തമിഴ്‌നാട് സ്വദേശിനിയുടെ കൊലപാതകം കവര്‍ച്ച ലക്ഷ്യമിട്ടെന്നു കേരള പൊലിസ്
പാലക്കാട് : തമിഴ്‌നാട് സ്വദേശിനിയായ സ്ത്രീയെ കാറിടിച്ച് കൊലപ്പെടുത്തിയ ശേഷം ദേശീയപാത പാലക്കാട് കൂട്ടുപാതയ്ക്കു സമീപം കനാലില്‍ തള്ളിയ സംഭവത്തില്‍ കന്യാവാടി പൊലിസ് കസ്റ്റഡിയിലുള്ള പ്രതികളെ കസബ പൊലിസ് കസ്‌ററഡിയില്‍ വാങ്ങിയതായി സൂചന.
ഡിണ്ടിഗല്‍ പഴുതണിവാടി ഗോവിന്ദാപുരത്ത് പരേതനായ വിജയരാജിന്റെ ഭാര്യ വാസുകി(65)യാണ് കൊല്ലപ്പെട്ടത്. ഒരാഴ്ച മുന്‍പ് കന്യാവാടി പൊലിസ് സ്‌റ്റേഷനില്‍ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഡിണ്ടിഗല്‍ സ്വദേശികളായ പ്രതികള്‍ പിടിയിലായത്. തുടരന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കസബ പൊലിസ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുകയും തുടര്‍ന്നു നടത്തിയ വിശദ ചോദ്യം ചെയ്യലിലുമാണ് കൊലപാതകം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തായത്.മാര്‍ച്ച് 27നാണ് ദേശീയപാത കൂട്ടുപാതയോട് ചേര്‍ന്ന കനാലില്‍ നിന്ന് വാസുകിയുടെ മൃതദേഹം കണ്ടെത്തിയത്. പഴുതണിവാടിയില്‍ നിന്നു കാറില്‍ കൊണ്ടു വന്ന വാസുകിയുടെ മാല പ്രതികള്‍ പൊട്ടിച്ചെടുക്കുകയും പിന്നീട് സേലത്തിനടുത്ത് ബോഡിപാളയത്ത് ദേശീയപാതയോട് ചേര്‍ന്ന ഗ്രൗണ്ടില്‍ വച്ചു കാറിടിച്ച് കൊലപ്പെടുത്തിയതെന്നാണു പൊലിസിനു ലഭിച്ചിട്ടുളള വിവരം. ശരീരത്തില്‍ അണിഞ്ഞിരുന്ന മൂന്നര പവന്റെ മാല ഉള്‍പ്പെടെ മോഷ്ടിക്കാനാണ് കൊലപാതകം നടത്തിയതെന്നു പ്രതികള്‍ മൊഴി നല്‍കിയതായും വിവരമുണ്ട്. വളരെ ആസൂത്രിതമായാണ് പ്രതികള്‍ കൊലപാതകം നടത്തിയിട്ടുള്ളതെന്നും പൊലിസ് പറയുന്നു. വിധവയും മക്കളില്ലാത്തതുമായ വാസുകിക്ക് കേരള സര്‍ക്കാരിന്റെ ധനസഹായം വാങ്ങി തരാമെന്ന് ധരിപ്പിച്ചാണ് വീട്ടില്‍ നിന്ന് ഇറക്കി കൊണ്ടു വന്നത്.
സ്ത്രീയുടെ മൃതദേഹം കനാലില്‍ നിന്ന് കണ്ടുകിട്ടിയതു മുതല്‍ തമിഴ്‌നാട് കേന്ദ്രീകരിച്ച് കസബ പൊലിസ് നടത്തിയ അന്വേഷണമാണു കേസില്‍ വഴിത്തിരിവായത്. വാസുകിയെ കാണ്‍മാനില്ലെന്ന പരാതിയുമായി കഴിഞ്ഞ ദിവസം ബന്ധുക്കള്‍ സംസ്ഥാന അതിര്‍ത്തിയോട് ചേര്‍ന്ന കന്യാവാടി പൊലിസ് സ്‌റ്റേഷനിലും പരാതിയുമായെത്തിയിരുന്നു. ഇവിടെ നിന്നു കസബ പൊലിസുമായി ബന്ധപ്പെട്ടതോടെയാണ് കേസിലെ കൂടുതല്‍ വിവരങ്ങളും പുറത്തു വന്നത്. തമിഴ്‌നാട്ടില്‍ കസ്റ്റഡിയിലുള്ള പ്രതികളെ വിവിധ സ്‌റ്റേഷനുകളിലായി ചോദ്യം ചെയ്തു വരുകയാണ്. കൊലപ്പെടുത്താന്‍ ഉപയോഗിച്ച കാര്‍ കന്യാവാടി പൊലിസ് കണ്ടെത്തിയിട്ടുണ്ടെന്നും സൂചനയുണ്ട്..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."