യു.എ.ഇയിലും സഊദിയിലും 27 ലക്ഷത്തിലേറെ പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടമാകും
സ്വന്തം ലേഖകന്‍
കോഴിക്കോട്: കൊവിഡ് ഗള്‍ഫ് രാജ്യങ്ങളിലുണ്ടാക്കിയ സാമ്പത്തിക,വ്യാപാര മേഖലകളിലെ പ്രത്യാഘാതങ്ങള്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ളവരെ ഗുരുതരമായി ബാധിക്കുമെന്ന ആശങ്കകള്‍ക്ക് അടിവരയിട്ട് അന്വേഷണ റിപ്പോര്‍ട്ട്. ഗള്‍ഫ് മേഖലയില്‍ പ്രവാസി മലയാളികള്‍ ഏറെയുള്ള സഊദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങളില്‍ 27 ലക്ഷത്തിലേറെ പ്രവാസി തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന റിപ്പോര്‍ട്ടാണ് പുറത്തു വന്നത്.ആഗോള സാമ്പത്തിക അവലോകന വിദഗ്ധരായ ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സ് മിഡില്‍ ഈസ്റ്റിന്റെ റിപ്പോര്‍ട്ട് പ്രകാരം പുതിയ സാഹചര്യത്തില്‍ സഊദി അറേബ്യയില്‍ 17 ലക്ഷവും യു.എ.ഇയില്‍ ഒന്‍പത് ലക്ഷവും വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമാവും. ഗള്‍ഫ് മേഖലയില്‍ ജനസഖ്യയില്‍ പത്തു ശതമാനം വരേ കുറവ് സംഭവിക്കും. ഇതോടെ പ്രാദേശിക തൊഴില്‍ വിപണിയില്‍ നിന്നും പതിമൂന്ന് ശതമാനം വരേ വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമാവുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിദേശ തൊഴിലാളികളെ പ്രധാനമായും ആശ്രയിക്കുന്ന ദുര്‍ബല മേഖലകളിലായിരിക്കും ഏറ്റവും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാന്‍ സാധ്യതയുള്ളത്.വിദേശികളുടെ കൊഴിഞ്ഞു പോക്കുമൂലം സഊദിയിലും ഒമാനിലും നാല് ശതമാനം വീതവും യു.എ.ഇ യിലും ഖത്തറിലും പത്തുശതമാനവും ജനസംഖ്യയില്‍ കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.നിലവില്‍ ജോലി നഷ്ടമായവരും ഭാവിയില്‍ തൊഴില്‍ നഷ്ടപ്പെടുന്നവരുമായ പ്രവാസികള്‍ ഗള്‍ഫ് രാജ്യങ്ങള്‍ വിട്ടുപോകുന്നത് വിവിധ മേഖലകളില്‍ കടുത്ത പ്രത്യാഘാതങ്ങളുണ്ടാക്കും. രാജ്യാന്തര വിമാന സര്‍വിസുകള്‍ സാധാരണ നിലയിലായാല്‍ മാത്രമേ ആഘാതത്തിന്റെ കൃത്യമായ തോതും കൊഴിഞ്ഞുപോക്കും മനസിലാക്കാന്‍ കഴിയൂ എന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
പ്രവാസികളുടെ നാട്ടിലേക്കുള്ള വന്‍തോതിലുള്ള മടക്കം ഗള്‍ഫ് രാജ്യങ്ങളിലെ ജനസംഖ്യയില്‍ ഗണ്യമായ ഇടിവുണ്ടാകുമെന്നും ഇതിന്റെ പ്രത്യാഘാതങ്ങള്‍ ദീര്‍ഘകാലം നീണ്ടു പോയേക്കുമെന്നും ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സ് മിഡില്‍ ഈസ്റ്റിലെ മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞന്‍ സ്‌കോട്ട് ലിവര്‍മോര്‍ വ്യക്തമാക്കി. എണ്ണ വില കുറഞ്ഞതും ലോക്ക് ഡൗണ്‍ മൂലമുണ്ടായ സാമ്പത്തിക മാന്ദ്യവുമാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തല്‍.പ്രവാസികളുടെ പലായനം
മൂലം തൊഴില്‍ മേഖലകളില്‍ ആവശ്യത്തിന് തൊഴിലാളികളെ കിട്ടാത്ത സാഹചര്യം രൂക്ഷമാകും. പ്രവാസി മലയാളികള്‍ കൂട്ടത്തോടെ തിരിച്ചുവരുന്നത് കേരളത്തിന്റെ സമ്പദ്ഘടനയിലും തൊഴില്‍ മേഖലയിലും പ്രവചനാതീതമായ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. യു.എ.ഇയില്‍ മാത്രം 9 ലക്ഷത്തോളം മലയാളി പ്രവാസികളുണ്ടെന്നാണ് കണക്ക്. സഊദിയില്‍ അഞ്ചര ലക്ഷവും. 2019-20 ലെ കേരളത്തിന്റെ മൊത്തം പ്രവാസി നിക്ഷേപം 1.90 ലക്ഷം കോടി രൂപയാണ്. സംസ്ഥാനത്തെ ബാങ്കുകളുടെ മൊത്തം നിക്ഷേപത്തിന്റെ 39 ശതമാനവും പ്രവാസികളുടെതാണ്.
കൂട്ടത്തോടെ പ്രവാസികള്‍ നാട്ടിലേക്ക് തിരിക്കുന്നതോടെ സംസ്ഥാനത്തിന്റെ സാമ്പത്തിക അവസ്ഥയും സാമൂഹിക അവസ്ഥയും എന്തായിത്തീരുമെന്ന് കണ്ടറിയണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."