ബി.ജെ.പിയില്‍ ചേരുന്നത് ആത്മഹത്യാപരം: ദിഗംബര്‍ കാമത്ത്
ന്യൂഡല്‍ഹി: ബി.ജെ.പിയില്‍ ചേരുന്നതു സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗംബര്‍ കാമത്ത്. ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗംബര്‍ കാമത്ത് ബി.ജെ.പിയില്‍ ചേരുന്നുവെന്ന് അഭ്യൂഹമുണ്ടായിരുന്നു. മനോഹര്‍ പരീക്കറുടെ ആരോഗ്യ നില മോശമായ സാഹചര്യത്തില്‍ കാമത്തിനെ പാര്‍ട്ടിയിലെത്തിച്ച് മുഖ്യമന്ത്രിയാക്കാന്‍ ബി.ജെ.പി ചരടുവലികള്‍ നടത്തുന്നുവെന്നായിരുന്നു വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ ഇത്തരമൊരു അഭ്യൂഹത്തെ തള്ളിയ കാമത്ത്, ബി.ജെ.പിയില്‍ ചേരുന്നത് ആത്മഹത്യാപരമാണെന്ന് വ്യക്തമാക്കുകയും ചെയ്തു.
ഇന്നലെ ഉച്ചക്കുശേഷം അദ്ദേഹം ഡല്‍ഹിയിലെത്തിയതോടെയാണ് അഭ്യൂഹം ശക്തിപ്പെട്ടത്. നേരത്തെ ബി.ജെ.പിയിലായിരുന്ന അദ്ദേഹം 2005ലാണ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
ബിസിനസ് ആവശ്യങ്ങള്‍ക്കായാണ് താന്‍ ഡല്‍ഹിയിലെത്തിയതെന്നും തന്റെ ഡല്‍ഹി സന്ദര്‍ശനം തികച്ചും വ്യക്തിപരമാണെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു. കാമത്തിനെതിരേ ബി.ജെ.പിയുടെ അപവാദ പ്രചാരണമാണിതെന്ന് കോണ്‍ഗ്രസ് ഗോവ സംസ്ഥാന നേതൃത്വവും വ്യക്തമാക്കി. കാമത്തിനെ ബി.ജെ.പിയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ചര്‍ച്ച പുരോഗമിക്കുകയാണെന്ന് ഗോവ ഡെപ്യൂട്ടി സ്പീക്കര്‍ മൈക്കേല്‍ ലോബോ നേരത്തെ അവകാശപ്പെട്ടിരുന്നു. ബി.ജെ.പി എം.എല്‍.എമാരുടെ യോഗം ഇത് ചര്‍ച്ച ചെയ്തുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഗോവയിലെ ബി.ജെ.പി സര്‍ക്കാരിനെ മറിച്ചിട്ട് അധികാരം പിടിക്കാന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങിയതിനിടയിലാണ് കാമത്തുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളും പ്രചരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."