കൊവിഡ് വ്യാപനം ആദ്യ 10ല്‍ ഇന്ത്യയും
ന്യൂഡല്‍ഹി: ലോകത്ത് കൊവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച 10ാമത്തെ രാജ്യമായി ഇന്ത്യ. തുടര്‍ച്ചയായ നാലാംദിവസവും രോഗികളുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധന രേഖപ്പെട്ടുത്തിയതോടെയാണ് ഇന്ത്യ പട്ടികയില്‍ 10ാം സ്ഥാനത്തെത്തിയത്. 6000ല്‍ അധികം കേസുകളാണ് നാലു ദിവസങ്ങളിലും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
കഴിഞ്ഞ ദിവസം 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 6,977 കൊവിഡ് കേസുകളാണ്. ഇതോടെ രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 138,845 ആയി. 154 പേരാണ് ഞായറാഴ്ച മരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,041 ആയി. രണ്ടു മാസത്തെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ച വേളയിലാണ് കൂടുതല്‍ രോഗ വ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്നതും ശ്രദ്ധേയമാണ്. യു.സ്, ബ്രസീല്‍, റഷ്യ, ബ്രിട്ടന്, സ്പെയിന്, ഇറ്റലി, ഫ്രാന്‍സ്, ജെര്‍മനി,തുര്‍ക്കി എന്നീ രാജ്യങ്ങളാണ് രോഗ വ്യാപനത്തില്‍ ഇന്ത്യക്കു മുന്നിലുള്ളത്.
കഴിഞ്ഞ 18ന് 5611 കേസുകളായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍, ബുധന്‍, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ അത് യഥാക്രമം 6088, 6654, 6767, 6,977 എന്നിങ്ങനെ ഉയരുകയായിരുന്നു. 57,721 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.
ഞായറാഴ്ച 3,041 കേസുകള്‍ കൂടി പുതുതായി റിപ്പോര്‍ട്ട്ചെയ്തതോടെ മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം 50,231 ആയി. ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."