സട കുടഞ്ഞ് സ്വീഡന്‍
എക്കാത്തറിങ് അരീന: നിര്‍ണായക മത്സരത്തില്‍ മെക്‌സിക്കോയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി സ്വീഡന്‍ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ആവേശകരമായ മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്. ജയത്തോടെ ആറ് പോയിന്റുമായി ഒന്നാം സ്ഥാനക്കാരായാണ് സ്വീഡന്‍ പ്രീക്വാര്‍ട്ടറില്‍ കടന്നത്. തോറ്റെങ്കിലും ആറ് പോയിന്റുള്ള മെക്‌സിക്കോയും രണ്ടാം സ്ഥാനക്കാരായി പ്രീക്വാര്‍ട്ടറില്‍ കടന്നു. ഗോള്‍ വ്യത്യാസത്തിലാണ് സ്വീഡന്‍ ഒന്നാമതെത്തിയത്
.
സ്വീഡന് വേണ്ടി ലുഡ്‌വിങ് ഓഗസ്റ്റിന്‍സണ്‍ (50), ആന്‍ഡ്രിയാസ് ഗ്രാന്‍ഗ്വിസ്റ്റ് (62, പെനാല്‍റ്റി) ഗോള്‍ നേടിയപ്പോള്‍ മെക്‌സിക്കോ താരം എഡ്‌സണ്‍ ആല്‍വാരെസ് സെല്‍ഫ് ഗോളിലൂടെ ലീഡ് മൂന്നാക്കി. കളിയുടെ 15ാം സെക്കന്‍ഡില്‍ തന്നെ മെക്‌സിക്കോ താരം ഗല്ലാര്‍ഡോ മഞ്ഞക്കാര്‍ഡ് വാങ്ങി പുതിയ റെക്കോര്‍ഡിട്ടു. മികച്ച ആക്രമണ ഫുട്‌ബോള്‍ കണ്ട ആദ്യ പകുതിയില്‍ ഇരു കൂട്ടരും നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. കൗണ്ടര്‍ അറ്റാക്കിങിലൂടെ മെക്‌സിക്കോയായിരുന്നു തുടക്കത്തില്‍ മികച്ചു നിന്നത്. പതുക്കെ മത്സരം തിരിച്ചുപിടിച്ച സ്വീഡന്‍ മെക്‌സിക്കോ ഗോള്‍മുഖം ആക്രമിച്ചു. മെക്‌സിക്കോ ഗോള്‍ കീപ്പര്‍ ഒച്ചോവയുടെ മികച്ച പ്രകടനമാണ് പലപ്പോഴും അവരെ രക്ഷിച്ചത്. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം 50ാം മിനുട്ടില്‍ അഗസ്റ്റിന്‍സണിലൂടെ സ്വീഡന്‍ ആദ്യ ഗോള്‍ നേടി. മെക്‌സിക്കോ ബോക്‌സിലേക്ക് വന്ന പന്ത് സ്വീഡന്‍ ക്ലാസന്‍ ഗോളിലേക്ക് തൊടുത്തെങ്കിലും പന്ത് ലക്ഷ്യം തെറ്റി അഗസ്റ്റിന്‍സണിന്റെ കാലിലെത്തി. ഇടതു കാല്‍ കൊണ്ട് ഒരു മികച്ച വോളിയിലൂടെ താരം പന്ത് വലയിലാക്കി. അഗസ്റ്റിന്‍സണിന്റെ സ്വീഡന് വേണ്ടിയുള്ള ആദ്യ ഗോള്‍ കൂടിയായിരുന്നു ഇത്. 62ാം മിനുട്ടില്‍ സ്വീഡന്‍ രണ്ടാമത്തെ ഗോളും നേടി.
ബെര്‍ഗിനെ പെനാല്‍റ്റി ബോക്‌സില്‍ മൊറേനോ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ഗോളാക്കി ഗ്രാന്‍ക്വിസ്റ്റ് ആണ് സ്വീഡന്റെ ലീഡ് ഇരട്ടിയാക്കിയത്. തുടര്‍ന്ന് 74ാം മിനുട്ടില്‍ സെല്‍ഫ് ഗോളിലൂടെ സ്വീഡന്‍ ലീഡ് മൂന്നാക്കി ഉയര്‍ത്തി. ബോക്‌സിലെത്തിയ പന്ത് ക്ലിയര്‍ ചെയ്യുന്നതിനിടെ മെക്‌സിക്കോ താരം അല്‍വാരസിന്റെ കൈയില്‍ തട്ടി പന്ത് വലയില്‍ കയറുകയായിരുന്നു. ജൂലൈ മൂന്നിന് നടക്കുന്ന മത്സരത്തില്‍ ഗ്രൂപ്പ് ഇയിലെ രണ്ടാം സ്ഥാനക്കാരാണ് സ്വീഡന്റെ എതിരാളികള്‍.
ഗോള്‍ വന്ന വഴി
- 50ാം മിനുട്ടില്‍ അഗസ്റ്റിന്‍സണ്‍ ഇടതു കാല്‍ കൊണ്ട് ഒരു മികച്ച വോളിയിലൂടെ പന്ത് വലയിലാക്കി.
- 62ാം മിനുട്ടില്‍ ബെര്‍ഗിനെ പെനാല്‍റ്റി ബോക്‌സില്‍ മൊറേനോ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ഗ്രാന്‍ക്വിസ്റ്റ് വലയിലെത്തിച്ചു.
- 74ാം മിനുട്ടില്‍ ബോക്‌സിലെത്തിയ പന്ത് ക്ലിയര്‍ ചെയ്യുന്നതിനിടെ മെക്‌സിക്കോ താരം അല്‍വാരസിന്റെ കൈയില്‍ തട്ടി പന്ത് വലയില്‍ കയറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."