യു.എസ് ശീതയുദ്ധത്തിനു നിര്‍ബന്ധിക്കുന്നതായി ചൈന
ബെയ്ജിങ്: യു.എസ് ചൈനയെ ശീതയുദ്ധത്തിന്റെ വക്കിലേക്ക് നീങ്ങാന്‍ നിര്‍ബന്ധിക്കുകയാണെന്നും ഈ നീക്കം ഉപേക്ഷിക്കണമെന്നും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി. അമേരിക്കയിലെ ചില രാഷ്ട്രീയശക്തികള്‍ ഇരു രാജ്യങ്ങളെയും ഒരു ശീതയുദ്ധത്തിന്റെ വക്കിലേക്ക് തള്ളിവിടാന്‍ ശ്രമം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
ചൈനയെ മാറ്റാനാണ് യു.എസ് ശ്രമിക്കുന്നത്. ചൈനക്ക് മാറാന്‍ ഉദ്ദശ്യമില്ല. പകരം യു.എസിനെ മാറ്റത്തിന് വിധേയമാക്കുന്നതാണ് നല്ലത്. കൊവിഡ് വരുത്തിവെച്ച നഷ്ടത്തിന് പുറമേ അമേരിക്ക വഴി ഒരു രാഷ്ട്രീയ വൈറസ് പടര്‍ന്നുപിടിക്കുന്നുണ്ടെന്നും വാങ് യി കൂട്ടിച്ചേര്‍ത്തു.
ഇരുരാജ്യങ്ങള്‍ക്കിടയില്‍ വ്യാപാരം, മനുഷ്യാവകാശം തുടങ്ങി നിരവധി വിഷയങ്ങളില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ചൈനയുമായുള്ള വ്യാപാര കരാര്‍ പുതുക്കാന്‍ താല്‍പര്യമില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈയിടെ പറഞ്ഞിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ പേരിലും ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. ചൈന അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരെ പുറത്താക്കുകയും ഇതിന് പിന്നാലെ അമേരിക്കയിലേക്ക് ചൈനയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള പ്രവേശനത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
കൊവിഡിന് പിന്നില്‍ ചൈനയാണെന്ന് ട്രംപ് ആരോപണം ഉന്നയിച്ചിരുന്നു. ട്രംപിന്റെ ആരോപണത്തിന് പിന്നാലെ 'വണ്‍സ് അപ്പോണ്‍ എ വൈറസ്' എന്ന പേരില്‍ അമേരിക്കയെ പരിഹസിച്ച് ചൈന ഒരു അനിമേഷന്‍ വിഡിയോ ഇറക്കിയിരുന്നു.
നിലവില്‍ ഹോങ്കോങിന്റെ പേരിലാണ് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ തര്‍ക്കം നടക്കുന്നത്. ഹോങ്കോങില്‍ പുതിയ സുരക്ഷാനിയമം ഏര്‍പ്പെടുത്താനുള്ള ചൈനയുടെനീക്കത്തിനെതിരേ അമേരിക്ക രംഗത്തുവന്നിരുന്നു.
ഇതു ചൂണ്ടിക്കാട്ടി ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ശീതസമരം ഇതിനകം ആരംഭിച്ചതായി കഴിഞ്ഞയാഴ്ച ഫോക്‌സ് ബിസിനസ് അവതാരകന്‍ സ്റ്റിയുവെര്‍ട്ട് വെര്‍മി പറഞ്ഞിരുന്നു. ഹോങ്കോങ്ങിന്റെ സ്വയംഭരണം സംരക്ഷിക്കുന്നതിനായി അമേരിക്ക ഒരു നിയമം കൊണ്ടുവന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."