ചതോടെ ഇക്കാര്യങ്ങള്‍ ഒരു പരിധിവരെ പരിഹരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."