ധോണി ടൂറിസം മേഖല അവഗണനയില്‍
ഒലവക്കോട് : കൊളോണിയല്‍ ചരിത്രത്തിന്റെ ശേഷിപ്പുകളുള്ള ധോണി ടൂറിസം മേഖല അവഗണന നേരിടുന്നു. ധോണി വെള്ളച്ചാട്ടവും നീലിപ്പാറ ബംഗ്ലാവുമാണ് ഇവിടെ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്. എന്നാല്‍ ഇവ രണ്ടും ഇന്ന് സംരക്ഷണ നടപടികളില്ലാതെ അവഗണനയിലാണ്. നഗരത്തില്‍ നിന്ന് ഏറ്റവും അടുത്തുള്ള വെള്ളച്ചാട്ടമാണ് ഒലവക്കോട് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലുള്ള ധോണി വെള്ളച്ചാട്ടം. ഇതിനു സമീപമാണ് നീലിപ്പാറ ബംഗ്ലാവ്. വേണ്ടത്ര സുരക്ഷാ സൗകര്യങ്ങളും സംരക്ഷണ പദ്ധതികളുമില്ലാത്തതാണ് ഇവിടുത്തെ വിനോദസഞ്ചാര മേഖലയില്‍ തിരിച്ചടിയാകുന്നത്. സുരക്ഷാ സൗകര്യങ്ങളില്ലാത്തതിനാല്‍ പത്തോളം പേരുടെ ജീവനാണ് ധോണി വെള്ളച്ചാട്ടത്തില്‍ വര്‍ഷങ്ങള്‍ക്കിടെ പൊലിഞ്ഞുപോയത്.
നിരവധി അപകടങ്ങള്‍ക്കു ശേഷം ഇപ്പോള്‍ വെള്ളച്ചാട്ടത്തിന്റെ കയത്തിനു സമീപം കൈവരികള്‍ സ്ഥാപിച്ചിട്ടുണ്ടെന്നതു മാത്രമാണ് ആശ്വാസം. അതേ സമയം സന്ദര്‍ശകരെ നിയന്ത്രിക്കാനും നിര്‍ദേശങ്ങള്‍ നല്‍കുവാനും ആവശ്യമായ ഗാര്‍ഡുമാരും ഇവിടെയില്ല. നീലിപ്പാറ ബംഗ്ലാവാണ് സന്ദര്‍ശകരുടെ മറ്റൊരു പ്രധാന ഇടം. നീലിപ്പാറ ബംഗ്ലാവിന്റെ ചുമരുകളോളമുള്ള കെട്ടിടഭാഗങ്ങളാണ് ഇപ്പോള്‍ ശേഷിക്കുന്നത്. കരിങ്കല്ലുകള്‍ കൊണ്ട് കെട്ടിയുയര്‍ത്തിയ ഈ ബംഗ്ലാവ് പാശ്ചാത്യ വാസ്തുവിദ്യയുടെ പ്രൗഢിയും വിളിച്ചറിയിക്കുന്നു. ഇവിടെ നിന്നു 15 കിലോമീറ്ററോളം വനത്തിലൂടെ പോയാല്‍ പാലമല ബംഗ്ലാവെന്ന പേരിലൊരു കെട്ടിടവും ഉണ്ടായിരുന്നു. കാലക്രമേണ ഇത് നശിച്ചു പോയി. മൂന്നാറിനു പുറമെ നീലക്കുറിഞ്ഞികള്‍ പൂക്കുന്ന ഇടംകൂടിയാണിത്. ഒരു കാലത്ത് വന നിബിഢതയുടെ മറവില്‍ കഞ്ചാവ് കൃഷിയും ഇവിടങ്ങളില്‍ വ്യാപകമായിരുന്നു.
ബ്രിട്ടീഷുകാരുടെ കാലഘട്ടത്ത് ധോണി മലനിരകളില്‍ നിന്നുള്ള തേക്കുതടികള്‍ കടത്തിക്കൊണ്ടു പോകുന്നതിനും സുഖവാസത്തിനുമായാണ് ബംഗ്ലാവ് ഉപയോഗിച്ചിരുന്നത്. റെയില്‍വേ സ്റ്റേഷനില്‍ നിന്നും ചുരുങ്ങിയ കിലോമീറ്ററുകള്‍ കൊണ്ട് ഇവിടെ എത്താമെന്നതായിരുന്നു പ്രധാന സൗകര്യം. ഇതിനാലാണ് ബ്രിട്ടീഷുകാര്‍ ഇവിടം താവളമാക്കിയത്. ഒലവക്കോട് റെയില്‍വേ സ്റ്റേഷന്‍ മുതല്‍ ധോണിവരെ നിലവിലുള്ള ഏഴുകിലോമീറ്റര്‍ വഴി സഞ്ചാരയോഗ്യമാണ്. അടുത്തകാലം വരെ ഈ വഴി ഫോറസ്റ്റിന്റെ കീഴിലായിരുന്നു. പിന്നീട് പി.ഡബ്ല്യു.ഡി ഏറ്റെടുത്തു.
ബസ് റൂട്ടുള്ള ഈ ഏഴുകിലോമീറ്റര്‍ പിന്നിട്ടാല്‍ വനാതിര്‍ത്തിയായി. ഇവിടെ നിന്നും മൂന്ന് കിലോമീറ്റര്‍ സഞ്ചരിച്ചാലേ നിരവിലെത്താറുള്ളൂ. ഇവിടെ നിന്ന് വലത്തോട്ട് 400 മീറ്ററോളം പോയാല്‍ നീലിപ്പാറ ബംഗ്ലാവിലെത്തും. ഇവിടെ നിന്നും ഒരു കിലോമീറ്റര്‍ കൂടി പോയാല്‍ ടൂറിസ്റ്റ് കേന്ദ്രമായ ധോണി വെള്ളച്ചാട്ടത്തിലെത്താം. ഈ മേഖലയില്‍ നിന്നും മൂന്നുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മലമ്പുഴ- കവ-എലിവാല്‍ റിങ് റോഡിലുമെത്തിച്ചേരാനുള്ള വഴിയുണ്ട്. എന്നാല്‍ തുടര്‍ സംരക്ഷണ നടപടികളെല്ലാം കാടുകടന്നതാണ് തിരിച്ചടിയായത്. നിലവില്‍ ധോണി ഫോറസ്റ്റ് ചെക്കുപോസ്റ്റില്‍ ആളുവീതം 20 രൂപയാണ് പ്രവേശനഫീസ്. മുന്‍കൂട്ടി അനുവാദം വാങ്ങിയാല്‍ വനത്തിലൂടെയുള്ള ജീപ്പുയാത്രയും അനുവദിച്ചിട്ടുണ്ട്. രാവിലെ 10 മുതല്‍ വൈകുന്നേരം മൂന്നു വരെയാണ് ഇതിന്റെ സമയം.
വെള്ളച്ചാട്ടം സന്ദര്‍ശിക്കുന്നവര്‍ക്ക് ഇത്തരത്തിലൊരു ബ്രിട്ടീഷ് ബംഗ്ലാവിന്റെ ശേഷിപ്പുകള്‍ ഇവിടെയുണ്ടെന്ന് അറിയില്ല. അധികൃതര്‍ക്കുപോലും അറിയില്ലെന്നതാണ് യാഥാര്‍ത്ഥ്യം. കെട്ടിടം മുന്‍കൂട്ടി സംരക്ഷിച്ചിരുന്നെങ്കില്‍ കെട്ടിടമാതൃകയും വാസ്തുവിദ്യാവിസ്മയവും സന്ദര്‍ശകര്‍ക്കും ആസ്വാദിക്കാനാവുമായിരുന്നു. കൂടാതെ വിനോദസഞ്ചാരികളുടെ പ്രവാഹത്തിനും വര്‍ധനവുണ്ടാകും. വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രം കൂടിയാണ് ധോണി വനമേഖല. വേനല്‍കാലത്ത് സന്ദര്‍ശകര്‍ക്ക് ഇവിടെ പ്രവേശനമില്ല. ജില്ലയില്‍ ഏറ്റവും ആദ്യവും കൂടുതലും മഴ ലഭിക്കുന്ന പ്രദേശം കൂടിയാണ് ധോണിമേഖല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."