പൊരിവെയിലത്ത് ഗതാഗതം നിയന്ത്രിക്കുന്ന പൊലിസുകാര്‍ക്ക് കുടിവെള്ളം കിട്ടാക്കനി
പാലക്കാട്: ഫണ്ടിന്റെ അഭാവം മൂലം കത്തിയെരിയുന്ന വെയിലില്‍ ഗതാഗതനിയന്ത്രണം നടത്തുന്ന പൊലിസുകാര്‍ക്കുള്ള കുടിവെള്ള വിതരണ പദ്ധതിക്കു വിലങ്ങുവീണു. ഗതാഗത നിയന്ത്രണ ചുമതലയുള്ള പൊലിസുകാര്‍ക്ക് ജോലിക്കിടെ കുടിവെള്ളം ലഭ്യമാക്കാന്‍ വകുപ്പ് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ആവശ്യമായ ഫണ്ടു ലഭിക്കാത്തതിനാല്‍ ഇതുവരെ തുടങ്ങിയിട്ടില്ല. വേനല്‍ കാഠിന്യം ഏറെയുള്ള ജില്ലയില്‍ മുന്‍വര്‍ഷങ്ങളില്‍ പൊലീസുകാര്‍ക്കൊപ്പം വഴിയാത്രക്കാര്‍ക്കും സേന കുടിവെള്ളം ലഭ്യമാക്കിയിരുന്നു. ഇതിനായി കഴിഞ്ഞ വര്‍ഷം 10,000 രൂപയാണ് അനുവദിച്ചത്. ചില ദിവസങ്ങളില്‍ ഉപ്പിട്ട നാരാങ്ങാവെള്ളവും സംഭാരവും കുടിക്കാന്‍ നല്‍കിയിരുന്നു. ഇത്തവണ തുകയുടെ കാര്യം അനിശ്ചിതത്വത്തിലായതോടെ സ്റ്റേഷനില്‍ നിന്നു ഡ്യുട്ടിക്കിറങ്ങുമ്പോള് തന്നെ കുടിവെള്ളം കയ്യില്‍ കരുതാനാണു നിര്‍ദേശിച്ചിരിക്കുന്നത്. തുക ലഭിച്ചാല്‍ ജനങ്ങള്‍ക്കു കൂടി ഉപകാരപ്രദമാകുന്ന വിധത്തില്‍ കുടിവെള്ളം നല്‍കുമെന്ന് സേന പറയുന്നുണ്ട്. മുമ്പ് സ്റ്റേഷനില്‍ തന്നെ കുടിവെള്ളം തയ്യാറാക്കി പൊലിസ് ജീപ്പിലാണ് അതതു ട്രാഫിക് പോയിന്റുകളില്‍ എത്തിച്ചിരുന്നത്. പകല്‍ 12 മുതല്‍ 3 വരെ അല്‍പ്പം തണലത്തേക്കു മാറി നിന്ന് ജോലി നോക്കിയാല്‍ മതിയെന്ന പൊതുവേയുള്ള നിര്‍ദേശമാണ് പൊലിസുകാര്‍ക്ക് ആകെയുള്ള ആശ്വാസം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."