യു.എസില്‍ കൊവിഡ് മരണം ലക്ഷത്തിലേക്ക്
വാഷിങ്ടണ്‍: കഴിഞ്ഞ 24 മണിക്കൂറിനിടെ 638 പേര്‍ കൂടി മരിച്ചതോടെ യു.എസില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക്. വേള്‍ഡ് മീറ്റേഴ്‌സ് റിപ്പോര്‍ട്ട് പ്രകാരം 99,348ലെത്തി നില്‍ക്കുകയാണ് യു.എസിലെ മരണം. രോഗബാധിതരുടെ എണ്ണം 16,88,709 ആയി ഉയര്‍ന്നിട്ടുമുണ്ട്.
അതിനിടെ പ്രമുഖ അമേരിക്കന്‍ പത്രമായ ന്യൂയോര്‍ക്ക് ടൈംസ് ആദ്യ പേജ് കൊവിഡ് ബാധിച്ച് മരിച്ചവര്‍ക്കായി മാറ്റിവച്ചു. ഞായറാഴ്ചത്തെ ന്യൂയോര്‍ക്ക് ടൈംസിന്റെ ഒന്നാംപേജ് മുഴുവനും കൊവിഡില്‍ മരണപ്പെട്ടവരുടെ പേരുവിവരങ്ങളാണ്.
മരണം ഒരു ലക്ഷത്തിലേക്ക് കടന്നതിന്റെ പ്രാധാന്യം ആളുകള്‍ക്ക് മനസിലാക്കിക്കൊടുക്കാനാണ് പത്രം ഇത്തരത്തിലൊരു വ്യത്യസ്തത ഒരുക്കിയത്. ഗ്രാഫിക്‌സും ചിത്രങ്ങളും ഉപയോഗിച്ച് സമ്പന്നമാക്കാറുള്ള ആദ്യ പേജ് ഒരു വേര്‍പാടു പട്ടികയാക്കി മാറ്റി എഡിറ്റോറിയല്‍ വിഭാഗം.
'യു.എസിലെ മരണങ്ങള്‍ 1,00,000ത്തിന് അടുത്ത്; കണക്കാക്കാന്‍ സാധിക്കാത്ത നഷ്ടം' എന്നായിരുന്നു ഞായറാഴ്ചയിലെ ഒന്നാംപേജ് തലക്കെട്ട്. അതിനുള്ളില്‍ കൊടുത്തത് മരണപ്പെട്ടവരുടെ പേരുവിവരങ്ങള്‍ മാത്രം. ഈ 1,000 പേരുകള്‍ മരണപ്പെട്ടവരില്‍ ഒരു ശതമാനത്തെ മാത്രമാണ് പ്രതിഫലിപ്പിക്കുന്നത്.
ഇവ സംഖ്യകള്‍ മാത്രമല്ലെന്നും പത്രത്തിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ വ്യക്തമാക്കുന്നു. നൂറുവര്‍ഷങ്ങള്‍ക്കു ശേഷം ആളുകള്‍ പിന്നോട്ടു നോക്കുമ്പോള്‍ ഈ മരണനിരക്കിനെ കുറിച്ച് ഓര്‍ക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നതായി ന്യൂയോര്‍ക്ക് ടൈംസ് ദേശീയ എഡിറ്റര്‍ മാര്‍ക് ലാസി പറഞ്ഞു.
ലേഖനങ്ങള്‍, ഫോട്ടോഗ്രാഫുകള്‍, ഗ്രാഫിക്‌സ് എന്നിവയുടെ സ്ഥാനത്ത് മരണപ്പെട്ടവരുടെ പട്ടിക മാത്രം കൊടുത്തത് നഷ്ടപ്പെട്ട മനുഷ്യരുടെ ജീവിതത്തിന്റെ പരപ്പും വൈവിധ്യവും അറിയിക്കാനുള്ള ശ്രമമായാണെന്ന് പത്രത്തിന്റെ ഗ്രാഫിക്‌സ് ഡെസ്‌ക് അസിസ്റ്റന്റ് എഡിറ്റര്‍ സിമോണ്‍ ലാന്‍ഡണ്‍ പറഞ്ഞു.
40 വര്‍ഷത്തിനിടയ്ക്ക് ഇങ്ങനെ ചിത്രങ്ങള്‍ ഇല്ലാത്ത പത്രമുണ്ടായത് തന്റെ ഓര്‍മയിലില്ലെന്നും ഗ്രാഫിക്‌സ് മാത്രമുള്ള പേജുകള്‍ കണ്ടിട്ടുണ്ടെന്നും ചീഫ് ക്രിയേറ്റീവ് ഓഫിസര്‍ ടോം ബോഡ്കിന്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."