ഇന്തോനേഷ്യയില്‍ വെള്ളപ്പൊക്കം: 60 മരണം
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലുംമൂലം മരിച്ചവരുടെ എണ്ണം 60 ആയി. രാജ്യത്തിന്റെ കിഴക്കന്‍ പ്രവിശ്യയായ പപുവയിലാണ് പ്രകൃതിദുരന്തം ഉണ്ടായത്. നിരവധി പേര് ആശുപത്രിയിലാണ്. 4,000 ത്തോളം പേരെ ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറ്റി. പപുവ തലസ്ഥാനമായ ജയപുരയില്‍ ദിവസങ്ങളായി ശക്തമായ മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. ഇവിടെ നൂറുകണക്കിനു വീടുകള്‍ ഭാഗികമായോ പൂര്‍ണമായോ വെള്ളത്തിനടിയിലായി.
കനത്ത മഴക്കൊടുവില്‍ ഉരുള്‍പൊട്ടല്‍ കൂടി ഉണ്ടായതോടെയാണ് ദുരന്തം ഇരട്ടിയായത്. സൈന്യവും ദ്രുതകര്‍മസേനയും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി പങ്കെടുക്കുന്നതായി പപുവ സൈനിക വക്താവ് മുഹമ്മദ് ഐദി പറഞ്ഞു. വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും കാരണം റോഡുകളും പാലങ്ങളും തകര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തിനു തടസം നില്ക്കുന്നതിനാല് മരണസംഖ്യ ഇനിയും കൂടിയേക്കുമെന്നും അദ്ദേഹം അറിയിച്ചു. പപുവയില് രണ്ടാഴ്ചത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."