തുര്‍ക്കിയില്‍ ഉര്‍ദുഗാന്‍ ശക്തനാകുമ്പോള്‍
ആധുനിക തുര്‍ക്കിയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പില്‍ റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ രാജ്യത്തിന്റെ എക്‌സിക്യൂട്ടിവ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. പാര്‍ലമെന്ററി ഭരണത്തില്‍നിന്ന് പ്രസിഡന്‍ഷ്യന്‍ ഭരണത്തിലേക്കു ഭരണവ്യവസ്ഥ മാറിയതിനു ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പില്‍ 87 എന്ന റെക്കോര്‍ഡ് പോളിങ് ശതമാനമാണു രേഖപ്പെടുത്തിയത്. 52.6 ശതമാനം വോട്ടു നേടി ഉര്‍ദുഗാന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയും 344 സീറ്റുകള്‍ നേടി പാര്‍ലമെന്റില്‍ അദ്ദേഹത്തിന്റെ എ.കെ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ജനകീയ മുന്നണി സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ഭൂരിപക്ഷം നേടുകയുമുണ്ടായി. ജനാധിപത്യത്തിന്റെ വിജയമായിട്ടാണ് ഉര്‍ദുഗാന്‍ ഉയര്‍ന്ന പോളിങ്ങിനെയും ജനങ്ങള്‍ അദ്ദേഹത്തില്‍ അര്‍പ്പിച്ച വിശ്വാസത്തെ കുറിച്ചും പറഞ്ഞത്. ഉര്‍ദുഗാന് പ്രധാന വെല്ലുവിളിയായി മത്സരിച്ച റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി മുഹറം ഇന്‍ജെ ഉര്‍ദുഗാന്റെ വിജയം അംഗീകരിക്കുകയും ചെയ്തുകഴിഞ്ഞു.
2017 ഏപ്രില്‍ 16ന് ആയിരുന്നു പ്രസിഡന്‍ഷ്യല്‍ ഭരണത്തിനു വേണ്ടിയുള്ള ഹിതപരിശോധന തുര്‍ക്കിയില്‍ നടന്നത്. തുടര്‍ന്ന് 2019 നവംബറില്‍ തെരഞ്ഞെടുപ്പ് നടത്താനായിരുന്നു തീരുമാനം. പക്ഷെ കഴിഞ്ഞ ഏപ്രിലില്‍ ഭരണ സഖ്യകക്ഷികളായ എ.കെ പാര്‍ട്ടിയും നാഷനലിസ്റ്റ് പാര്‍ട്ടിയായ എം.എച്ച്.പിയും ഇടക്കാല തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി വഷളായിക്കൊണ്ടിരിക്കുന്ന തുര്‍ക്കിയുടെ സാമ്പത്തികസ്ഥിതിയും 2016ലെ ഭരണ അട്ടിമറിശ്രമത്തിനുശേഷം നിലനില്‍ക്കുന്ന അടിയന്തരാവസ്ഥാ സാഹചര്യവും ആയിരുന്നു തെരഞ്ഞെടുപ്പ് ജൂണ്‍ 24നു നടത്താന്‍ തീരുമാനിച്ചതിലേക്കു നയിച്ചതെന്നാണു കരുതപ്പെടുന്നത്. ഭരണകക്ഷിയായ എ.കെ പാര്‍ട്ടി നാഷനലിസ്റ്റ് പാര്‍ട്ടിയായ എം.എച്ച്.പിയുമായി സഖ്യം ചേര്‍ന്നു ജനപക്ഷ മുന്നണി എന്ന പേരിലാണു പ്രചാരണം നടത്തിയത്.
പ്രധാന പ്രതിപക്ഷകക്ഷിയായ റിപബ്ലിക്കന്‍ പാര്‍ട്ടിയും നാഷനലിസ്റ്റ് പാര്‍ട്ടിയില്‍നിന്നു ഭിന്നിച്ചു പുതിയ പാര്‍ട്ടിയായി രൂപം കൊണ്ട 'നല്ല' പാര്‍ട്ടി യും ചേര്‍ന്ന് നാഷനല്‍ മുന്നണി രൂപീകരിച്ചും പ്രചാരണം നടത്തി. അതേസമയം, റിപബ്ലിക്കന്‍ പാര്‍ട്ടി മുഹറം ഇന്‍ജെയെയും നല്ല പാര്‍ട്ടി മെറല്‍ ആകെ ഷെനെരെയെയും പ്രസിഡന്റ് സ്ഥാനാര്‍ഥികളായി നിര്‍ത്തി വേറിട്ടു മത്സരിക്കുകയും ചെയ്തു. കുര്‍ദിഷ് പാര്‍ട്ടിയായ എച്ച്.ഡി.പി, കുര്‍ദിഷ് വിമതസംഘടനയായ പി.കെ.കെയുമായി ബന്ധം ആരോപിച്ചു ജയിലിലടക്കപ്പെട്ട സെലാഹത്തിന്‍ ദെമിര്‍ത്താസിനെയായിരുന്നു സ്ഥാനാര്‍ഥിയായി നിര്‍ത്തിയത്. കൂടാതെ തുര്‍ക്കിഷ് രാഷ്ട്രീയത്തില്‍ വലിയ സ്വാധീനമില്ലാത്ത ഇസ്‌ലാമിസ്റ്റ് കക്ഷിയായ സാദത്ത് പാര്‍ട്ടി നാഷനല്‍ മുന്നണിയില്‍ ചേരുകയും അതോടൊപ്പം തമല്‍ കാര മുല്ലഒഗ്ലുവിനെ സ്ഥാനാര്‍ഥിയായി നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടുകയും ചെയ്തു.
ജനകീയ മുന്നണി ഒഴികെ എല്ലാ കക്ഷികളും ഉര്‍ദുഗാന്‍ വിജയിക്കാതിരിക്കാന്‍ വേണ്ടിയായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. എക്‌സിക്യൂട്ടീവ് അധികാരങ്ങളോടെയുള്ള പ്രസിഡന്‍ഷ്യന്‍ ഭരണം വഴി ഉര്‍ദുഗാന്‍ തുര്‍ക്കിയെ ഏകാധിപത്യവ്യവസ്ഥയിലേക്കു നയിക്കുമെന്നായിരുന്നു ആരോപണം. കൂടാതെ രാജ്യത്തു കഴിയുന്ന നാല് മില്യന്‍ സിറിയന്‍ അഭയാര്‍ഥികള്‍ സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍, 2016 ജൂലൈ 15 ലെ അട്ടിമറിക്കുശേഷം നടന്ന അറസ്റ്റുകള്‍, കുര്‍ദ് വിമതരും തുര്‍ക്കിഷ് പട്ടാളവും തമ്മില്‍ നടക്കുന്ന പോരാട്ടങ്ങള്‍ ഒക്കെയായിരുന്നു പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍. കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തില്‍ എ.കെ പാര്‍ട്ടിയും ഉര്‍ദുഗാനും നേരിട്ട ഏറ്റവും ദുഷ്‌കരമായ തെരഞ്ഞെടുപ്പ് പ്രചാരണമായിരുന്നു ഇത് . പല സ്വകാര്യ സര്‍വേകളും മുഹറം ഇന്‍ജെ ശക്തമായ വെല്ലുവിളി ഉയര്‍ത്തുമെന്നും ആര്‍ക്കും അന്‍പതു ശതമാനം വോട്ട് നേടാനാകാതെ രണ്ടാംഘട്ട തെരഞ്ഞെടുപ്പിലേക്കു നീങ്ങുമെന്നും പ്രവചിച്ചിരുന്നു. അന്താരാഷ്ട്രമാധ്യമങ്ങളും ഉര്‍ദുഗാന്‍ വീണ്ടും തെരഞ്ഞെടുക്കപ്പടാന്‍ സാധ്യതയില്ലെന്ന രീതിയിലായിരുന്നു പ്രചാരണത്തെ വിലയിരുത്തിയത്.
തുര്‍ക്കിയിലെ വലിയൊരു വിഭാഗം കണ്‍സര്‍വേറ്റിവ് വോട്ടര്‍മാര്‍ക്കും മതേതര കക്ഷികളിലുള്ള വിശ്വാസക്കുറവ്, ഉര്‍ദുഗാനെ പോലെ ശക്തനായ നേതാവ് മറ്റു രാഷ്ട്രീയ പാര്‍ട്ടികളില്‍ ഇല്ലാത്തത്, പുതിയ ഭരണകക്ഷികള്‍ക്കു പെട്ടെന്നു സാമ്പത്തിക രംഗത്തെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ പറ്റില്ലെന്ന പൊതുബോധം എന്നിവയെല്ലാം വീണ്ടും ഉര്‍ദുഗാനെ തന്നെ തെരഞ്ഞെടുക്കാന്‍ തുര്‍ക്കി ജനതയെ പ്രേരിപ്പിച്ചുവെന്നാണു തെരഞ്ഞെടുപ്പിനു ശേഷമുള്ള വിലയിരുത്തലുകള്‍ ചുണ്ടിക്കാട്ടുന്നത്. അതേസമയം കഴിഞ്ഞ തവണ പാര്‍ലമെന്റില്‍ 317 നേടിയിടത്തുനിന്ന് ഇത്തവണ 295ലേക്ക് അംഗബലം കുറഞ്ഞത് എ.കെ പാര്‍ട്ടി നേരിട്ട നേരിയ പരാജയമായും വിലയിരുത്തപ്പെടുന്നുണ്ട്.
നാഷനലിസ്റ്റ് വോട്ടുകളാണ് ഉര്‍ദുഗാനെ 50 ശതമാനം വോട്ട് നേടാന്‍ സഹായിച്ചതെന്നും നിരീക്ഷിക്കപ്പെടുന്നു. അതുകൊണ്ടു തന്നെ 49 അംഗങ്ങളുള്ള നാഷനലിസ്റ്റ് പാര്‍ട്ടിയായ എം.എച്ച്.പിക്ക് പാര്‍ലമെന്റില്‍ കൂടുതല്‍ സ്വാധീനം ചെലുത്താന്‍ കഴിയും.
പ്രധാനമന്ത്രി പദം എടുത്തുമാറ്റപ്പെട്ട പുതിയ ഭരണവ്യവസ്ഥയില്‍ വൈസ് പ്രസിഡന്റുമാരെയും മന്ത്രിമാരെയും ഉയര്‍ന്ന ഉന്നത ഉദ്യോഗസ്ഥരെയും മുതിര്‍ന്ന ജഡ്ജിമാരെയും നിയമിക്കുക, പാര്‍ലമെന്റ് പിരിച്ചുവിടുക, എക്‌സിക്യൂട്ടിവ് ഉത്തരവുകള്‍ പുറപ്പെടുവിക്കുക, അടിയന്തരാവസ്ഥ നടപ്പാക്കുക തുടങ്ങിയ നിര്‍ണായക അധികാരങ്ങളാണ് പ്രസിഡന്റിനു സ്വന്തമാകാന്‍ പോകുന്നത്. പുതിയ ഭരണരീതിയിലേക്കുള്ള മാറ്റം തുടക്കത്തില്‍ സങ്കീര്‍ണതകള്‍ സൃഷ്ടിക്കാനിടയുണ്ടെങ്കിലും എക്‌സിക്യൂട്ടിവ് പ്രസിഡന്‍സിക്കു കൂടുതല്‍ രാഷ്ട്രീയ, സാമ്പത്തിക സ്ഥിരത കൈവരിക്കാന്‍ സാധിക്കുമെന്നാണു ഭരണകക്ഷിയിലുള്ളവരുടെ വിശ്വാസം.
ഇടിഞ്ഞുകൊണ്ടിരിക്കുന്ന തുര്‍ക്കിഷ് ലിറയുടെ മൂല്യവും അതോടൊപ്പമുള്ള വിലക്കയറ്റവും നിയന്ത്രിക്കലായിരിക്കും ഉര്‍ദുഗാന്റെ പ്രധാന വെല്ലുവിളി. രണ്ടുവര്‍ഷമായി തുടരുന്ന അടിയന്തരാവസ്ഥ പിന്‍വലിച്ചു രാജ്യത്തെ രാഷ്ട്രീയസ്ഥിരതയിലേക്കു തിരിച്ചുകൊണ്ടുവരികയും അന്താരാഷ്ട്ര നിക്ഷേപത്തിനുള്ള സാധ്യത ഒരുക്കുകയും ചെയ്യുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ അദ്ദേഹം പ്രാവര്‍ത്തികമാക്കുമെന്നു തന്നെയാണു പ്രതീക്ഷിക്കുന്നത്.
സിറിയന്‍-തുര്‍ക്കി അതിര്‍ത്തിയില്‍ കഴിയുന്ന ആയിരക്കണക്കിന് അഭയാര്‍ഥികളെ സിറിയയില്‍ പുതുതായി രൂപംകൊണ്ട മന്‍ബിജ്-ആഫ്രിന്‍-ഇദ്‌ലിബ് ബെല്‍റ്റില്‍ തിരിച്ചെത്തിക്കാനും അവര്‍ക്കു സാധാരണജീവിതത്തിനുള്ള സാഹചര്യമൊരുക്കാനുമുള്ള പദ്ധതികള്‍ രൂപീകരിക്കലും മറ്റൊരു പ്രധാന വെല്ലുവിളിയാണ്.
(തുര്‍ക്കിയില്‍ മിമാര്‍ സിനാന്‍ സര്‍വകലാശാലയില്‍ ഗവേഷകനാണു ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."