സരസ് മേള 13 മുതല്‍; നാടൊരുങ്ങി
കോട്ടയം: കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ കീഴില്‍ സംസ്ഥാന ഗ്രാമവികസന വകുപ്പും കോട്ടയം ജില്ലാ പഞ്ചായത്തും സംയുക്തമായി ആഗസ്ത് 13 മുതല്‍ 26 വരെ സംഘടിപ്പിക്കുന്ന 'സരസ്' ദേശീയ വിപണന മേളയ്ക്ക് നാടൊരുങ്ങി. മേളയുടെ ഉദ്ഘാടനം 13ന് വൈകുന്നേരം അഞ്ചിന് ഗ്രാമവികസന വകുപ്പ്് മന്ത്രി കെ.സി. ജോസഫ് നിര്‍വഹിക്കും. വനം ഗതാഗത വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. എം.പിമാര്‍, എം.എല്‍.എമാര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഉദ്ഘാടനച്ചടങ്ങിന് മുന്നോടിയായി വൈകുന്നേരം 3.30ന് നഗരിയുണര്‍ത്തല്‍ പരിപാടി ആരംഭിക്കും. ചെണ്ടമേളം, ബാന്റ് മേളം, മുത്തുക്കുടകള്‍, മയൂരനൃത്തം, കരകാട്ടം, ശിങ്കാരിമേളം തുടങ്ങിയവയുടെ അകമ്പടിയോടെ മണര്‍കാട് കവലയില്‍ നിന്ന് ആരംഭിക്കുന്ന വിളംബര ഘോഷയാത്ര മേള നടക്കുന്ന സെന്റ് മേരീസ് പള്ളി മൈതാനിയില്‍ സമാപിക്കും. എല്ലാ ദിവസവും രാവിലെ ഒമ്പതു മുതല്‍ രാത്രി എട്ടു വരെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഗ്രാമീണ ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പനയും ഉണ്ടായിരിക്കും.
വൈകുന്നേരങ്ങളില്‍ ആറു മുതല്‍ മിമിക്‌സ് ഷോ, നൃത്തസന്ധ്യ, കോല്‍ക്കളി, കഥകളി, ചാക്യാര്‍കൂത്ത്, ഗാനമേള, വയലിന്‍ കച്ചേരി, സര്‍ഗസംഗീതം, നാടന്‍പാട്ടും ദൃശ്യവിഷ്‌കരണവും, വേലകളി, സിനിമാറ്റിക്‌സ് ഡാന്‍സ്, കളരിപ്പയറ്റ്, പടയണി, കവിതാ സായാഹ്നം, ഓട്ടന്‍തുള്ളല്‍ തുടങ്ങി പ്രശസ്തര്‍ അവതരിപ്പിക്കുന്ന കലാവിരുന്ന് അരങ്ങേറും. ആഗസ്ത് 15ന് രാവിലെ 8.30ന് പതാക ഉയര്‍ത്തലോടെ മേള ആരംഭിക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ധനകാര്യ-നിയമ വകുപ്പ് മന്ത്രി കെ.എം.മാണി, ഗതാഗത വകുപ്പു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ വൈകുന്നേരം അഞ്ചിന് ഫ്രീഡം ഫെസ്റ്റ് നടക്കും. ആഗസ്ത് 19ന് ജില്ലയിലെ ബ്ലോക്കു പഞ്ചായത്തുകളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുക്കുന്ന അത്തപ്പൂക്കള മത്സരം നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."